KeralaNEWS

സി.പി.എം- ബി.ജെ.പി കൂട്ടുകെട്ട്, സുരേന്ദ്രനെതിരെ പ്രതിഷേധം; ബി.ജെപി പ്രവര്‍ത്തകർ ജില്ലാ കമ്മിറ്റി ഓഫീസ് താഴിട്ട് പൂട്ടി

കാസർഗോഡ്: ജില്ലാകമ്മിറ്റി ഓഫീസ് ഉപരോധിച്ച് ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രതിഷേധം. പ്രവര്‍ത്തകര്‍ ഓഫീസ് താഴിട്ടുപൂട്ടി. കുമ്പള പഞ്ചായത്തിലെ സ്റ്റാന്‍ഡിങ് കമ്മിറ്റി സ്ഥാനം സി.പി.എം അംഗത്തിന് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് ഉപരോധം. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ നേരിട്ടെത്തി ചര്‍ച്ച നടത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

കുമ്പള പഞ്ചായത്തിലെ സി.പി.എം കൂട്ടുകെട്ട് അവസാനിപ്പിച്ച് സംസ്ഥാന നേതൃത്വം മാപ്പ് പറയണം. കെ സുരേന്ദ്രന് എതിരെ ഉള്‍പ്പെടെ മുദ്രാവാക്യം വിളിച്ചാണ് പ്രവര്‍ത്തകരുടെ പ്രതിഷേധം. കുമ്പള പഞ്ചായത്തിലെ സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും സി.പി.എമ്മും ഒത്തുകളിച്ചെന്നാണ് പ്രവര്‍ത്തകരുടെ ആരോപണം.

Signature-ad

കുമ്പള സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളായ സുരേഷ് കുമാര്‍ ഷെട്ടി, ശ്രീകാന്ത്, മണികണ്ഠ റേ എന്നിവര്‍ സി.പി.എമ്മുമായി ഒത്തുകളിച്ചു. ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറായില്ല. പകരം ഇവര്‍ക്ക് പാര്‍ട്ടിയില്‍ ഉന്നത സ്ഥാനങ്ങള്‍ നല്‍കുകയാണ് ചെയ്തത്.

വിഷയത്തില്‍ സംസ്ഥാന അധ്യക്ഷൻ ഉള്‍പ്പെടെയുള്ളവർക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നും പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
കെ സുരേന്ദ്രന്‍ കാസര്‍ഗോഡ് ജില്ലയില്‍ ഇന്ന് സന്ദര്‍ശനം നടത്തുമെന്ന് അറിയിച്ചിരുന്ന സാഹചര്യത്തില്‍ കൂടിയാണ് പ്രതിഷേധം. എന്നാല്‍ സുരേന്ദ്രന്‍ ഇതുവരെ കാസര്‍ഗോഡ് എത്തിയിട്ടില്ല. സുരേന്ദ്രന്‍ നേരിട്ട് എത്തി തങ്ങളോട് ചര്‍ച്ച നടത്തണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു. വിഷയം ചൂണ്ടിക്കാട്ടി പാര്‍ട്ടി ദേശീയ നേതൃത്വത്തെ സമീപിക്കുമെന്നും പ്രവര്‍ത്തകര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഒരു വര്‍ഷം മുന്‍പ് നടന്ന സംഭവത്തില്‍ പ്രാദേശിക തലം മുതല്‍ സംസ്ഥാന നേതൃത്വത്തിന് വരെ പരാതി നല്‍കിയിരുന്നു. ഇതില്‍ ഒരു നടപടിയും കൈക്കൊള്ളത്തതില്‍ പ്രതിഷേധിച്ചാണ് നൂറിലധികം പ്രവര്‍ത്തകര്‍ സംഘടിച്ച് എത്തിയത്. കഴിഞ്ഞ ദിവസം ബിജെപിയുടെ ജില്ലാ വൈസ് പ്രസിഡന്റും കാസര്‍കോട് നഗരസഭാ കൗണ്‍സിലറുമായ പി. രമേശന്‍ സ്ഥാനം രാജിവെച്ചിരുന്നു.
ഇതെല്ലാം പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണ്.
കൊലപാതക കേസില്‍ പ്രതിയായ സി.പി.എം നേതാവ് കൊഗ്ഗുവിനെ അയോഗ്യനാക്കണമെന്ന് കാണിട്ട് ബിജെപി നേതാവ് സുരേഷ് ഷെട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.
എന്തായാലും വിഷയത്തില്‍ വലിയ പ്രതിഷേധവും അസ്വാരസ്യവും നിലനിന്നിരുന്നതാണ് ഇപ്പോള്‍ ജില്ലാ കമ്മിറ്റി ഓഫീസ് താഴിട്ട് പൂട്ടുന്നതിലേക്ക് എത്തിച്ചത്.
സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ വാക്കുപാലിക്കണമെന്നും നീതി നടപ്പിലാക്കണമെന്നുമാണ് പ്രവര്‍ത്തകരുടെ ആവശ്യം. ഇക്കാര്യം അവര്‍ മുദ്രാവാക്യമായി ഉന്നയിക്കുന്നുണ്ട്. പാര്‍ട്ടി നടപടിയെടുത്താലും പ്രശ്‌നമല്ലെന്നും ഒത്തുകളിച്ച സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ രാജിവെക്കണമെന്നും ഇതിന് വ്യാഴാഴ്ച വരെ സമയം നല്‍കുമെന്നും പ്രവര്‍ത്തകര്‍ പറയുന്നു. തീരുമാനമായില്ലെങ്കില്‍ നേതാക്കളുടെ വീടുകളിലേക്കായിരിക്കും അടുത്ത മാര്‍ച്ചെന്നും പ്രവര്‍ത്തകര്‍ പറയുന്നു.

Back to top button
error: