LIFENewsthen Special

ക്ലാസില്ലാത്ത ദിവസം അമ്മയുടെ കൂടെ തൊഴിലുറപ്പിന്, നീറ്റില്‍ തിളക്കമുള്ള ജയം; ഇനി അര്‍ച്ചന ഡോക്ടറാകും

ടിമാലി:ക്ലാസില്ലാത്ത ദിവസം അമ്മയോടൊപ്പം തൊഴിലുറപ്പ് ജോലിക്ക് പൊയ്ക്കോണ്ടിരുന്ന അർച്ചന ഇനി രോഗികളെ ചികിത്സിക്കാൻ പഠിക്കും.മാങ്കുളം താളുംകണ്ടം ഗോത്രവർഗകുടിയിലെ അർച്ചന ബൈജുവാണ് തൊഴിലുറപ്പ് ജോലിക്കൊപ്പം വിട്ടുവീഴ്ചയില്ലാത്ത പഠനം കൊണ്ട് മഞ്ചേരി ഗവ. മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയത്.എസ്.ടി. വിഭാഗത്തിൽ 24-ാം റാങ്കോടെയാണ് ഈ പെൺകുട്ടി നീറ്റ് പരീക്ഷ പാസായത്.
  കുട്ടൻപുഴ റെയ്ഞ്ചിനുകീഴിലെ സെക്ഷൻ ഫോറസ്റ്റർ ബൈജു അയ്യപ്പന്റെ മകളാണ് അർച്ചന. ചെറുപ്പംമുതൽ പഠിക്കാൻ മിടുക്കി. ഡോക്ടറാകണമെന്നായിരുന്നു അന്നുമുതൽ ആഗ്രഹം. വീട്ടുകാരും അർച്ചനയ്ക്ക് പിന്തുണയായി നിന്നു. ഏഴാംക്ലാസ് വരെ മാങ്കുളത്താണ് പഠിച്ചത്. തുടർന്ന്, കോതമംഗലത്തും. കൂമ്പൻപാറ ഫാത്തിമമാതയിലായിരുന്നു പ്ലസ് ടു വരെയുള്ള വിദ്യാഭ്യാസം. പ്ലസ്ടുവിന് 89 ശതമാനം മാർക്ക്. തുടർന്ന്, ആലപ്പുഴയിലെ സ്വകാര്യസ്ഥാപനത്തിൽ എൻട്രൻസ് പരിശീലനം.
    ഇതിനിടെയിൽ അമ്മ രാധയുടെ കൂടെ തൊഴിലുറപ്പിനും പോയിത്തുടങ്ങി.തുടർപഠനത്തിന് പണം കണ്ടെത്താൻ വേണ്ടിയായിരുന്നു അത്.ക്ലാസില്ലാത്ത ദിവസം നോക്കിയാണ് തൊഴിലുറപ്പിനു പൊയ്ക്കോണ്ടിരുന്നത്.ജോലിക്കു ശേഷം തിരികെയെത്തി രാത്രി മണിക്കൂറുകളോളം പഠിക്കും.ഒടുവിൽ നീറ്റിൽ സ്വർണത്തിളക്കമുള്ള ജയം നേടി.
  ആദിവാസി മന്നാൻ സമുദായത്തിൽപ്പെട്ട വിദ്യാർഥിനിയാണ് അർച്ചന. അർച്ചനയുടെ ചേച്ചി കോഴിക്കോട്ട് ഫിസിയോ തെറാപ്പിയിൽ മാസ്റ്റർ ഡിഗ്രി വിദ്യാർഥിനിയാണ്.

Back to top button
error: