KeralaNEWS

‘സോമേട്ടൻ’ യാത്രയായി

വിപുലമായ വായനകൊണ്ട് സ്വന്തം രചനകൾക്ക് ഭാഷാപരമായ സൗന്ദര്യവും ഉൾക്കാമ്പും നൽകിയ സോമനാഥ് പൊതുസമൂഹത്തിലും മാധ്യമപ്രവർത്തകർക്കിടയിലു 'സോമേട്ടൻ' എന്നാണ് വിളിക്കപ്പെട്ടിരുന്നത്. എളിമയും ലാളിത്യവുമായിരുന്നു സോമനാഥിന്റെ മുഖമുദ്ര. തികഞ്ഞ പ്രകൃതിസ്നേഹിയായ സോമനാഥ് കടന്നുചെല്ലാത്ത കാടുകൾ കേരളത്തിൽ ഉണ്ടാവില്ല

 

കേരളത്തിലെ രാഷ്ട്രീയ റിപ്പോർട്ടിങിൽ അതുല്യ വ്യക്തിമുദ്ര പതിപ്പിച്ച മുതിർന്ന മാധ്യമ പ്രവർത്തകനും മലയാള മനോരമ മുൻ സീനിയർ സ്പെഷ്യൽ കറസ്പോണ്ടൻ്റുമായ ഇ.സോമനാഥ് (60) വിടപറഞ്ഞു.
മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: രാധ. മകള്‍: ദേവകി. മരുമകന്‍: മിഥുന്‍.
പൂജപ്പുര പ്രകാശ് നഗറിലെ അളകനന്ദ വീട്ടിലെത്തിച്ച ഭൗതികശരീരം മൂന്നു മണിക്ക് പ്രസ് ക്ലബിൽ പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം വൈകിട്ട് 4.15 ന് തൈക്കാട് ശാന്തികവാടത്തിൽ.

Signature-ad

34 വർഷം മനോരമയിൽ സേവനമനുഷ്ഠിച്ചു. കോട്ടയം, ഇടുക്കി, കണ്ണൂർ, കൊല്ലം, ഡൽഹി, തിരുവനന്തപുരം ബ്യൂറോകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

രാഷ്ട്രീയം, പരിസ്ഥിതി തുടങ്ങിയ മേഖലകളിൽ കേരളം കണ്ട ഏറ്റവും മികച്ച മാധ്യമപ്രവർത്തകരിൽ ഒരാളായിരുന്നു സോമനാഥ്. അതുല്യമായ ശൈലിയിൽ അദ്ദേഹം എഴുതിയ രാഷ്ട്രീയലേഖനങ്ങളും പംക്തികളും ഏറെ ശ്രദ്ധിക്കപ്പെട്ടു. മുതിർന്ന മാധ്യമപ്രവർത്തകനാണെങ്കിലും മറ്റുള്ളവരോടുള്ള ലാളിത്യമാർന്ന ഇടപെടലുകൾ വഴി ‘സോമേട്ടൻ’ എന്നാണ് മാധ്യമപ്രവർത്തകർക്കിടയിലും പൊതുസമൂഹത്തിലും സോമനാഥ് വിളിക്കപ്പെട്ടിരുന്നത്.

‘ആഴ്ചക്കുറിപ്പുകൾ’ എന്ന പേരിൽ മലയാള മനോരമയിൽ സോമനാഥ് ദീർഘകാലം എഴുതിയ പ്രതിവാര രാഷ്ട്രീയ പംക്തിയിലെ ലേഖനങ്ങൾ വളരെ ശ്രദ്ധേയമായിരുന്നു. വിപുലമായ വായന സോമനാഥിന്റെ പത്രവാർത്തകൾക്കുപോലും ഉൾക്കാമ്പു പകർന്നു. ‘നടുത്തളം’ എന്ന അദ്ദേഹത്തിന്റെ നിയമസഭാവലോകനങ്ങൾ സൂക്ഷ്മനിരീക്ഷണം കൊണ്ടും മൂർച്ചയേറിയ ആക്ഷേപഹാസ്യശരങ്ങൾ കൊണ്ടും വേറിട്ടുനിന്നു.
തികഞ്ഞ പ്രകൃതിസ്നേഹി കൂടിയായ സോമനാഥ് കടന്നുചെല്ലാത്ത കാടുകൾ കേരളത്തിൽ ഉണ്ടാവില്ല. പ്രകൃതിസ്നേഹത്തിന്റെ നിറവുൾക്കൊണ്ട് ദിവസങ്ങളോളം കാടിനുള്ളിൽ ചെലവഴിച്ച സോമനാഥിന് കേരളത്തിലെ ഒട്ടുമിക്ക വനമേഖലകളും നാട്ടുവഴികൾ പോലെ സുപരിചിതമാണ്. വനത്തിനുള്ളിൽ കഴിയുന്ന ആദിവാസികളെ പോലും പേരെടുത്തു പറയാനുള്ള അടുപ്പവും അദ്ദേഹത്തിനുണ്ടായിരുന്നു.

മലപ്പുറം വള്ളിക്കുന്ന് അത്താണിക്കലാണു സ്വദേശം. വള്ളിക്കുന്ന് നേറ്റീവ് എ.യുപി സ്കൂൾ ഹെഡ്മാസ്റ്ററും മാനേജരുമായിരുന്ന പരേതനായ സി.എം.ഗോപാലൻ നായരുടെയും ഇതേ സ്കൂളിലെ അധ്യാപികയായിരുന്ന പരേതയായ ഇ.ദേവകിയമ്മയുടെയും മകനാണ്.

Back to top button
error: