KeralaNEWS

ഓടി തോൽക്കരുത് !

പാലക്കാട്: റെയില്‍വെ സ്റ്റേഷനിലെ മേല്‍പ്പാലം കടക്കാന്‍ മടിയുള്ള യാത്രക്കാർ പൊതുവെ സ്വീകരിക്കുന്ന മാർഗമാണ് ട്രാക്ക് മുറിച്ചു കടക്കല്‍.ഇത് പലപ്പോഴും അപകടം ക്ഷണിച്ചു വരുത്താറുണ്ട്.കാലങ്ങളായി തുടരുന്ന അനൗണ്‍സ്‌മെന്റുകളോ റെയില്‍വെ ചുമത്തുന്ന പിഴയോ ട്രാക്ക് മുറിച്ചു കടക്കല്‍ സ്ഥിരം പരിപാടിയാക്കിയ ട്രെയിന്‍ യാത്രക്കാര്‍ക്കും പരിസരവാസികൾക്കും നിസാരം.
ആളില്ലാ റെയില്‍ ക്രോസുകളിലും ചേരിപ്രദേശങ്ങള്‍ക്ക് സമീപത്തും ട്രാക്ക് മുറിച്ചു കടക്കല്‍ അന്നുമിന്നും സാധാരണമാണ്.ഇത് അപകടങ്ങള്‍ വര്‍ദ്ധിക്കുന്നതിനും കാരണമാകുന്നു.ഇത്തരം അപകടങ്ങളില്‍ പെട്ട് മരിക്കുന്നവരുടേയും പരിക്കേല്‍ക്കുന്നവരുടേയും എണ്ണം വര്‍ദ്ധിച്ച് വരികയാണെന്ന് റയിൽവെയുടെ അടുത്തിടെയുള്ള കണക്കുകൾ സൂചിപ്പിക്കുന്നു.പലയിടങ്ങളിലും മേൽപ്പാലമോ അടിപ്പാതയോ ഇല്ലാത്തതും ഇതിനൊരു കാരണമാണ്.
കേരളത്തിൽ ട്രെയിൻ തട്ടിയുള്ള മരണം ഏറ്റവും കൂടുതൽ കോഴിക്കോട് – കണ്ണൂർ പാതയിലാണെന്നാണ് റെയിൽവേ സുരക്ഷാ വിഭാഗത്തിന്റെ കണ്ടെത്തൽ.ആളുകൾ അനധികൃതമായി പാളത്തിൽ പ്രവേശിക്കുന്നതാണ് മരണനിരക്ക് കൂടാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്.പാലക്കാട് ഡിവിഷനിൽ 600 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽവേ ട്രാക്കുകളാണുള്ളത്.ഇതിൽ 90 കിലോമീറ്റർ മാത്രം ദൈർഘ്യം വരുന്ന കോഴിക്കോട് – കണ്ണൂർ റൂട്ടാണ് കഴിഞ്ഞ കുറെ വർഷങ്ങളായി മരണത്തിന്റെ ഹോട്ട് സ്പോട്ടായി മാറിയിരിക്കുന്നത്.
റെയില്‍വേ പാളം മുറിച്ചു കടക്കുന്നതിനിടെ മരിച്ചവരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളെക്കാൾ 2021- ല്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.ഡിസംബർ വരെ പാലക്കാട് ഡിവിഷനില്‍ ട്രെയിന്‍ തട്ടി മരിച്ചവരുടെ എണ്ണം 154 ആയിരുന്നു.ഇതിൽ 104 ഉം കോഴിക്കോട്-കണ്ണൂർ റൂട്ടിലാണ്.യാത്രക്കാര്‍ക്ക് പാളം കടക്കുന്നതിനായി റോഡും ഓവര്‍ ബ്രിജുകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലരും എളുപ്പവഴിക്ക് പാളം മുറിച്ചുകടക്കുകയാണ് പതിവ്.കൂടാതെ വേലികളും മുന്നറിയിപ്പു ബോര്‍ഡുകളൊക്കെ ഇവിടെ സജീവമാണെങ്കിലും ആളുകള്‍ റെയില്‍വേ പാളം മുറിച്ചാണ് കടക്കുന്നത്.ഇങ്ങനെ റെയില്‍വേയില്‍ അതിക്രമിച്ചു കയറിയാല്‍ 6 മാസം വരെ തടവും 1000 രൂപ പിഴയും ലഭിക്കും.ഇത്തരത്തിലുളള 1561 കേസുകളാണ് കഴിഞ്ഞ വർഷം മാത്രം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.എന്നിട്ടും അപകടങ്ങളുടെയും അതുമൂലമുള്ള മരണനിരക്കും കുറയുന്നില്ലെന്ന് മാത്രം.
പാലക്കാട് ഡിവിഷനില്‍ കൂടുതലും അതിവേഗത്തില്‍ ഉളള ട്രെയിനുകളാണ് കടന്നു പോകുന്നത്.മണിക്കൂറില്‍ 110 വേഗത്തിലാണ് പോത്തനൂര്‍ മുതല്‍ മംഗളൂരു വരെ പ്രധാന പാതയില്‍ ട്രെയിനുകള്‍ ഓടുന്നത്.മുന്‍പ് ട്രെയിനുകള്‍ കടന്നു വരുന്നതറിയിക്കാന്‍ ട്രെയിന്‍ പുറപ്പെടുവിക്കുന്ന ശബ്ദത്തിനു കഴിഞ്ഞിരുന്നു.എന്നാല്‍ വൈദ്യുതീകരണം വന്നതോടെ ഇലക്ട്രിക് എന്‍ജിനുകളുടെ ശബ്ദം കുറവായത് അപകടങ്ങള്‍ കൂടുന്നതിനും ഇടയായിട്ടുണ്ട്.ജനങ്ങളുടെ പൂര്‍ണ്ണപിന്തുണയുണ്ടെങ്കില്‍ മാത്രമേ അപകടങ്ങള്‍ കുറയ്ക്കാന്‍ സാധിക്കുകയുളളുവെന്നെ് റെയില്‍വേ ഡിവിഷനല്‍ മാനേജര്‍ ത്രിലോക് കോത്തിരി പറയുന്നു.

Back to top button
error: