KeralaNEWS

മെഡിക്കൽ സ്റ്റോറുകളെ മറന്നേക്കൂ; ചുമയ്ക്ക് പരിഹാരം വീട്ടിൽ തന്നെ 

ചുമ വന്നാൽ പിന്നെ വിട്ടുമാറാൻ നല്ല പ്രയാസമാണ്.തുടർച്ചയായ ചുമ മൂലമുള്ള അസ്വസ്ഥത നമ്മുടെ പ്രവർത്തനങ്ങളെയും ബാധിക്കും. പനിയോടൊപ്പം മാത്രമല്ല, ചുമ വരാറുള്ളത്. കാലാവസ്ഥയിലെ മാറ്റവും അലർജിയും മലിനീകരണവുമെല്ലാം ചുമയ്ക്കുള്ള കാരണങ്ങളാണ്.
വലിയ അപകടകരമല്ലാത്ത ചുമ ദിവസങ്ങൾ കടക്കുന്തോറും പതിയെ പതിയെ കുറയുകയാണ് ചെയ്യുന്നത്. എന്നാൽ ചുമ വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയാണെങ്കിൽ, വളരെ പെട്ടെന്ന് തന്നെ തുരത്തേണ്ടതും അത്യാവശ്യമാണ്. ചുമയിൽ നിന്ന് പെട്ടെന്ന് ആശ്വാസം കണ്ടെത്താൻ വീട്ടിലുള്ള ഏതാനും ഔഷധമൂല്യങ്ങളുള്ള സാധനങ്ങൾ മതി. ഇത്തരത്തിലുള്ള 7 ഒറ്റമൂലികൾ പരിചയപ്പെടാം.
മനംപുരട്ടൽ, ജലദോഷം, പനി, ചുമ തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങളിൽ നിന്ന് ഇഞ്ചി ഒരു മോചനമാണ്. ചുമയ്ക്ക് ഇഞ്ചിയിട്ട ചായ ഇടയ്ക്കിടെ കുടിക്കുന്നതും ഭക്ഷണത്തിൽ ഇഞ്ചി ചേർക്കുന്നതും മികച്ച ഫലം തരും. ഇതിലടങ്ങിയിട്ടുള്ള ഒരു രാസ സംയുക്തമാണ് ചുമയ്ക്ക് ശമനമാകുന്നത്. ആസ്ത്മയിലേക്ക് നയിക്കുന്ന ശ്വാസതടസ്സങ്ങൾക്കും ഇഞ്ചി ഒരു പരിഹാരമാണെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
ഭക്ഷണപദാർഥങ്ങളിലും കൂടാതെ അച്ചാറിട്ടും വെളുത്തുള്ളി നമ്മുടെ ആഹാരത്തിലേക്ക് ഉൾപ്പെടുത്താം. ആൻറിവൈറൽ, ആൻറി ബാക്ടീരിയൽ, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ധാരാളമായി അടങ്ങിയിട്ടുള്ള വെളുത്തുള്ളി ചുമയ്ക്കും ഫലപ്രദമാണ്. പതിവായി വെളുത്തുള്ളി കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കുന്നു.
രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ഇത് നല്ലതാണ്. വെളുത്തുള്ളിയുടെ ഒരു അല്ലി അരിഞ്ഞ് വറുത്ത് ഒരു സ്പൂൺ തേനിനൊപ്പം ചേർത്ത് രാത്രി ഉറങ്ങുന്നതിന് മുൻപ് കഴിയ്ക്കുക. അതുമല്ലെങ്കിൽ നെയ്യിൽ വറുത്തെടുത്ത് ഭക്ഷണത്തിലേക്ക് ചേർത്ത് കഴിയ്ക്കുന്നതും മികച്ച ഫലം തരും.
ചുമയ്ക്ക് അത്യുത്തമമാണ് തേൻ. ഇതിലടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകൾ, ആന്റി മൈക്രോബയൽ, ആൻറി-ഇൻഫ്ലമേറ്ററി സവിശേഷതകൾ തൊണ്ടവേദനക്കെതിരെ പ്രവർത്തിക്കും. എങ്കിലും ഒരു വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങൾക്ക് തേൻ നൽകരുത്. കാരണം ഇത് ചില സാഹചര്യങ്ങളിൽ കുഞ്ഞുങ്ങളിൽ ഇൻഫന്റ് ബോട്ടുലിസം എന്ന പ്രശ്നത്തിലേക്ക് നയിച്ചേക്കാം. ഇഞ്ചിയ്ക്കും വെളുത്തുള്ളിയ്ക്കുമൊപ്പം തേൻ ചേർത്ത് കഴിയ്ക്കാം. അതുമല്ലെങ്കിൽ, ഔഷധ ചായയിലോ ചെറുചൂടുള്ള വെള്ളത്തിലോ രണ്ട് ടീസ്പൂൺ തേൻ കലർത്തി ദിവസേന രണ്ട് തവണ കഴിയ്ക്കുന്നതും നല്ലതാണ്.
സുഗന്ധവ്യഞ്ജനങ്ങളിൽ പേരുകേട്ട മഞ്ഞളിലെ കുർക്കുമിൻ ആരോഗ്യത്തിന് പലതരത്തിൽ പ്രയോജനകരമാണ്. നൂറ്റാണ്ടുകളായി ആയുർവേദ ശ്വസന പ്രശ്നങ്ങൾ ചികിത്സിക്കുന്നതിനും ചുമയ്ക്ക് ഒറ്റമൂലിയായും ഉപയോഗിച്ചുവരുന്നു. ചെറു ചൂടുള്ള ഒരു ഗ്ലാസ് പാലിൽ കാൽ ടീസ്പൂൺ മഞ്ഞൾ ചേർത്ത് ഉറങ്ങുന്നതിനു മുമ്പ് കുടിക്കുന്നത് ഫലപ്രദമാണ്.
കർപ്പൂരതുളസിയുടെ ഇലകളിൽ അടങ്ങിയിരിക്കുന്ന മെന്തോൾ എന്ന സംയുക്തം കഫക്കെട്ട് കുറയ്ക്കാൻ സഹായിക്കുന്നു. ചുമ കൊണ്ട് പ്രകോപിതമായ തൊണ്ടയിലെ ഞരമ്പുകളുടെ അറ്റങ്ങൾ മരവിപ്പിക്കുന്നതിനും മെന്തോൾ സഹായിക്കും. ദിവസവും രണ്ടോ മൂന്നോ തവണ കർപ്പൂരതുളസി ചായ കുടിച്ചാൽ തൊണ്ടയ്ക്ക് നല്ലതാണ്.
പൈനാപ്പിളിലുള്ള ബ്രോമെലൈൻ എന്ന എൻസൈം ചുമയ്ക്ക് ഫലപ്രദമായ പരിഹാരമാണ്. ചുമ നിയന്ത്രിക്കുന്നതിനും തൊണ്ടയിലെ കഫം അയവ് വരുത്തുന്നതിനും ഈ എൻസൈം സഹായിക്കും. ചുമയിലേക്ക് നയിക്കുന്ന സൈനസൈറ്റിസ്, അലർജി അടിസ്ഥാനമാക്കിയുള്ള സൈനസ് പ്രശ്നങ്ങൾ എന്നിവ ഒഴിവാക്കാൻ ഇതിലൂടെ സാധിക്കും. കൂടാതെ, വീക്കം, നീർക്കെട്ട് തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഇവ ഗുണപ്രദമാണ്.
തുടർച്ചയായി ചുമയുണ്ടെങ്കിൽ, ഒരു കഷ്ണം പൈനാപ്പിൾ കഴിക്കുക. 250 മില്ലി ശുദ്ധമായ പൈനാപ്പിൾ ജ്യൂസ് രണ്ട് തവണ ദിവസവും കുടിക്കുന്നതും നല്ലതാണ്. എന്നാൽ ഇവ തണുത്തതല്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
തൊണ്ടവേദന ശമിപ്പിക്കാനും ചുമയ്ക്കും ഉപ്പുവെള്ളം തൊണ്ടയിൽ കൊള്ളുന്നത് നല്ലതാണ്. ഉപ്പുവെള്ളം ഓസ്മോട്ടിക് ആയതിനാൽ, ഇത് ദ്രാവക ചലനത്തിന്റെ ദിശ മാറ്റുന്നു. തൊണ്ടയിലെ ചൊറിച്ചിൽ ശമിപ്പിക്കാനും ശ്വാസകോശത്തിലും മൂക്കിലൂടെയും കഫം വികസിക്കുന്നത് കുറയ്ക്കാനും ഇത് ഉപകരിക്കും. നീർവീക്കവും അസ്വസ്ഥതയും കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നു. എന്നാൽ ചെറിയ കുട്ടികൾക്ക് കൊടുക്കാതിരിക്കുക.

Back to top button
error: