ഓണ്‍ലൈന്‍ ഗെയിമിൽ കുരുങ്ങി ജീവിതം ഹോമിച്ച കുട്ടികൾ, മാതാപിതാക്കള്‍ അപകടം തിരിച്ചറിയുക
ഓണ്‍ലൈന്‍ ഗെയിമുകളിൽ ദയനീയമായി പരാജയപ്പെട്ട് പണം നഷ്ടപ്പെട്ടവരും കടുത്ത മാനസീക സംഘർഷത്തിൽ പതിച്ചവരും ജീവിതം തന്നെ ഹോമിച്ചവരും ധാരാളമാണ്. മാതാപിതാക്കൾ ജാഗ്രത പുലർത്തിയാൽ ഈ അപകടങ്ങൾ ഒഴിവാക്കാനാകും. കുട്ടികളോട് വേണ്ട എന്ന് പറയേണ്ടിടത്ത് വേണ്ടെന്നു തന്നെ പറയണം. അവർക്ക് വാരിക്കോരി പണം നൽകുകയും തെറ്റ് പറ്റിയാൽ കുറ്റപ്പെടുത്തുകയും ചെയ്യുന്നത് ഗുണത്തേക്കാളേറെ ദോഷത്തിനേ ഇടയാക്കൂ
വർത്തമാന കാലത്ത് നമ്മുടെ കുഞ്ഞുങ്ങളെ ഗ്രസിച്ചിരിക്കുന്ന ഏറ്റവും ഗുരുതരവിപത്താണ് ഓണ്‍ലൈന്‍ ഗെയിമുകൾ…!
കളിയിൽ ദയനീയമായി പരാജയപ്പെട്ട് പണം നഷ്ടപ്പെട്ടവരും കടുത്ത മാനസീക സംഘർഷത്തിൽ പതിച്ചവരും ജീവിതം തന്നെ ഹോമിച്ചവരും ധാരാളമാണ്.
വീട്ടിൽ രക്ഷിതാക്കൾ സ്വരുക്കൂട്ടി വച്ച എത്രയോ ലക്ഷങ്ങളാണ്
ഓൺലൈൻ ഗെയിമിനടിപ്പെട്ട കൗമാരക്കാരിലൂടെ ചോർന്നുപോകുന്നത്.
അറിയാതെ വലയിൽ കുടുങ്ങിപ്പോയ കുട്ടികളെ അതിൽ നിന്നു മോചിപ്പിക്കാൻ പലപ്പോഴും കഴിയാറില്ല.
ഇവർക്കു വേണ്ടത് ശകാരമോ, കുറ്റപ്പെടുത്തലോ അല്ല. രക്ഷിതാക്കളുടെ പിന്തുണയാണ്, ചേർത്തുപിടിക്കലാണ്. അറിയാതെ അടിമപ്പെട്ടുപോയൊരു ശീലക്കേടാണ് എന്ന തിരിച്ചറിവോടെ അവരെ കര കയറ്റാൻ ഒപ്പം നിൽക്കേണ്ടത് രക്ഷിതാക്കൾ തന്നെയാണ്. ഓൺലൈൻ ഗെയിമുകൾ കുട്ടികൾക്ക് അഡിക്ഷനായി മാറിയത് കോവിഡ് കാലത്താണ്.
ഗെയിമുകളുടെ മായാലോകത്തിലകപ്പെട്ട ധാരാളം കൗമാരക്കാർക്കാർക്ക് പലപ്പോഴും ജീവൻ ഹോമിക്കേണ്ട സാഹചര്യങ്ങളാണ് സംജാതമാകുന്നത്.
മൊബൈലിലെ കളികൾ
ടെലിവിഷൻ പ്രചാരമേറിയതിനു പിന്നാലെയാണ് വീഡിയോ ഗെയിമുകളും വ്യാപകമായത്. പിന്നീട് കമ്പ്യൂട്ടർ ഗെയിമുകളും പ്ലേ സ്റ്റേഷനുകളുമൊക്കെയെത്തി. ഡിജിറ്റൽ ഗെയിമുകളിൽ ഇന്നേറെ പ്രചാരം സ്മാർട്ട് ഫോണുകൾ ഉപയോഗിച്ചുള്ള ഗെയിമുകളാണ്. മൊബൈൽ ഗെയിമുകൾ പലതരത്തിലുണ്ട്. ഒരാൾക്ക് മാത്രം വളരെയെളുപ്പം കളിക്കാവുന്ന പസിലുകളും ബോർഡ് ഗെയിമുകളും ഉൾപ്പെടെ ഉള്ളവയാണ് അവയിലൊന്ന്. താരതമ്യേന അപകടകരമല്ലാത്ത കളികളാണ് ഈ വിഭാഗത്തിലുള്ളത്.
കൂടുതൽപേർക്ക് ഒരുമിച്ച് കളിക്കാവുന്നവയാണ് രണ്ടാമത്തെ വിഭാഗത്തിൽപ്പെടുന്നത്. ലക്ഷ്യത്തിലെത്താൻ പോരടിക്കുന്ന വിധമുള്ള കളികളാണിതിലുള്ളത്. കളിയിൽ പങ്കെടുക്കുന്ന ഓരോരുത്തർക്കും പ്രത്യേക ചുമതലകളുണ്ടാകും. ഓരോ ഘട്ടം കഴിയുമ്പോളും സമ്മാനങ്ങളും സ്ഥാനക്കയറ്റവുമുണ്ടാകും. ഒന്നിലേറെപ്പേർ മുതൽ വലിയ ഗ്രൂപ്പുകളായും വാട്സാപ്പ് ഗ്രൂപ്പുകളായും മത്സരം നടക്കും. കളി മണിക്കൂറുകളല്ല, ദിവസങ്ങളോളം തന്നെ നീണ്ടുനിൽക്കും.
എങ്ങനെ അടിമപ്പെടുന്നു…?
മൊബൈൽ ഗെയിമുകൾക്ക് അടിമയാകുന്നതിന് ഒട്ടേറെ കാരണങ്ങളുണ്ട്. എതിരാളിയോടേറ്റുമുട്ടുമ്പോൾ ലഭിക്കുന്ന മത്സരഭ്രാന്ത് തന്നെയാണ് അതിൽ പ്രധാനം.
ഓരോ ഘട്ടം കഴിയുമ്പോഴും ലഭിക്കുന്ന സ്ഥാനക്കയറ്റം, സമ്മാനങ്ങൾ, അംഗീകാരങ്ങൾ എന്നിവയെല്ലാം കൂടുതൽ വീറും വാശിയും പകരും. കളികളിൽനിന്ന് പണവും ലഭിക്കും. അതായത് കളികളൊരുക്കിയിരിക്കുന്നത് കളിക്കാരന് കൃത്യമായ ഇടവേളകളിൽ സന്തോഷം നൽകുകയും മുമ്പോട്ട് പോകാൻ പ്രേരണ നൽകുകയും ചെയ്യും വിധമാണ്.
വീട്ടുകാർക്കും അവബോധം വേണം
വളർച്ചയുടെ ഓരോ ഘട്ടത്തിലും നമ്മുടെ കുട്ടികൾ വിവിധതരം കളികളിൽ ഏർപ്പെടേണ്ടതുണ്ട്. മാനസികമായും ശാരീരികമായുമുള്ള വളർച്ചയ്ക്ക് അത് വേണ്ടത് തന്നെയാണ്.
പക്ഷേ ഒരു കളിയിൽ മാത്രം കുട്ടികൾ ഒതുങ്ങിപ്പോകാതെ ശ്രദ്ധിക്കണം. മൊബൈൽ ഗെയിമുകൾ കളിക്കുന്നതിൽ നിന്ന് കുട്ടികളെ പെട്ടെന്നൊരു ദിവസം വിലക്കരുത്. എന്നാൽ ഇത്തരം ഗെയിമുകളെക്കുറിച്ച് രക്ഷിതാക്കൾക്ക് കൃത്യമായ അവബോധം വേണം. കുട്ടികളെ സ്നേഹിക്കണം. അവരുടെ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കണം. എന്നാൽ അവരെ അമിതമായി വിശ്വസിക്കുകയുമരുത്. കൃത്യമായി നിരീക്ഷിക്കണം. പക്ഷേ പലപ്പോഴും ഇക്കാര്യങ്ങൾ രക്ഷിതാക്കൾ അംഗീകരിക്കാറില്ല. ഒടുവിൽ സ്വന്തം ജീവിതത്തിൽ ദുരന്തങ്ങളുണ്ടാകുമ്പോഴാണ് തിരിച്ചറിവ് ലഭിക്കുന്നത്.
ശ്രദ്ധിക്കുക ഇക്കാര്യങ്ങൾ
സമ്പാദ്യശീലം വളർത്താൻ വാങ്ങി നൽകുന്ന കുടുക്കകളിൽ നിന്നാണ് പലപ്പോഴും കുട്ടികൾ ഗെയിമുകൾക്കായി പണം കണ്ടെത്തുന്നത്. ഈ കുടുക്കകൾ കുട്ടികൾക്ക് സ്വന്തം ഇഷ്ടപ്രകാരം ചെലവഴിക്കാനുള്ളതാണ് എന്ന ചിന്ത ഒരിക്കലും നൽകരുത്. കുടുക്കകൾ നിറയുമ്പോൾ ബാങ്കിലോ പോസ്റ്റോഫീസിലോ നിക്ഷേപം തുടങ്ങാനോ, നന്മ നിറഞ്ഞ പ്രവൃത്തി ചെയ്യാനോ, അക്കാദമിക ആവശ്യങ്ങൾക്ക് ചെലവഴിക്കാനോ ഒപ്പം നിൽക്കണം.
കുട്ടികളോട് വേണ്ട എന്ന് പറയേണ്ടിടത്ത് വേണ്ട എന്നു തന്നെ പറയണം. അവർക്ക് വാരിക്കോരി പണം നൽകുകയും തെറ്റ് പറ്റിയാൽ ഉടൻ കുറ്റപ്പെടുത്തുകയും ചെയ്യുന്നത് ഗുണത്തേക്കാളേറെ ദോഷത്തിനേ ഇടയാക്കൂ.
കുട്ടികളെ മോഷണത്തിന് പ്രേരിപ്പിക്കുംവിധം ഒരിക്കലും പണം സൂക്ഷിക്കരുത്. സ്വതന്ത്രമായി പണം കൈകാര്യം ചെയ്യാൻ കുട്ടികൾക്ക് സാധിക്കുംവിധമുള്ള അന്തരീക്ഷം കഴിയുന്നത്ര ഒഴിവാക്കണം.
നിങ്ങളുടെ മക്കൾ ഗെയിമുകൾക്കടിമപ്പെട്ടിട്ടുണ്ട് എന്ന് തിരിച്ചറിഞ്ഞാൽ അതിന്റെ ഗൗരവം അവർക്ക് ബോധ്യപ്പെടുത്തിക്കൊടുക്കണം.
സ്വയം കൈകാര്യം ചെയ്യാനാകില്ലെങ്കിൽ ഒരു സൈക്കോളജിസ്റ്റിനെ സമീപിക്കണം.