കൊവിഡ് വ്യാപനം തുടരുന്നതിനാല്‍ മാര്‍ച്ച് ആദ്യവാരം കൊച്ചിയില്‍ നടത്താനിരിക്കുന്ന സിപിഎം സംസ്ഥാന സമ്മേളനവും ഏപ്രില്‍ ആദ്യം കണ്ണൂരില്‍ നിശ്ചയിച്ചിട്ടുള്ള പാര്‍ട്ടി കോണ്‍ഗ്രസും നീട്ടിവയ്ക്കാന്‍ സാധ്യത. അടുത്ത രണ്ടു മൂന്ന് ആഴ്ചയ്ക്കുള്ളില്‍ വ്യാപനം മൂര്ധന്യാവസ്ഥയില് എത്തുമെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സമ്മേളനം മാറ്റുന്നതിനെക്കുറിച്ച് ആലോചന നടക്കുന്നത്. ഇന്നു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടായേക്കും.
കോവിഡ് വ്യാപിച്ചുകൊണ്ടിരിക്കേ ജില്ലാ സമ്മേളനങ്ങളുമായി മുന്നോട്ടുപോയത് ഹൈക്കോടതിയുടെ ഉള്‍പ്പെടെ വിമര്‍ശനത്തിന് വഴിവച്ചിരുന്നു. ഇതേത്തുടർന്നു കാസർഗോഡ്, തൃശൂർ ജില്ലാ സമ്മേളനങ്ങൾ ചുരുക്കിയിരുന്നു. 28ന് തുടങ്ങാനിരുന്ന ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റിവയ്ക്കുകയും ചെയ്തു. സംസ്ഥാന സമ്മേളനത്തിനു തൊട്ടുമുമ്പായിട്ടായിരിക്കും ഇനി ആലപ്പുഴ സമ്മേളനം നടത്തുക. മാര്‍ച്ച് ഒന്നു മുതല്‍ നാലു വരെയാണ് സംസ്ഥാനസമ്മേളനം നിശ്ചയിച്ചിരുന്നത്.