വാഷിങ്ടൺ: വടക്കുപടിഞ്ഞാറൻ സിറിയയിൽ യു.എസ് സേന നടത്തിയ ഓപ്പറേഷനിൽ ഐ.എസ് തലവൻ അബു ഇബ്രാഹിം അൽ-ഹാഷ്മി അൽ-ഖുറൈഷി കൊല്ലപ്പെട്ടതായി അമേരിക്ക. ഇന്ന് (വ്യാഴം) പുലർച്ചെ നടത്തിയ ഓപ്പറേഷനിലാണ് അൽ-ഖുറൈഷി കൊല്ലപ്പെട്ടതെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.
”നമ്മുടെ സായുധ സേനയുടെ വൈദഗ്ധ്യത്തിനും ധീരതയ്ക്കും നന്ദി. നമ്മൾ ഐ.എസിന്റെ തലവൻ അബു ഇബ്രാഹിം അൽ-ഹാഷ്മി അൽ-ഖുറൈഷിയെ വധിച്ചു. ”
ബൈഡൻ പ്രസ്താവനയിൽ പറഞ്ഞു. ദൗത്യത്തിൽ പങ്കെടുത്ത എല്ലാ അമേരിക്കക്കാരും സുരക്ഷിതരായി മടങ്ങിയെത്തിയെന്നും അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ച പുലർച്ചെ വടക്കുപടിഞ്ഞാറൻ സിറിയയിൽ വലിയ തോതിലുള്ള തീവ്രവാദ വിരുദ്ധ ദൗത്യം യു.എസ് പ്രത്യേക സേന നടത്തിയതായി പെന്റഗൺ അറിയിച്ചു. സംഭവത്തിൽ പതിമൂന്നോളം പേർ കൊല്ലപ്പെട്ടുവെന്നും അതിൽ സ്ത്രീകളും കുട്ടികളുമുണ്ടെന്നും രക്ഷാപ്രവർത്തകർ പറഞ്ഞു.
യു.എസ് സേന ഭീകരരുമായി രണ്ട് മണിക്കൂറിലധികം ഏറ്റുമുട്ടിയതായി പ്രദേശവാസികൾ പറഞ്ഞു. 2019-ൽ ട്രംപിന്റെ കാലത്ത് ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് അബൂബക്കർ അൽ ബാഗ്ദാദിയെ കൊലപ്പെടുത്തിയ യു.എസ് ദൗത്യത്തിന് ശേഷം പ്രവിശ്യയിൽ നടക്കുന്ന ഏറ്റവും വലിയ ദൗത്യമാണിത്.