KeralaNEWS

തിരുവനന്തപുരത്തോ കൊച്ചിയിലോ കോഴിക്കോട്ടോ ഫ്ലാറ്റിലിരുന്ന് വയനാട്ടിലെ കൃഷിയിൽ പങ്കാളികളാകാം

കൃഷി ആഹ്ലാദകരമായ ഒരനുഭവമാണ് പകർന്നു തരുന്നത്. വിത്തിടുന്നതു മുതൽ വിളവെടുക്കുന്നു വരെയുള്ള പല ഘട്ടങ്ങൾ നമുക്കു പകർന്നു തരുന്ന സംതൃപ്തിയും സന്തോഷവും ചെറുതല്ല. നഗരങ്ങളിലെ ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്കും കൃഷിയിൽ പങ്കാളികളാകാനുള്ള ഒരു നൂതന ആശയമാണ് വയനാട് ഫാർമർ പ്രൊഡ്യൂസർ കമ്പനി ആവിഷ്കരിക്കുന്നത്. ഉപഭോക്താക്കൾക്ക് കൃഷിയുടെ ഓരോ ഘട്ടത്തിലും പങ്കാളിയാകാം.  താൽപ്പര്യമുള്ളവർക്ക് കൃഷിയിടം സന്ദർശിക്കാം. ഉദ്യോഗസ്ഥരടക്കമുള്ളവർക്ക്  ഒഴിവു ദിവസങ്ങളിൽ ഇവിടെയെത്തി  ജോലികളിൽ സഹായിക്കാം.  നഗരങ്ങളിലെ ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് വീഡിയോ കോൺഫറൻസിലൂടെ കൃഷിയിടവും കൃഷിരീതികളും ചെടിയുടെ വളർച്ചയും വളപ്രയോഗവുമെല്ലാം കാണാം. കൃഷിക്കാരുമായി സംവദിക്കാം.  വിഷു മുതൽ വീട്ടിലേക്ക് ആവശ്യമായ പയർ ഇപ്പോൾ www.kerala.shopping എന്ന ഓൺലൈൻ വഴി ഉപഭോക്താക്കൾക്ക് പണമടക്കാതെ തന്നെ  ബുക്ക് ചെയ്യുകയും ചെയ്യാം

  മാനന്തവാടി: ഇനി കൊച്ചിയിലെയോ കോഴിക്കോടെയോ മറ്റേതെങ്കിലും നഗരത്തിലെയോ ഫ്ലാറ്റിലിരുന്ന് വയനാട്ടിലെ കൃഷിയിൽ പങ്കാളിയാകാം, വിളവെടുക്കാം. വിത്ത് വിതക്കുന്നത് മുതൽ വിളവെടുക്കുന്നതുവരെ  കാഴ്ചകളിലും അനുഭവങ്ങളിലും  സന്തോഷത്തിലും ഉപഭോക്തക്കൾക്കും പങ്കാളികളാവാൻ അവസരമൊരുക്കുകയാണ് വയനാട്ടിലെ ഒരു പറ്റം കർഷകർ.
പയർ  കൃഷിയിൽ ഉപഭോക്താക്കളെക്കൂടി ഉപ്പെടുത്തുന്ന പങ്കാളിത്ത കൃഷിയാണ് ഇവിടെ പരീക്ഷിക്കുന്നത്.  കാർഷിക മേഖലയിലെ പുത്തൻ സംരംഭമായ മാനന്തവാടി ആസ്ഥാനമായ ടി ഫാം വയനാട് ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിലാണ് തവിഞ്ഞാൽ പഞ്ചായത്തിലെ  തലപ്പുഴയിൽ മൂന്നേക്കർ തരിശ് ഭൂമിയിൽ നാലിനം പയർ കൃഷി ചെയ്യുന്നത്. വിഷു മുതൽ മഴക്കാലം  വരെയുള്ള രണ്ട് മാസക്കാലമായിരിക്കും വിളവെടുപ്പ് കാലം. പത്ത് പുരുഷൻമാരും ഒമ്പത് സ്ത്രീകളും ചേർന്ന ഗ്രീൻസ് കർഷക താൽപ്പര്യസംഘം (എഫ്.ഐ.ജി) ആണ് വേറിട്ട പദ്ധതിക്ക് നേതൃത്വം കൊടുക്കുന്നത്. എഫ്.ഐ.ജി  പ്രസിഡണ്ട് ഉദയകുമാറിൻ്റെയും  സെക്രട്ടറി വിജിത്തിൻ്റെയും നേതൃത്വത്തിൽ മുഴുവൻ അംഗങ്ങളും രണ്ടാഴ്ച മുഴുവൻ സമയം ജോലി ചെയ്തും മുപ്പതിനായിരം രൂപ ചിലവഴിച്ചുമാണ് കാട് പിടിച്ച് കിടന്ന മൂന്ന് ഏക്കർ തരിശ് ഭൂമി വിളനിലമാക്കി മാറ്റിയത്. നാടൻ ഇനമായ കുളത്താട, ഉല്പാദനം കൂടിയ നാംധാരി, നാഗശ്രീ, ബദ്രി എന്നീ നാലിനം പയർ വർഗങ്ങളാണ് കൃഷി ചെയ്യുന്നത്. ചാണകപ്പൊടി മാത്രം ചേർത്താണ് വിത്ത് നടുന്നത്. പൂർണ്ണമായും ജൈവ രീതിയിലാണ്  കൃഷി.  ഉപഭോക്താക്കൾക്ക് കൃഷിയുടെ ഓരോ ഘട്ടത്തിലും പങ്കാളിയാകാം.  താൽപ്പര്യമുള്ളവർക്ക് കൃഷിയിടം സന്ദർശിക്കാം. ഉദ്യോഗസ്ഥരടക്കമുള്ളവർക്ക്  ഒഴിവു ദിവസങ്ങളിൽ ഇവിടെയെത്തി  ജോലികളിൽ സഹായിക്കാം.  നഗരങ്ങളിലെ ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് വീഡിയോ കോൺഫറൻസിലൂടെ കൃഷിയിടവും കൃഷിരീതികളും ചെടിയുടെ വളർച്ചയും വളപ്രയോഗവുമെല്ലാം കാണാം. കൃഷിക്കാരുമായി സംവദിക്കാം.  വിഷു മുതൽ വീട്ടിലേക്ക് ആവശ്യമായ പയർ ഇപ്പോൾ www.kerala.shopping എന്ന ഓൺലൈൻ വഴി ഉപഭോക്താക്കൾക്ക് പണമടക്കാതെ തന്നെ  ബുക്ക് ചെയ്യുകയും ചെയ്യാം.
കേരള എഫ്.പി.ഒ കൺസോർഷ്യത്തിൻ്റെ നേതൃത്വത്തിൽ കൽപ്പറ്റ എൻ.എം.ഡി.സി വിപണന കേന്ദ്രം വഴിയും കോഴിക്കോട് വേങ്ങേരി അഗ്രികൾച്ചർ മൊത്ത വ്യാപാര കേന്ദ്രം വഴിയും  പയർ വിറ്റഴിക്കാനാണ് പ്ലാൻ. ഇവർക്ക് സാങ്കേതിക സഹായവും ഉപദേശവും നൽകുന്നതിന് കേരള കാർഷിക സർവ്വകലാശാല കമ്മ്യൂണിക്കേഷൻ വിഭാഗം മേധാവി ഡോ.അലൻ തോമസിൻ്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രണ്ടാഴ്ചക്കുള്ളിൽ തവിഞ്ഞാലിലെത്തും.
അന്വേഷണങ്ങൾക്ക് – ഫോൺ:  9947640612

Back to top button
error: