IndiaNEWS

മകളെ വിട്ടുകിട്ടാൻ അച്ഛന്റെ ഹേബിയസ് കോർപ്പസ് ഹര്‍ജി, ഹര്‍ജിയും തള്ളി അരലക്ഷം രൂപ പിഴയും ചുമത്തി

അമ്മയിൽ നിന്ന് രണ്ട് വയസ്സുള്ള മകളെ വിട്ടുകിട്ടാൻ വേണ്ടി ഹേബിയസ് കോർപ്പസ് ഹർജിയുമായി അച്ഛൻ കോടതിയിൽ. ഹർജി തള്ളിയ കോടതി അരലക്ഷം രൂപ പിഴ ചുമത്തി. മാത്രമല്ല ഹേബിയസ് കോർപ്പസ് ഹർജിയുടെ അന്തസത്ത മനസ്സിലാക്കാത്ത ഇത്തരം ഹർജികൾ കോടതി നടപടികളുടെ കടുത്ത ദുരുപയോഗമാണെന്നും അഭിപ്രായപ്പെട്ടു

അമ്മയുടെ സംരക്ഷണത്തിൽ നിന്ന് മകളെ മോചിപ്പിച്ച് തനിക്ക് നൽകണം എന്ന ആവശ്യവുമായി എത്തിയ അച്ഛന് കർണാടക ഹൈക്കോടതി അരലക്ഷം രൂപ പിഴയിട്ടു. ജി.ആർ.ജയിൻ നൽകിയ ഹർജിയാണ് തള്ളിയത്.

അമ്മയിൽ നിന്ന് രണ്ട് വയസ്സുള്ള മകളെ വിട്ടുകിട്ടാൻ അച്ഛൻ ഹേബിയസ് കോർപ്പസ് ഹർജിയാണ് നൽകിയത്.

മകൾ അമ്മയുടെ അന്യായമായ കസ്റ്റഡിയിൽ ആണോ..? അങ്ങനെ കസ്റ്റഡിയിലാണെങ്കിൽ മാത്രമേ ഈ ഹർജിക്ക് നിലനിൽപുള്ളൂ. അതിനുള്ള തെളിവുകൾ ഇല്ലാത്തതിനാൽ ഹർജി തള്ളുന്നു എന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.

ഹേബിയസ് കോർപ്പസ് ഹർജിയുടെ അർത്ഥവും ഗൗരവവും ഭരണഘടനാ പ്രസക്തിയും മനസ്സിലാക്കാതെ നൽകുന്ന ഇത്തരം ഹർജികൾ കോടതി നടപടികളുടെ കടുത്ത ദുരുപയോഗം മാത്രമാണെന്ന് ഹൈക്കോടതി പറഞ്ഞു. ഈ പ്രവണത ഉന്മൂലനം ചെയ്തേ പറ്റൂ. അതുകൊണ്ടാണ് ഹർജിക്കാരന് പിഴ വിധിക്കുന്നത്.

ഹർജിക്കാരനും ഭാര്യയും തമ്മിലുള്ള ദാമ്പത്യബന്ധം ഉലഞ്ഞു. അതുകൊണ്ടാണ് മകളെ അച്ഛനിൽ നിന്ന് അമ്മ വേർപ്പെടുത്തിയത്.

മകൾ അമ്മയുടെ സംരക്ഷണത്തിലാണ്. അതെക്കുറിച്ച് സംശയമില്ലെന്ന് കോടതി പറഞ്ഞു. അച്ഛന് പരാതിയുണ്ടെങ്കിൽ രക്ഷാകർതൃനിയമം അനുസരിച്ചുള്ള ഹർജിയാണ് നൽകേണ്ടത്. അല്ലാതെ മകൾ അമ്മയുടെ അന്യായ കസ്റ്റഡിയിലാണെന്ന് ആരോപിച്ചുകൊണ്ടുള്ള ഹേബിയസ് കോർപ്പസ് ഹർജിയല്ല ഇതിന് പ്രതിവിധിയെന്ന് ഹൈക്കോടതി പറഞ്ഞു.

Back to top button
error: