റണ്‍വേയ്ക്ക് നീളം പോരാ; നിര്‍ദ്ദിഷ്ട ശബരിമല വിമാനത്താവളത്തിന്റെ പുതിയ റണ്‍വേക്കായി സര്‍വേ
കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിക്കുന്നതിനും നീളക്കുറവു പ്രശ്‌നമായേക്കാം. ഈ സാഹചര്യത്തിലാണ് ചെറുവള്ളി എസ്റ്റേറ്റില്‍ വീണ്ടും സര്‍വേ നടത്തുന്നത്.
പത്തനംതിട്ട: ചെറുവള്ളി എസ്റ്റേറ്റില്‍ ശബരിമല വിമാനത്താവളത്തിനായി നിശ്ചയിച്ച റണ്‍വേക്ക് നീളം പോരാ. റണ്‍വേയ്ക്ക് കൂടുതല്‍ നീളമുള്ള പ്രദേശം കണ്ടെത്തുന്നതിനായി ചെറുവള്ളി എസ്റ്റേറ്റില്‍ ‘ഒബസ്റ്റക്കിള്‍ ലിമിറ്റേഷന്‍ സര്‍ഫസ്’ സര്‍വേ (ഒഎല്‍എസ്) ആരംഭിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിക്കുന്നതിനും നീളക്കുറവു പ്രശ്‌നമായേക്കാം. ഈ സാഹചര്യത്തിലാണ് ചെറുവള്ളി എസ്റ്റേറ്റില്‍ വീണ്ടും സര്‍വേ നടത്തുന്നത്.
നേരത്തെ ലൂയി ബഗ്ര്‍ ഡ്രോണ്‍ സര്‍വേ നടത്തി ഭൂമി അനുയോജ്യമാണെന്നു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് സ്‌പെഷല്‍ ഓഫിസര്‍ വി.തുളസീദാസിന്റെ നേതൃത്വത്തില്‍ നടത്തിയ വിലയിരുത്തല്‍ യോഗത്തിലാണ് റണ്‍വേയുടെ നീളം സംബന്ധിച്ചു സംശയം ഉയര്‍ന്നത്. ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങള്‍ക്കു വേണ്ടി ഒഎല്‍എസ് സര്‍വേ നടത്തിയത് ജിയോഐഡിയാണ്. ചുരുങ്ങിയത് 3.5 കിലോമീറ്റര്‍ നീളമുള്ള രണ്ടോ മൂന്നോ പ്രദേശങ്ങള്‍ കണ്ടെത്താന്‍ ജിയോഐഡിക്ക് നിര്‍ദേശം നല്‍കിയതായി വി.തുളസീദാസ് പറഞ്ഞു. വിമാനത്താവളത്തിന്റെ അനുമതിക്കായി കേരളം സമര്‍പ്പിച്ച അപേക്ഷ ഏതാനും മാസം മുന്‍പ് സാങ്കേതിക കാരണങ്ങള്‍ ഉന്നയിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയം നിരസിച്ചിരുന്നു.
വിമാനങ്ങള്‍ക്ക് സുരക്ഷിതമായി ലാന്‍ഡ് ചെയ്യാനും ടേക്ക് ഓഫ് ചെയ്യാനും തടസ്സമാകുന്ന വസ്തുക്കള്‍ ഉണ്ടോ എന്നാണ് ഒഎല്‍എസ് സര്‍വേയില്‍ കണ്ടെത്തുന്നത്. കണ്‍സല്‍റ്റിങ് ഏജന്‍സിയായ ലൂയി ബഗ്‌റുടെ നിര്‍ദേശപ്രകാരം ചെന്നൈയിലെ ‘ജിയോഐഡി’ കണ്‍സല്‍റ്റിങ് ഏജന്‍സിയാണ് ഒഎല്‍എസ് സര്‍വേ നടത്തുന്നത്. പ്രാഥമിക രൂപരേഖയില്‍ 2.7 കിലോമീറ്റര്‍ നീളമുള്ള സ്ഥലമാണ് റണ്‍വേക്കായി കണ്ടെത്തിയത്. നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളുടെ റണ്‍വേക്ക് 3.4 കിലോമീറ്റര്‍ നീളമുണ്ട്. കണ്ണൂര്‍ വിമാനത്താവള റണ്‍വേയുടെ നീളം 3.05 കിലോമീറ്റര്‍. ആവശ്യമെങ്കില്‍ 4 കിലോമീറ്ററാക്കാന്‍ കണ്ണൂരില്‍ സ്ഥലവുമുണ്ട്. റണ്‍വേയുടെ നീളം 2.7 കിലോമീറ്ററില്‍ നിര്‍ത്തുന്നത് ശബരിമല വിമാനത്താവളത്തിന്റെ ഭാവി വികസനത്തെ ദോഷകരമായി ബാധിക്കുമെന്ന് അഭിപ്രായം ഉയര്‍ന്നു.