മാധ്യമ പ്രവര്‍ത്തകരുടെ അക്രഡിറ്റേഷനു രാജ്യ സുരക്ഷാ മാനദണ്ഡം കർശനമാക്കി.കേന്ദ്ര പ്രക്ഷേപണ മന്ത്രാലയം തയ്യാറാക്കിയ പുതിയ അക്രഡിറ്റേഷന് നയത്തിൽ ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും, രാജ്യത്തിന്റെ സുരക്ഷയ്ക്കും, വിദേശരാജ്യങ്ങളുമായുള്ള സൗഹൃദബന്ധത്തിനും, പൊതുക്രമത്തിനും, മര്യാദയ്ക്കും വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ അംഗീകാരം നഷ്ടപ്പെടുമെന്ന വ്യവസ്ഥ ചേര്‍ത്തിട്ടുണ്ട്. അല്ലെങ്കില്‍ കോടതിയലക്ഷ്യം, അപകീര്‍ത്തിപ്പെടുത്തല്‍ , അല്ലെങ്കില്‍ കുറ്റകൃത്യത്തിന് പ്രേരണ എന്നിവയുമായി ബന്ധപ്പെട്ടും അംഗീകാരം നഷ്ടപ്പെടാം.
അക്രഡിറ്റേഷന് ദുരുപയോഗം ചെയ്താല്‍ അത് പിന്‍വലിക്കുകയോ സസ്പെന്‍ഡ് ചെയ്യുകയോ ചെയ്യുമെന്നും നയത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. പുതിയ നയം അനുസരിച്ച് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് അക്രഡിറ്റേഷന് അര്‍ഹതയുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ‘ഗുരുതരമായ കുറ്റം’ ചുമത്തിയാല്‍ അക്രഡിറ്റേഷന് സസ്പെന്‍ഡ് ചെയ്യാമെന്ന് പുതിയ നയം വ്യക്തമാക്കുന്നു.
രാഷ്ട്രപതിയോ പ്രധാനമന്ത്രിയോ പങ്കെടുക്കുന്ന ഏതെങ്കിലും പ്രത്യേക പരിപാടികളിലോ പ്രവേശിക്കണമെങ്കില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അക്രഡിറ്റേഷന് ആവശ്യമാണ്. പത്രങ്ങള്‍, ആഴ്ചതോറുമുള്ള അല്ലെങ്കില്‍ രണ്ടാഴ്ചയിലൊരിക്കയിലുളള മാസികകള്‍, വാര്‍ത്താ ഏജന്‍സികള്‍, വിദേശ പ്രസിദ്ധീകരണങ്ങള്‍, ടിവി ചാനലുകള്‍ അല്ലെങ്കില്‍ ഏജന്‍സികള്‍, ഇന്ത്യന്‍ ടിവി വാര്‍ത്താ ചാനലുകള്‍ എന്നിവയും അവയുടെ വലുപ്പത്തെ അടിസ്ഥാനമാക്കി അക്രഡിറ്റേഷന് അര്‍ഹമാണ്.
പുതിയ നയത്തില്‍ ഓണ്‍ലൈന്‍ വാര്‍ത്താ പ്ലാറ്റ്ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍പ്പെടുന്നു. വെബ്സൈറ്റിന് പ്രതിമാസം 10 മുതല്‍ 50 ലക്ഷം വരെ സന്ദര്‍ശകരുള്ള ട്രാഫിക് ഉണ്ടെങ്കില്‍, അവര്‍ക്ക് അവരുടെ ഒരു മാധ്യമപ്രവര്‍ത്തകനെ അക്രഡിറ്റേറ്റ് ചെയ്യാൻ സാധിക്കും.