LIFENewsthen Special
മഹാത്മാഗാന്ധിക്കും നാഥുറാം വിനായക് ഗോഡ്സെക്കും ഇടയിൽ പൂരിപ്പിക്കാൻ വിട്ടുപോയൊരു പേരുണ്ട്- രഘുനാഥ് നായക്
Web DeskJanuary 30, 2022
മഹാത്മാഗാന്ധിക്കൊപ്പം നാഥുറാം വിനായക് ഗോഡ്‌സേയുടെ പേരും ചരിത്രം രേഖപ്പെടുത്തി.ഒരുപക്ഷെ മരിച്ച ആളിനേക്കാൾ കൊന്ന ആളിന് കൂടുതൽ ‘പേര്’ ലഭിച്ച ഒരു രേഖപ്പെടുത്തൽ കൂടിയായിപ്പോയി അത്.അതെന്തുതന്നെ ആയിക്കോട്ടെ, പക്ഷെ കൂട്ടത്തിൽ വിട്ടുപോയ ഒരു പേരായിരുന്നു രഘുനാഥ് നായക്.കാരണം അയാളൊരു തോട്ടം സൂക്ഷിപ്പുകാരനായിരുന്നു.കേട്ടു പഴകിയ ഏദൻതോട്ടത്തിലെ അല്ല, നമ്മുടെ രാജ്യതലസ്ഥാനമായ ദില്ലിയിലെ, ബിർളാ ഹൗസിലെ.
1948-കളിൽ ദില്ലിയിലെ ബിർള ഹൗസിലെ തോട്ടം സൂക്ഷിപ്പുകാരനായി ജോലി ചെയ്തിരുന്ന ആളായിരുന്നു രഘുനാഥ് നായക്.ഗാന്ധിജിയെ വെടിവെച്ച് വീഴ്ത്തിയത്തിനു ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച മത ഭീകരൻ ഗോഡ്സേയെ പുറകെ ഓടിച്ചിട്ട് പിടിച്ച് മറിച്ചിട്ട് (മുട്ടുകാൽ കയറ്റി), ചെടികൾക്ക് തടം ഒരുക്കാൻ ഉപയോഗിക്കുന്ന ഖുർപ്പി എന്ന ഉപകരണം ഉപയോഗിച്ച് അവിടെ തളച്ചിട്ടത് രഘുനാഥ് നായക് ആയിരുന്നു- പൊലീസുകാർ എത്തുന്നത് വരെ !
അതായത് സ്വതന്ത്ര ഇന്ത്യ കണ്ട ആദ്യ ഭീകരന്റെ കൂമ്പിനിട്ടു കീച്ചിയത് രഘുനാഥ് നായക് എന്ന തോട്ടം സൂക്ഷിപ്പുകാരനായിരുന്നെന്ന് !!
എത്ര വലിയ രാജ്യ സേവനമാണ് അദ്ദേഹം ചെയ്തതെന്ന് ഒന്നോർത്തു നോക്കിക്കേ.അന്ന് ഗോഡ്‌സെ രക്ഷപെട്ടിരുന്നുവെങ്കിൽ ഗാന്ധിജിയെ കൊന്ന ആളെ കുറിച്ച് ഊഹാപോഹങ്ങൾ പരന്നേക്കുമായിരുന്നു.ഒരു പക്ഷെ അത് മറ്റൊരു വലിയ വർഗ്ഗീയ ലഹളക്കും കാരണമായേനെ….!!!
ഡെൽഹിയിലെ ബിർളാ ഹൗസിനു മുന്നിലെ മൈതാനത്ത് പ്രാർത്ഥനക്കെത്തിയവർക്കും അനുയായികൾക്കുമിടയിൽ വെച്ച് കൈയ്യെത്തുംദൂരത്ത് വെച്ചാണ് നാഥുറാം വിനായക് ഗോഡ്‌സേ ആ കൊലപാതകം ചെയ്തത്.എന്നിട്ടും കൂട്ടത്തിൽ ഓടാനും നെഞ്ചുറപ്പോടെ ആ തോക്കുധാരിയെ കീഴ്പ്പെടുത്താനും അയാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ-ലോകം കണ്ട വലിയൊരു തോട്ടത്തിന്റ
സംരക്ഷകൻ-രഘുനാഥ് നായക് !!
1948 ജനുവരി 30-ന് വെള്ളിയാഴ്ച വൈകുന്നേരം 5.17 ന് ദില്ലിയിലെ ബിർളാ മന്ദിരത്തിൽ ഒരു പ്രാർത്ഥനാ യോഗത്തിൽ പങ്കെടുക്കവേയാണ് ഹിന്ദു മഹാസഭ പ്രവർത്തകനായ നാഥുറാം ഗോഡ്‌സേ എന്ന മതഭ്രാന്തന്റെ വെടിയേറ്റ് ഗാന്ധിജി മരണമടയുന്നത്.പിന്നീട് നാഥുറാ മിനേയും കൂട്ടാളികളേയും അറസ്റ്റ് ചെയ്ത് വിചാരണ ചെയ്തു.1949 നവംബർ 15-ന് നാഥുറാം ഗോഡ്സേയും കുറ്റവാളികളെയും തൂക്കിലേറ്റിയെങ്കിലും രഘുനാഥ് നായക് എന്ന ബിർള ഹൗസിലെ ആ തോട്ടം സൂക്ഷിപ്പുകാരനെ എവിടെയും അടയാളപ്പെടുത്തിയതായി കണ്ടില്ല.ചരിത്രം അല്ലെങ്കിലും അങ്ങനെയാണല്ലോ.അവിടെ തോട്ടം സൂക്ഷിപ്പുകാരന് എന്ത് പ്രസക്തി !!!