കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്ന്.
രാവിലെ 10.15ന് ഹൈക്കോടതിയിൽ ജസ്റ്റീസ് പി ഗോപിനാഥിന്‍റെ ബെഞ്ചിലാണ് തീരുമാനമുണ്ടാകുക. മുൻകൂർ ജാമ്യാപേക്ഷ തളളിയാൽ ദിലീപ് അടക്കമുളള പ്രതികളെ അറസ്റ്റുചെയ്യും. എന്നാൽ വ്യവസ്ഥകളോടയുളള ജാമ്യമെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിലാണ് പ്രതികൾ. മുൻകൂർ ജാമ്യാപേക്ഷ അനുവദിച്ചാൽ പ്രോസിക്യൂഷന് തിരിച്ചടിയാകും. ഇതിനിടെ നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണം എന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതിയിലെ മറ്റൊരു ബെഞ്ച് പരിഗണിക്കും.
കേസിൽ മുൻകൂർ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച വാദം പൂർത്തിയായിരുന്നു. സാക്ഷി എന്ന നിലയിൽ ബാലചന്ദ്രകുമാറിൽ യാതൊരു സംശയവും വേണ്ടെന്നും സ്വന്തം മൊഴികളെ സാധൂകരിക്കുന്ന ഓഡിയോ ക്ലിപ്പുകൾ ബാലചന്ദ്രകുമാർ ഹാജരാക്കിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ബൈജു പൗലോസിൻ്റെ ഗൂഢാലോചനയാണ് ഈ കേസെന്ന് പ്രതിഭാഗം വാദം തള്ളിക്കൊണ്ട് കേസിലെ പരാതിക്കാരൻ മാത്രമാണ് ബൈജു പൗലോസെന്നും അല്ലാതെ അയാൾ അന്വേഷണസംഘത്തിൽ ഇല്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു.
നടിയെ ആക്രമിച്ച കേസിൽ പരാജയപ്പെടുന്നു എന്ന് ബോധ്യപ്പെട്ടതോടെ പ്രോസിക്യൂഷൻ കെട്ടിചമച്ചതാണ് ഈ കേസെന്നും ബാലചന്ദ്രകുമാർ കള്ളസാക്ഷിയാണെന്നും ദിലീപിനെ ജയിലിലാക്കാൻ ബൈജു പൗലോസും ബാലചന്ദ്രകുമാറും എ.ഡി.ജി.പി മുതലുള്ള ഉദ്യോഗസ്ഥരും ചേർന്ന് കെട്ടിച്ചമച്ചതാണ് ഈ കേസെന്നുമാണ് പ്രതിഭാഗം വാദിച്ചത്. ഈ വാദങ്ങൾക്കെല്ലാം എണ്ണിയെണ്ണി മറുപടി നൽകി പ്രോസിക്യൂഷൻ.
ഹർജിയിൽ അനന്തമായി വാദം നീളുന്നുവെന്ന വിമർശനം പൊതുസമൂഹത്തിലുണ്ടെന്നും എത്രയും പെട്ടെന്ന് കേസിൽ അന്തിമമായി തീർപ്പുണ്ടാക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി.എ ഷാജിയാണ് പ്രോസിക്യൂഷക്കാനായി വാദിക്കുന്നത്