NEWSWorld
ബൈക്കിൽ ലോകം ചുറ്റാൻ മലപ്പുറം സ്വദേശി ദിൽഷാദ്
കേരളത്തിൽ നിന്ന് മുംബൈ വരെ ബൈക്കിൽ, അവിടെ നിന്ന് ദുബായിലേക്ക് കപ്പൽമാർഗം. തുടർന്ന് ഒമാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ ചുറ്റിക്കറങ്ങി സൂയസ്കനാൽ വഴി ഈജിപ്തിലേക്ക് കടക്കും. പിന്നീട് 27 ആഫ്രിക്കൻ രാജ്യങ്ങൾ കറങ്ങി ലിബിയ വഴി നാട്ടിലേക്ക് മടങ്ങും. ഒന്നര വർഷം കൊണ്ട് ലോകം ചുറ്റാൻ പുറപ്പെട്ട ദിൽഷാദിൻ്റെ സഞ്ചാരപഥം ഇതാണ്
വള്ളിക്കുന്ന്: ബൈക്കിൽ ഒന്നര വർഷം കൊണ്ട് ഇന്ത്യ മുതൽ 32 രാജ്യങ്ങൾ ചുറ്റി കറങ്ങാൻ ചേലമ്പ്ര സ്വദേശി ദിൽഷാദ് യാത്ര ആരംഭിച്ചു.
ചേലമ്പ്ര പാറയിൽ പീടിയേക്കൽ ഹുസൈൻ- ഫാത്തിമ ദമ്പതികളുടെ മകനാണ് പുതിയ യാത്രയ്ക്ക് തുടക്കം കുറിച്ച ദിൽഷാദ്. കേരളത്തിൽ നിന്ന് മുംബൈ വരെ ബൈക്ക് ഓടിച്ചു പോകും. മുംബൈയിൽ നിന്ന് ദുബായിലേക്ക് കപ്പൽമാർഗ്ഗമാണ് യാത്ര.
ദുബൈയിൽ നിന്ന് ഒമാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലൂടെ ചുറ്റിക്കറങ്ങി സൂയസ്കനാൽ വഴി ഈജിപ്തിലേക്ക് കടക്കും. തുടർന്ന് 27 ആഫ്രിക്കൻ രാജ്യങ്ങൾ കറങ്ങി ലിബിയ വഴി നാട്ടിലേക്ക് മടങ്ങാൻ ആണ് പദ്ധതി. ശനിയാഴ്ച മലപ്പുറം- കോഴിക്കോട് ജില്ലാ അതിർത്തിയിലെ ഈടമൂഴിക്കൽ നിസരി ജംഗ്ഷനിൽ പി അബ്ദുൽ ഹമീദ് എം.എൽ.എ ദിൽഷാദിൻ്റെ ബൈക്ക് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
നാട്ടുകാരും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധി പേരാണ് യാത്രയയ്ക്കാൻ എത്തിയത്.