‘ഇറാനെതിരെയുള്ള സൈനീക നീക്കം എന്ന് അവസാനിക്കുമെന്ന് പറയാനാകില്ല; കാരണം, സമയപരിധി നിശ്ചയിച്ചിട്ടില്ല; തീർച്ചയായും യുദ്ധം പകുതി പിന്നിട്ടു‘: നെതന്യാഹു

ടെൽ അവീവ്: ഇറാനുമായുള്ള യുദ്ധം ലക്ഷ്യങ്ങളിൽ പകുതിയേക്കാൾ മുന്നേറിയിട്ടുണ്ടെങ്കിലും അത് അവസാനിപ്പിക്കേണ്ട സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു .
“തീർച്ചയായും യുദ്ധം പകുതി പിന്നിട്ടു. എന്നാൽ സമയപരിധിയെക്കുറിച്ച് ഞാൻ പറയാൻ ആഗ്രഹിക്കുന്നില്ല. ഇത്രനാളിനുള്ളിൽ തീർക്കണം എന്നതിലുപരി ദൗത്യം എന്ന നിലയിലാണ് യുദ്ധം പകുതി പിന്നിട്ടത്,” അദ്ദേഹം പറഞ്ഞു.
യുദ്ധത്തിൽ “ആയിരക്കണക്കിന് ഇറാൻ സൈനികരെ നിർവീര്യമാക്കാൻ കഴിഞ്ഞു” എന്നതടക്കമുള്ള നേട്ടങ്ങൾ കൈവരിച്ചുവെന്നാണ് നെതന്യാഹു അവകാശപ്പെട്ടത്. ഇറാന്റെ ആയുധ ശേഖരം പൂർണ്ണമായും ഇല്ലാതാക്കുന്നതിനടുത്ത് ഇസ്രയേലും അമേരിക്കയും എത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാൻ ഭരണകൂടത്തിന്റെ ഭാവിയെക്കുറിച്ച് പ്രതികരിച്ച നെതന്യാഹു, “ഈ ഭരണകൂടം അകത്തുനിന്ന് തകരുമെന്ന് ഞാൻ കരുതുന്നു. എന്നാൽ അത് ഞങ്ങളുടെ നേരിട്ടുള്ള ലക്ഷ്യമല്ല. നിലവിൽ ഞങ്ങൾ ചെയ്യുന്നത് അവരുടെ സൈനിക ശേഷി, മിസൈൽ ശേഷി, ആണവ ശേഷി എന്നിവ നശിപ്പിക്കുകയും അവരെ അകത്തുനിന്ന് ദുർബലപ്പെടുത്തുകയും ചെയ്യുന്നതാണ്,” എന്നും വ്യക്തമാക്കി.
ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നീക്കങ്ങൾ നടത്തുന്നതായുള്ള റിപ്പോർട്ടുകൾക്കിടയിലാണ് നെതന്യാഹുവിന്റെ പ്രതികരണം. യുദ്ധം നാല് മുതൽ ആറാഴ്ച വരെ നീണ്ടുനിൽക്കുമെന്നാണ് ട്രംപ് ആദ്യം പറഞ്ഞിരുന്നത്.






