
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ കാണണോ? അതോ മഞ്ഞിൽ ചേക്കേറുന്ന മകര പെൺപക്ഷികളെ കാണണോ…? കേട്ടിട്ടില്ലേ… മഞ്ഞിൽ ചേക്കേറും മകരപ്പെണ്‍പക്ഷീ മൗനപ്പൂ ചൂടും ഇന്ദീവരാക്ഷീ …എന്ന പാട്ട്(രക്തം 1981)അതേ,മഞ്ഞു മഴയിൽ നൃത്തം ചെയ്യാം. മഞ്ഞുവാരിയെറിഞ്ഞു കളിക്കാം.
പറഞ്ഞുവരുന്നത് ഷിംല-മണാലിയെ പറ്റിയാണ്.മഞ്ഞിന്റെ കാഴ്ചകൾ കാണാൻ സ്വിറ്റ്സർലൻഡ് വരെ പോവുകയൊന്നും വേണ്ട എന്നാണ് മഞ്ഞുനിറഞ്ഞ ട്രാക്കിലൂടെ നീങ്ങുന്ന തീവണ്ടിയുടെ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ട് ബി.ജെ.പി നേതാവ് മഞ്ജീന്ദർ സിങ് പറഞ്ഞത്.

മനോഹരമായ കാഴ്ചകൾക്കാണ് ഷിംലയിലും മണാലിയിലും ഈ കാലാവസ്ഥ വഴിവെച്ചത്. മഞ്ഞ് പൊതിഞ്ഞ മരങ്ങൾ മുതൽ റെയിൽവേ സ്റ്റേഷനുകൾ വരെയുള്ള കാഴ്ചകൾ ഓരോരുത്തരിലും കൗതുകം ജനിപ്പിക്കുകയാണ്.ഷിംല മേഖലയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി താപനില പൂജ്യത്തിനും താഴെയാണ്.ലഹൂല്‍-സ്പിതി കെയ്ലോംഗാത് മേഖലയില്‍ കൂടിയ താപനില 15 ഡിഗ്രിയും കല്പ്പ കിനൗര്‍ മേഖലയില്‍ 7 ഡിഗ്രിയുമാണ്.എന്നാല്‍ ഹിമാലയന്‍ മലനിരകളിലേക്ക് കൂടുതല്‍ പോകുന്തോറും താപനില കൂടുതൽ കൂടുതൽ താഴോട്ട് വരും.മണാലിയിലും ഡല്‍ഹൗസിയിലും താപനില 2 ഡിഗ്രിക്ക് താഴെ എത്തിയിട്ടുണ്ട്.
സിംലയിൽ നിന്നു 65 കിലോമീറ്റർ മുകളിൽ 8000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന നർഖണ്ഠ എന്ന സ്ഥലം ഇത്തരത്തിലൊന്നാണ്.നർഖണ്ഠയിലെ ധുമ്രി മലഞ്ചെരിവ് സ്കീയിങ്ങിനും പ്രസിദ്ധമാണ്.ദേവദാരുവും പൈൻ മരങ്ങളും ആപ്പിൾ തോട്ടങ്ങളും നിറഞ്ഞ മനോഹരമായ പ്രദേശം.കശ്മീരിലെ ഗുൽമർഗും ഉത്തരാഖണ്ഡിലെ ഓലിയും ഇതേപോലെ സ്കീയിങ്ങിനു പ്രസിദ്ധമായ സ്ഥലങ്ങളാണ്.
വിനോദസഞ്ചാരികള്‍ കൂടുതലായി കുളു- മണാലി- ഷിംല മേഖലയിലേക്ക് എത്തുന്ന സീസണാണ് ഇത്.അതിനാല്‍ തന്നെ ദേശീയ ദുരന്തനിവാരണ സേന ഓരോ ജില്ലയനുസരിച്ച് സഞ്ചാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്.കനത്ത മഞ്ഞുവീഴ്ച കാരണം 731 റോഡുകളും നാല് ദേശീയ പാതകളുമാണ് അടച്ചിരിക്കുന്നത്.മഞ്ഞിൽ വാഹനങ്ങൾ കൂട്ടിയിടിച്ചും മറ്റും അപകടങ്ങൾ പതിവായതോടെയാണ് ഇത്.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കനുസരിച്ച്, ഫെബ്രുവരി അവസാനം വരെ ഷിംലയിൽ മഞ്ഞുവീഴ്ചയ്ക്കും മഴയ്ക്കും സാധ്യതയുണ്ട്. കൂടാതെ, ജമ്മു കശ്മീരിലും ഉത്തരാഖണ്ഡിലും കനത്ത മഴയോ മഞ്ഞുവീഴ്ചയോ പ്രവചിക്കപ്പെട്ടിട്ടുണ്ട്. ജനുവരി അവസാനം വരെ ഹിമാചൽ പ്രദേശിൽ മോശം കാലാവസ്ഥയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഐഎംഡി നേരത്തെ വ്യക്തമാക്കിയിരുന്നു.






