അട്ടപ്പാടിയിലെ മധുവിന്റെ കുടുംബത്തിന് നിയമസഹായം വാഗ്ദാനം ചെയ്ത് നടൻ മമ്മുട്ടി
'മധുവിനു നീതി ഉറപ്പ് വരുത്താനും, കേസ് സുഗമായി കൊണ്ടുപോകുവാൻ ആ കുടുംബത്തിനും സർക്കാർ ശ്രമങ്ങൾക്കുമൊപ്പം മമ്മൂട്ടിയുടെ കരുതലും സഹായങ്ങളും ഉണ്ടാവും. നിയമമന്ത്രി പി. രാജീവിനെ മമ്മൂട്ടി ബന്ധപ്പെട്ടിരുന്നു. പ്രഗത്ഭരായ സർക്കാർ വക്കീലിനെ തന്നെ ഈ കേസിൽ ഏർപ്പാടാക്കും എന്ന് മന്ത്രി ഉറപ്പു നൽകി. ഈ വിഷയത്തിൽ സർക്കാർ വളരെ കാര്യക്ഷമമായി ഇടപെടും എന്ന ഉറപ്പും നിയമമന്ത്രി മമ്മൂട്ടിക്ക് കൊടുത്തു.' ഇതേക്കുറിച്ച് കൂടുതൽ വ്യക്തത വരുത്താനായി മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷൻ പ്രസിഡൻ്റും മമ്മൂട്ടിയുടെ പി.ആർ.ഒയുമായ റോബർട്ട് കുര്യാക്കോസിൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റ്:
“മധുവിന് വേണ്ടി നിയോഗിക്കപ്പെട്ടിരുന്ന അഭിഭാഷകന് കോടതിയിൽ ഹാജരാവാൻ കഴിയാതിരുന്നത് അറിഞ്ഞ ഉടനെ തന്നെ, മമ്മൂക്കയുടെ നിർദേശപ്രകാരം മധുവിന്റെ കുടുംബാന്ഗങ്ങളുമായി ഞങ്ങൾ ബന്ധപ്പെട്ടിരുന്നു.
ഒരു കാലതാമസവും കൂടാതെ നമ്മളാൽ കഴിയുന്ന സഹായം അവർക്ക് എത്തിച്ചു കൊടുക്കണം എന്നാണ് അദ്ദേഹം എനിക്ക് നൽകിയ കർശന നിർദ്ദേശം.
സംസ്ഥാന നിയമമന്ത്രി പി. രാജീവിനെയും അദ്ദേഹം ബന്ധപ്പെട്ടിരുന്നു. പ്രഗത്ഭരായ സർക്കാർ വക്കീലിനെ തന്നെ ഈ കേസിൽ ഏർപ്പാടാക്കും എന്ന് അദ്ദേഹം മമ്മുക്കക്ക് ഉറപ്പു കൊടുത്തു. ഈ വിഷയത്തിൽ സർക്കാർ വളരെ കാര്യക്ഷമമായി ഇടപെടും എന്ന ഉറപ്പും നിയമ മന്ത്രി അദ്ദേഹത്തിന് കൊടുത്തു. ഈ ഉറപ്പ് ലഭിച്ചകാര്യം മധുവിന്റെ സഹോദരീ ഭർത്താവ് മുരുകനെ അറിയിച്ചപ്പോൾ, സർക്കാർ വക്കീലിന്റെ സേവനം പൂർണ്ണമായി ഉപയോഗപ്പെടുത്താനുള്ള തീരുമാനം അവർ ഞങ്ങളെ അറിയിക്കുകയുണ്ടായി.
തുടർന്ന്, ഭാവിയിൽ നിയമസഹായം ആവശ്യമായി വരുന്ന ഏത് സാഹചര്യത്തിലും കുടുംബം ആവശ്യപ്പെടുന്നത് അനുസരിച്ച് അത് ലഭ്യമാക്കാൻ ഉള്ള ക്രമീകരണം ചെയ്തിട്ടുണ്ട്. കുടുംബത്തിനു ആവശ്യമായ നിയമോപദേശം ലഭ്യമാക്കുവാൻ മദ്രാസ്, കേരള ഹൈക്കോടതികളിലെ മുതിർന്ന അഭിഭാഷകനായ അഡ്വ. നന്ദകുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മധുവിന്റെ കുടുംബത്തിനോ അല്ലങ്കിൽ മധുവിനുവേണ്ടി നിലകൊള്ളുന്ന എല്ലാവർക്കുമോ അവർ ആവശ്യപ്പെടുന്ന നിയമോപദേശം നൽകുക എന്നതാണ് അദ്ദേഹത്തിന്റെ ഉത്തരവാദിത്തം.
മധുവിനു നീതി ഉറപ്പ് വരുത്തുവാൻ.. കേസ് സുഗമായി കൊണ്ടുപോകുവാൻ ആ കുടുംബത്തിനും സർക്കാർ ശ്രമങ്ങൾക്കുമൊപ്പം മമ്മൂക്കയുടെ കരുതൽ തുടർന്നും ഉണ്ടാവുമെന്ന് എല്ലാവരെയും പോലെ എനിക്കും ഉറപ്പുണ്ട്…”
(സർക്കാർ തന്നെ ആണ് കേസ് നടത്തുന്നത്. കുടുംബത്തിന് ആവശ്യമായ നിയമോപദേശസഹായമോ, അവർ ആവശ്യപ്പെടുന്ന നിയമസഹായങ്ങളോ ആണ് മമ്മൂട്ടി ലഭ്യമാക്കുക )