KeralaNEWS

പുകവലിക്കാരന്റെ ചുമയും ചുമതലയും 

പുകവലിക്കുന്ന ഒരാൾ തനിക്കു മാത്രമല്ല, തന്റെ കുടുംബത്തിലെ മറ്റുള്ളവർക്കും സമീപവാസികൾക്കും വരെ ദോഷമാണ് ചെയ്യുന്നത്

 

വിട്ടുമാറാത്ത ചുമയും കഫക്കെട്ടും ഗുരുതരമായ പല ശ്വാസകോശ രോഗങ്ങളുടെയും ലക്ഷണമാണ്.പുകവലിയാണ് ഇതിന്റെ ഏറ്റവും പ്രധാനകാരണം.എന്റെ മക്കളും ഭാര്യയും പുകവലിക്കുന്നില്ലല്ലോ എന്നിട്ട് അവർക്കും ചുമ മാറുന്നില്ലല്ലോ എന്ന് ചോദിക്കരുത്.നിങ്ങളുടെ വലി അവർ ‘വഹിക്കുന്നത്’ കൊണ്ടാണ് അവരും ചുമയ്ക്കുന്നത്.പുകവലി കൊണ്ടുണ്ടാവുന്ന ക്രോണിക്‌ബ്രോങ്കൈറ്റിസിന്റെ ഏറ്റവും പ്രധാനലക്ഷണം രണ്ടുവര്‍ഷത്തിലേറെ നീണ്ടുനില്‍ക്കുന്ന കഫക്കെട്ടാണ്. 90 ശതമാനം ക്രോണിക് ബ്രോങ്കൈറ്റിസ് രോഗികളും പുകവലിക്കാരാണ്.ഉണങ്ങിയ പുകയില ഭാഗികമായി കത്തുമ്പോള്‍ ഉണ്ടാകുന്ന കാര്‍ബണ്‍ മോണോക്‌സൈഡ്, നൈട്രസ് ഓക്‌സൈഡ്, ബെന്‍സീന്‍, മറ്റനേകം രാസവസ്തുക്കള്‍, അസംസ്‌കൃത പദാര്‍ഥങ്ങള്‍ എന്നിവയാണ് രോഗഹേതു. ശ്വാസകോശങ്ങളിലെത്തുന്ന ഈ പദാര്‍ഥങ്ങളും വാതകങ്ങളും ബ്രോങ്കൈകളുടെ പ്രതലത്തിലെ കോശങ്ങളെ ഉത്തേജിപ്പിച്ച് ധാരാളം കഫം ഉത്പാദിപ്പിക്കുന്നു.എന്നാല്‍ പുകവലി മൂലം ഈ സിലിയകള്‍ക്ക് നാശമുണ്ടാകുകയും മലിനപദാര്‍ഥങ്ങള്‍ ഉള്ളില്‍ക്കടന്ന് ശ്വാസകോശത്തിനെ കൂടുതല്‍ കേടുവരുത്തുകയും ചെയ്യുന്നു.

പാസ്സീവ് സേ്മാക്കിങ് മൂലവും ക്രോണിക് ബ്രോങ്കൈറ്റിസ് ബാധിക്കാവുന്നതാണ്. പുകവലിക്കാരുമായി നിത്യസമ്പര്‍ക്കം പുലര്‍ത്തുന്നവരും പുകവലിക്കാരുടെ കുടുംബാംഗങ്ങളുമാണ് ഇത്തരത്തില്‍ രോഗം ബാധിക്കുന്ന ഹതഭാഗ്യര്‍. പുകവലിക്കാരുടെ കുട്ടികള്‍ക്ക് ചെറുപ്പം മുതല്‍ തന്നെ ശ്വാസകോശരോഗങ്ങളും പിന്നീട് ക്രോണിക് ബ്രോങ്കൈറ്റിസും ഉണ്ടാവാനുള്ള സാധ്യത അധികമാണ്. പുകവലി കൂടാതെ അന്തരീക്ഷമലിനീകരണം, വിറകുപയോഗിച്ച് പാചകം ചെയ്യുമ്പോഴുണ്ടാകുന്ന പുക, പൊടിപടലങ്ങള്‍ നിറഞ്ഞ അന്തരീക്ഷത്തിലെ ജോലി എന്നിവയും ക്രോണിക് ബ്രോങ്കൈറ്റിസിന് വഴിവെക്കുന്നു.

അലര്‍ജി മൂലമുള്ള രോഗമായ ആസ്ത്മയില്‍ കഫക്കെട്ടിനോടൊപ്പം ഇടവിട്ടുള്ള ശ്വാസ തടസ്സം, നെഞ്ചിനുള്ളില്‍ കുറുങ്ങല്‍, ചുമ, തുടര്‍ച്ചയായ ജലദോഷം, തുമ്മല്‍ തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാവാം.കുട്ടികളില്‍ പ്രത്യേകിച്ചും ഇടവിട്ടുള്ള കഫക്കെട്ട് മാത്രമായിരിക്കും ആസ്ത്മയുടെ ആദ്യലക്ഷണം.
ശരിയായ അര്‍ഥത്തില്‍ കഫക്കെട്ട് കാണപ്പെടുന്ന രോഗമാണ് ബ്രോങ്കിയാക്ടാസിസ്. അണുബാധമൂലം (ന്യൂമോണിയയെ തുടര്‍ന്നും മറ്റും) ചെറിയ ശ്വാസനാളങ്ങള്‍ സ്ഥായിയായി കേടുവന്ന് വികസിച്ച് അവയില്‍ കഫം കെട്ടിനില്‍ക്കുന്ന അവസ്ഥയാണിത്.ഈ അവസ്ഥയില്‍ കഫത്തോടൊപ്പം രക്തവും കാണപ്പെടാറുണ്ട്.ശ്വാസകോശത്തിന്റെ ഉള്‍വശത്ത് ഒരുതരം നേരിയ നാരുകള്‍ പോലെയുള്ള ‘സിലിയ’കള്‍ ഉണ്ട്. ഇവ തുടര്‍ച്ചയായി ഒരു ചൂല്‌പോലെ പ്രവര്‍ത്തിച്ച് ശ്വാസനാളത്തിലുണ്ടാവുന്ന ശ്ലേഷണത്തെ പുറത്തേക്ക് തള്ളിക്കൊണ്ടിരിക്കുന്നു.ഈ ശ്ലേഷ്മത്തില്‍ ഒട്ടിപ്പിടിച്ച് അന്യവസ്തുക്കളും പൊടിയും മറ്റും പുറം തള്ളപ്പെടുന്നു.ഈ സിലിയകളുടെ പ്രവര്‍ത്തനം ചുമയുടെ അവശ്യഘടകമാണ്.തുടർച്ചയായ പുകവലി മൂലം ഈ സിലിയകളുടെ ചലനശേഷി നഷ്ടപ്പെടുമ്പോളാണ് ശ്വാസകോശത്തില്‍ കഫം അടിഞ്ഞു കൂടി ബ്രോങ്കൈറ്റിസിന് കാരണമാകുന്നത്.
പുകവലിയുടെ ദൂഷ്യഫലങ്ങൾ ഒറ്റനോട്ടത്തിൽ

ശ്വാസകോശം: ശ്വാസകോശ കാന്‍സര്‍, വിട്ടുമാറാത്ത ചുമ(ക്രോണിക് ബ്രോങ്കിറ്റിസ്, എംഫിസീമ), കുട്ടികളിലെ ആസ്ത്മ

ഹൃദയം : ഹൃദയാഘാതം, രക്തക്കുഴലുകളെ ബാധിക്കുന്ന ഗാന്‍ഗ്രീന്‍, രക്തപ്രവാഹം തടസപ്പെടൽ

മസ്തിഷ്കം: പക്ഷാഘാതം, ബുദ്ധിമാന്ദ്യം, വിഷാദരോഗങ്ങൾ
മറ്റുള്ളവ: വിവിധ അവയവങ്ങളിലെ കാന്‍സറുകള്‍ (വായ , തൊണ്ട, അന്നനാളം, ആമാശയം, പാന്‍ക്രിയാസ്, വൃക്ക, മൂത്രസഞ്ചി കാന്‍സറുകള്‍) രക്താര്‍ബുദം, ആമാശയത്തിിലേയും കുടലിലേയും വ്രണങ്ങള്‍, വന്ധ്യത, ഉദ്ദാരണശേഷിക്കുറവ്, പ്രമേഹം.പുകവലി മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടം ഇതിനൊക്കെ പുറമെയാണ്…
എങ്കില്‍ പുകവലി നിര്‍ത്തിയേക്കാം എന്നു വിചാരിക്കുമ്പോഴാണ് മറ്റൊരു പ്രശ്നം കടന്നുവരുന്നത്.പുകയില ഉപയോഗിക്കാനും അങ്ങനെ നമ്മെ അതിനടിമയാക്കാനും കാരണക്കാരന്‍ നിക്കോട്ടിനാണ്.നാഡീവ്യൂഹങ്ങളെ ബാധിക്കുന്ന ഈ രാസവസ്തുവാണ് വീണ്ടും വീണ്ടും പുകവലിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്.
ശരീരത്തിലെ നിക്കോട്ടിന്റെ അളവ് പടിപടിയായി കുറച്ച് പുകവലി പൂര്‍ണമായി നിര്‍ത്താന്‍ സഹായിക്കുന്ന നിരവധി ചികിത്സാ രീതികൾ ഇന്ന് നിലവിലുണ്ട്.പലര്‍ക്കും പുകവലി നിര്‍ത്താന്‍ വേണ്ടിയുള്ള മരുന്നുകള്‍ കുറച്ച് കാലത്തേക്ക് ഉപയോഗിക്കേണ്ടിയും വന്നേക്കാം.എന്നാല്‍ അവ ഒരു വിദഗ്ധ ഡോക്ടറുടെ നിര്‍ദേശാനുസരണമേ കഴിക്കാവൂ എന്ന കാര്യം മറക്കരുത്.പക്ഷെ അതിന് ആദ്യം പുകവലിക്കാരൻ മനസ്സുകൊണ്ട് തയാറാകണമെന്ന് മാത്രം!

Back to top button
error: