സലീഷിനെ എന്തിനാണ് ദിലീപ് കൊന്നത്…? പെട്രോളിനേക്കാൾ വേഗത്തിൽ തീപടർത്തുന്ന വിവാദങ്ങളുടെ ഉള്ളറകളിലേയ്ക്ക് ഒരു ഒളിഞ്ഞു നോട്ടം
സലീഷ് കൊല്ലപ്പെട്ടതാണെങ്കിൽ തന്നെ അതിനു പിന്നിൽ മറ്റൊരാളായിക്കൂടേ ? സലീഷ് ഇല്ലാതാവേണ്ടത് അത്യാവശ്യമുള്ള ഒരാൾ ! ദിലീപിന്റെ മോചനത്തിന് പണം ആവശ്യപ്പെട്ട ആ അജ്ഞാതപുത്രൻ...? എന്തു കൊണ്ട് സലീഷിനോട് അയാൾക്ക് പക തോന്നിക്കൂടാ...? രഹസ്യം അറിഞ്ഞ സലീഷ് ദിലീപിനെ അല്ല, അയാളെ ബ്ലാക്ക്മെയിൽ ചെയ്യാനല്ലേ സാദ്ധ്യത കൂടുതൽ...? ബാലചന്ദ്രകുമാർ പറഞ്ഞത് സത്യമാണെങ്കിൽ ശരിക്കും ആ വഴിക്കും നമ്മൾ ഒരു അന്വേഷണം നടത്തേണ്ടതല്ലേ ? കത്തിപ്പടരുന്ന വിവാദങ്ങളുടെ രഹസ്യവഴികളിലൂടെ ഒരു യാത്ര
നല്ലനടപ്പ്: പ്രവീൺ ഇറവങ്കര
ഐ. ടി വിദഗ്ധൻ സലീഷിനെ കൊന്നത് നടൻ ദിലീപാണെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങൾ ചിലതായി.
സലീഷിന്റെ സഹോദരൻ ശിവദാസും അവതാരപുരുഷൻ ബാലചന്ദ്രകുമാറും ഈ മരണത്തിൽ സംശയം പറഞ്ഞ സാഹചര്യത്തിൽ അന്വേഷണം പുരോഗമിക്കുന്നു എന്നാണ് സൂചന.
ശരിക്കും സലീഷിന്റെ മരണം ഒരു കൊലപാതകമാണോ ?
ആണെങ്കിൽ കൊലപാതകി ദിലീപാണോ ?
നേരിട്ടുള്ള തെളിവുകൾ(Direct Evidence), സാഹചര്യത്തെളിവുകൾ(Circumstantial Evidence), കേട്ടുകേൾവിത്തെളിവുകൾ(Hearsay Evidence) എന്നിവയുടെ അടിസ്ഥാനത്തിൽ നമുക്കൊരു അന്വേഷണം നടത്താം.
ഈ കേസ് മാത്രമല്ല കലാഭവൻ മണിയുടെ മരണം, പി.ടി തോമസ്, ആർ.എൽ.വി രാമകൃഷ്ണൻ തുടങ്ങിയവർക്കു നേരെയുണ്ടായ വധശ്രമം ഉൾപ്പെടെ പല ഗുരുതരാരോപണങ്ങളും ദിലീപിനു മേൽ നവ മാധ്യമങ്ങളും ചർച്ചത്തൊഴിലാളികളും ചേർന്ന് ഇതിനകം ചാർത്തിക്കഴിഞ്ഞു.
ഗൂഡാലോചനാക്കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നാളെ, ഫെബ്രുവരി 7 തിങ്കളാഴ്ചത്തേക്ക് മാറ്റി വെച്ചിരിക്കുന്നു.
ദിലീപും ബൈജു പൗലോസും ബാലചന്ദ്രകുമാറും സലീഷും എല്ലാം കൂടി ചേർന്ന് കലങ്ങിമറിഞ്ഞ ഈ വിചാരണാന്തരീക്ഷത്തിൽ ശരിക്കും എന്താണ് സംഭവിക്കുന്നത്…?
കലക്കവെള്ളത്തിൽ ആരൊക്കെയാണ് മീൻ പിടിക്കുന്നത്…?
എറണാകുളം പെന്റാ മേനകയിൽ ആപ്പിൾ ഫോൺ സർവ്വീസ് സെന്റെർ നടത്തിയിരുന്ന തൃശൂർ കോടാലി സ്വദേശിയായ സലീഷ് 2020 ആഗസ്റ്റ് 30ന് അങ്കമാലിയിൽ വെച്ചുണ്ടായ കാർ അപകടത്തിലാണ് കൊല്ലപ്പെട്ടത്.
സംഭവം നടന്നത് പട്ടാപ്പകൽ.
കാറിലുണ്ടായിരുന്നത് സലീഷ് മാത്രം.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അസ്വാഭാവികതകളില്ല.
സർവ്വം തികഞ്ഞ ആക്സിഡന്റ് !
ഇനി അഥവാ അത് ഒരു കൊലപാതകമാണെങ്കിൽ നാം എന്താണ് മനസ്സിലാക്കേണ്ടത് ?
എഫ്.ഐ.ആർ മുതൽ തെളിവു നശിപ്പിക്കലിലും
പോസ്റ്റ്മോർട്ടത്തിലും തുടരന്ന്വേഷണത്തിലുമെല്ലാം ഏതോ അദൃശ്യ കരങ്ങൾ പ്രവർത്തിച്ചു എന്നല്ലേ…?
അപ്പൊ അത് ആരുടെ കരങ്ങളാണ്…?
ആരോപിക്കപ്പെടുന്നതു പോലെ അത് ദിലീപിന്റേതാണെങ്കിൽ അയാൾ അത്ര ബുദ്ധി രാക്ഷസനാണോ…?
ആണെങ്കിൽ കഥ പറയാൻ വന്ന ഏതോ ഒരു പൊട്ട കുണാപ്പിക്കു മുന്നിൽ തന്റ പീഡന-താഡന വീരഗാഥ അയാൾ ഒരു മന്ദബുദ്ധിയെപ്പോലെ തുറന്നു വെയ്ക്കുമോ…?
(ബുദ്ധിയുള്ള പൊന്മാൻ കിണറ്റിലേ മുട്ടയിടൂ എന്ന പഴമൊഴി തല്ക്കാലം നമുക്ക് മറക്കാം)
അതവിടെ നിൽക്കട്ടെ.
നമുക്ക് സലീഷിലേക്ക് തന്നെ മടങ്ങി വരാം.
സലീഷും ദിലീപുമായുള്ള അടുപ്പം ആരംഭിക്കുന്നത് ബാലചന്ദ്രകുമാറിന്റെ വായ്മൊഴി പ്രകാരം തന്നെ ദിലീപ് 85 ദിവസത്തെ ജയിൽ വാസം കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷമാണ്.
ദിലീപ് അകത്തായിരുന്ന സമയത്ത് രാമലീലയുടെ സംവിധായകൻ അരുൺ ഗോപിയെ ഒരു ‘രാഷ്ട്രീയപുത്രൻ’ വിളിച്ച് ദിലീപിനെ രക്ഷിക്കാൻ കോടികൾ ആവശ്യപ്പെട്ടു എന്നും അരുൺ ഗോപിയുടെ ഫോണിൽ നിന്ന് ആ റിക്കോർഡ് മാഞ്ഞു പോയി എന്നറിഞ്ഞ ദിലീപ് അരുണിനോട് ക്ഷോഭിച്ചുയെന്നുമൊക്കെയാണ് ബാലചന്ദ്രകുമാർ പറഞ്ഞ കഥയുടെ ആദ്യ അദ്ധ്യായം.
അങ്ങനെയാണ് റിക്കോർഡ് റിക്കവർ ചെയ്യാനായി ആപ്പിൾ സ്പെഷ്യലിസ്റ്റ് സലീഷിനെ ബാലചന്ദ്രകുമാർ ഈ കഥയിലേക്ക് കെട്ടിയിറക്കുന്നത് !
ഇനി സകല മലയാളിക്കും അറിയാവുന്നതു പോലെ ദിലീപിന്റെ അനുജൻ അനൂപിന്റെ കാർഡ് ഉപയോഗിച്ച് 90000 രൂപ മുടക്കി സോഫ്റ്റ്‌വെയർ അപ്‌ലോഡ് ചെയ്തതും മണിക്കൂറുകൾ പണിയെടുത്തിട്ടും റിക്കവർമെന്റ് പരാജയപ്പെട്ടതും ഒടുക്കം സാക്ഷാൽ അമേരിക്ക തേടി അരുൺ ഗോപിയുടെ ഫോണിലെ ചിപ്പ് പറന്നതും ബാലചന്ദ്രകുമാറിനെ വെട്ടിച്ച് അതിലും ആഴത്തിൽ സലീഷ് ദിലീപിന്റെ ഹൃദയത്തിൻ കയറിപ്പറ്റിയതും അമേരിക്കയിൽ നിന്നു വന്ന റിക്കവേർഡ് മെറ്റീരിയൽസ് കണ്ട സലീഷ് ഞെട്ടിയതും ദിലീപിനെ കാണാനായി പോയ അയാൾ റയിൽവേ മേൽപ്പാലത്തിൽ വണ്ടി ഇടിച്ചുകയറി മരിച്ചതുമെല്ലാം കേസിന്റെ നാൾ വഴികളാവുന്നു.
ഇനിയാണ് നമ്മുടെ ചോദ്യം.
കോടികൾ മുടക്കി ദിലീപ് ഫോൺ അമേരിക്കയിൽ അയച്ച് റിക്കവർ ചെയ്തത് ഒരു കോൾ റിക്കോർഡ് ആണ്.
ന്യായമായും അത് നാളെ തനിക്കൊരു പിടി വള്ളി ആകുമെന്ന് അയാൾ വിചാരിച്ചിട്ടുണ്ടാവും.
അതിന് ഐ.റ്റി വിദഗ്ധനായി കൂടെ നിന്നു സഹായിച്ച സലീഷിനെ കൊല്ലുന്നതെന്തിന്…?
പാരിതോഷികം കൊടുത്തു പ്രോത്സാഹിപ്പിക്കുകയല്ലേ വേണ്ടത്?
ഇനി അതല്ല അമേരിക്കയിൽ നിന്നു തിരിച്ചു വന്ന ഫോണിൽ ദിലീപിനെ ബാധിക്കുന്ന അപകടം പിടിച്ച മറ്റെന്തോ കാണുകയും അങ്ങനെ സലീഷ് ദിലീപിനെ ബ്ലാക്ക്മെയിൽ ചെയ്തതിൻ പ്രകാരം ഈ കൊലപാതകം നടന്നു എന്ന് ആരെങ്കിലും വളഞ്ഞവഴിയിൽ വ്യാഖ്യാനിച്ചാൽ നാട്ടുമ്പുറത്തെ അമ്മൂമ്മക്കഥയുടെ ലോജിക് പോലും അതിനില്ലെന്നു പറയേണ്ടി വരും.
എന്നാൽ ലോജിക് ഉളള വേറൊരു കാര്യം പറയാം.
ഇനി അഥവാ സലീഷ് കൊല്ലപ്പെട്ടതാണെങ്കിൽ തന്നെ അതിനു പിന്നിൽ മറ്റൊരാളായിക്കൂടേ ?
സലീഷ് ഇല്ലാതാവേണ്ടത് അത്യാവശ്യമുള്ള ഒരാൾ !
ദിലീപിന്റെ മോചനത്തിന് പണം ആവശ്യപ്പെട്ട ആ അജ്ഞാതപുത്രൻ…?
എന്തു കൊണ്ട് സലീഷിനോട് അയാൾക്ക് പക തോന്നിക്കൂടാ…?
രഹസ്യം അറിഞ്ഞ സലീഷ് ദിലീപിനെ അല്ല, അയാളെ ബ്ലാക്ക്മെയിൽ ചെയ്യാനല്ലേ സാദ്ധ്യത കൂടുതൽ…?
ബാലചന്ദ്രകുമാർ പറഞ്ഞത് സത്യമാണെങ്കിൽ ശരിക്കും ആ വഴിക്കും നമ്മൾ ഒരു അന്വേഷണം നടത്തേണ്ടതല്ലേ ?
അല്ലാതെ ലോകചരിതം ടേബിളിന്റെ കാൽ തല്ലിയൊടിച്ചതു മുതൽ ഭൂമിയുടെ അച്ചുതണ്ട് മോഷ്ടിച്ചതു വരെ സർവ്വ കേസും ദിലീപിന്റെ മണ്ടയ്ക്ക് വെച്ചുകൊടുത്ത് നമ്മളെന്തിനാണിങ്ങനെ നിർവൃതിപ്പെടുന്നത്?
ഞാൻ ദിലീപിന്റെ ചർച്ചക്കാരനോ ചാർച്ചക്കാരനോ അല്ല.
പണ്ട് മീശമാധവന്റെ സെറ്റിൽ ഞാനും പ്രൊഡക്ഷൻ കൺട്രോളർ രാജൻ കുന്നംകുളവും കൂടി ചെന്ന് ഒരു പ്രോജക്ട് ചർച്ച ചെയ്തിട്ട് ഡേറ്റു തരാത്ത ദിലീപിനോട് ന്യായമായും അപ്രിയമല്ലേ എനിക്ക് തോന്നേണ്ടത്…?
പക്ഷേ കണ്ണടച്ച് ഇരുട്ടാക്കുന്നത് എങ്ങനെയാണ്…?
ഉള്ളതു പറഞ്ഞാ ഈ ഉണ്ടാകുന്ന ഭൂകമ്പങ്ങളുടെയൊക്കെ ഗുണം നാളെ കിട്ടാൻ പോകുന്നത് ദിലീപിനു തന്നെയാണ്.
ആടിനെ മോഷ്ടിച്ച കേസിൽപ്പെട്ട ഒരാളെ ആനക്കളളനെന്നു വിളിക്കുമ്പൊ,നാളെ ഒരിക്കൽ അവന് ആന എന്തെന്നു പോലും അറിയില്ലെന്നു തെളിഞ്ഞാൽ എല്ലാകേസും ആ വകുപ്പിൽ ഒറ്റയടിക്ക് തളളിപ്പോകും…!
ആർക്കറിയാം ദിലീപും രാമൻപിളള വക്കീലും സ്വപ്നം കാണുന്നത് അതു തന്നെയാണോ എന്ന്…?
വിധിവക്കിൽ വന്നു നിന്ന കേസിലേക്ക് ഓർക്കാപ്പുറത്ത് എടുത്തുചാടി ഓളംവെട്ടിച്ച പൊന്നു മോനേ ബാലചന്ദ്രകുമാരാ ശരിക്കും താൻ ആരുടെ ആളാ…?
ഇനി ക്രൈം ചരിത്രത്തിൽ അപൂർവ്വങ്ങളിൽ അപൂർവ്വമായി വാദിക്കൊപ്പം നിന്ന് കുറ്റാരോപിതനെ രക്ഷിക്കാൻ വന്ന സുന്ദരകില്ലാടിയാണോ താങ്കൾ…?
അല്ലാ ഈ കാണുന്ന കളികളൊക്കെ കണ്ടു വട്ടു പിടിച്ച ഏതൊരു മലയാളിയുടെയും അന്യായമായ ചോദ്യമാണിത്…!
ഈ കഥയ്ക്ക് ഇനി അങ്ങനെയും ഒരു ക്ലൈമാക്സ് ഉണ്ടാകുമോ?
ഏതായാലും സത്യം ജയിക്കാൻ ദിലീപ് പിടിച്ചിരിക്കുന്നത് ചെറിയ പിടിയൊന്നും അല്ല,
സാക്ഷാൽ ജഡ്ജിയമ്മാവനെയാണ്.
തെറ്റിധരിക്കെണ്ട.
ജഡ്ജിയമ്മാവൻ ഒരു ദൈവമാണ്.
കോട്ടയം ജില്ലയിൽ പൊൻകുന്നത്തിനടുത്ത് ചെറുവളളിയിയിലാണ് അമ്മാവന്റെ ക്ഷേത്രം.
18- ആം നൂറ്റാണ്ടിൽ ധർമ്മരാജാവ് കാർത്തിക തിരുനാൾ രാമവർമ്മയുടെ കാലത്ത് ന്യായാധിപനായിരുന്ന തിരുവല്ല രാമവർമ്മപുരത്ത് മഠത്തിൽ ഗോവിന്ദപ്പിളളയാണ് ജഡ്ജിയമ്മാവനെന്ന ദൈവസങ്കൽപ്പത്തിൽ അവിടെ കുടികൊള്ളുന്നത്.
ഒരിക്കൽ തന്റെ വിധിന്യായത്തിൽ സംഭവിച്ച പിഴവു മൂലം ഒരു നിരപരാധിയെ തൂക്കിക്കൊല്ലേണ്ടി വന്ന അതിസത്യസന്ധനായ അദ്ദേഹം സത്യം തിരിച്ചറിഞ്ഞപ്പോൾ സ്വയം മരണശിക്ഷ വിധിച്ച് രാജാവിനെക്കൊണ്ട് അത് നടപ്പിലാക്കിയത്രെ…!
സത്യത്തിന്റെ ചരിത്രപുരുഷൻ പിന്നീട് വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന സത്യദൈവമായി മാറി.
ആ ജഡ്ജിയമ്മാവന്റെ കരുണ തേടി ദിലീപ് ചെറുവളളിയിൽ ചെന്നിരുന്നു.
പക്ഷേ സത്യത്തിനു മാത്രമേ അമ്മാവൻ കൂട്ടു നിൽക്കൂ എന്ന് നമ്മളേക്കാൾ നന്നായി ദിലീപിനറിയാം.
അതാണ് ദിലീപ് ആരാധകരുടെ ഏക പ്രതീക്ഷയും.
ദിലീപിൽ എവിടെയോ ഇനിയും നമ്മളറിയാത്ത എന്തൊക്കെയോ സത്യങ്ങൾ ഒളിച്ചിരിപ്പുണ്ടെന്ന പ്രതീക്ഷ..!