ചൈൽഡ് സ്പെഷ്യലിസ്റ്റായിരുന്ന അന്തരിച്ച ഡോ.കെ എ കുഞ്ചെറിയയെപ്പറ്റി
ചങ്ങനാശേരി എൻഎസ്എസ് ട്രെയിനിംഗ് കോളേജിലെ അസ്സോസിയേറ്റ് പ്രൊഫസർ ഡോ സുരേഷ് കെ ജെ എഴുതുന്നു
വർഷങ്ങൾക്കു മുമ്പ് റാന്നി മാർത്തോമ ആശുപത്രിയിൽ പോയപ്പോഴാണ് കഴുത്തിൽ തൂങ്ങി കിടക്കുന്ന സ്റ്റെതസ്കോപ്പിൽ ഒരു ചെറിയ ടെഡി ബെയർ പാവ കൊരുത്തു വെച്ച ഒരു ഡോക്ടർ ഇടനാഴിയിലൂടെ നടന്നു വരുന്നത് കണ്ടത്. പേര് അറിയുമായിരുന്നില്ല. അടുത്തിരുന്ന ആൾ പറഞ്ഞു “കുട്ടികളുടെ ഡോക്ടറാണ്, കുഞ്ചെറിയാ ഡോക്ടർ”. അന്ന് അത് ഒരു കൗതുകമായേ തോന്നിയുള്ളൂ. പക്ഷേ പിന്നീടാണ് മനസ്സിലായത് അത് കുട്ടികളെ പരിശോധിക്കുമ്പോൾ അവർ കരയാതിരിക്കാനുള്ള ഒരു സൂത്രമാണെന്ന്. കുട്ടികളുടെ ശ്രദ്ധയാകർഷിക്കാൻ ഒരു സൈക്കോളജിക്കൽ അപ്രോച്ച്. കുട്ടികളുടെ ഡോക്ടറെ കാണേണ്ട ആവശ്യം അക്കാലത്ത് ഇല്ലാതിരുന്നതിനാൽ പരിചയപ്പെടേണ്ട ആവശ്യം വന്നില്ല.
പിന്നീട് കുട്ടികളുടെ അസുഖവുമായി ബന്ധപ്പെട്ട് പല പീഡിയാട്രീഷ്യൻമാരെയും കാണേണ്ടി വന്നതിനിടയിലാണ് കുഞ്ചെറിയാ ഡോക്ടറെ പരിചയപ്പെട്ടത്. രോഗത്തിന് യാന്ത്രികമായി മരുന്നു കുറിക്കുന്നതോടെ രോഗികളോടുള്ള ബന്ധം അവസാനിക്കുന്ന ഡോക്ടർമാരുടെ ഇടയിൽ, അധികം സ്നേഹപ്രകടനങ്ങളൊന്നുമില്ലെങ്കി ലുംകുട്ടികളെ മക്കളെപ്പോലെ കരുതുന്ന ഒരു ഡോക്ടർ. വെറും പനിക്കു പോലും വില കൂടിയ പേറ്റന്റഡ് മരുന്നുകളുടെ ഒരു ലിസ്റ്റ് തന്നെ കുറിക്കുന്ന ഡോക്ടർമാരുടെ കാലത്ത് വിലകുറഞ്ഞ മരുന്നുകളും സ്നേഹവും കൊണ്ട് അസുഖം മാറ്റുന്ന ഡോക്ടർ. “സാരമില്ല ഇത് കഴിച്ചിട്ട് രണ്ടുമൂന്നു ദിവസം ആവി പിടിച്ചാൽ മാറുന്നതേ ഉള്ളൂ” എന്നൊരു സാന്ത്വനവും. വർഷങ്ങൾക്കു മുമ്പ് ഒരിക്കൽ മകന്റെ പനിക്ക് അദ്ദേഹം കുറിച്ച മരുന്നിന്റെ ബില്ല് ഫാർമസിയിൽ പറഞ്ഞതു കേട്ട് അല്പം ഞെട്ടൽ ഉണ്ടായി. രണ്ടു രൂപ. ചിലപ്പോൾ അതു പോലും ഉണ്ടാകില്ല. “സാരമില്ല. പാരസെറ്റമോൾ ഇരിപ്പുണ്ടെങ്കിൽ രണ്ടു ദിവസം അതു കൊടുത്താൽ മതി. പനി മാറിക്കൊള്ളും.” എന്നൊരു ഉപദേശം മാത്രമാവും ചികിത്സ.
പത്ത് പന്ത്രണ്ടു വർഷം മുൻപ് മകന് ഇടയ്ക്കിടെ ഉണ്ടാവുന്ന ചുമയും ശ്വാസംമുട്ടലും കേരളത്തിൽ അറിയപ്പെടുന്ന, മെഡിക്കൽ കോളേജിലെ പ്രഗല്ഭനായ ഒരു ഡോക്ടറെ കാണിച്ച് ചികിത്സിച്ചു. രണ്ടുമാസത്തോളം ചികിത്സിച്ചിട്ടും അസുഖത്തിന് കുറവുണ്ടായില്ല. രാത്രി ഉറക്കത്തിലും ചുമയോടു ചുമ. ഒടുവിൽ കുഞ്ചെറിയ ഡോക്ടറെ തന്നെ കണ്ടു. അദ്ദേഹത്തിന് അവന്റെ അസുഖത്തിന്റെ ഹിസ്റ്ററി മുഴുവൻ അറിയാമായിരുന്നതിനാൽ മോനെ പരിശോധിച്ചശേഷം തലയിൽ രണ്ട് കൈകളും കെട്ടി കസേരയിൽ പിന്നോട്ട് ചാഞ്ഞ് അല്പസമയം കണ്ണടച്ച് ധ്യാനിക്കുന്നതു പോലെ ഇരുന്നു. ഒടുവിൽ മരുന്ന് എഴുതി. എന്നിട്ട് പറഞ്ഞു “മോനേ ഇതു കൊണ്ട് നിന്റെ അസുഖം മാറും”. അദ്ദേഹത്തിന്റെ വാക്കുകൾ പോലെ മോന്റെ അസുഖം കുറഞ്ഞു. മെഡിക്കൽ കോളേജിലെ പ്രഗല്ഭനായ പ്രൊഫസർ രണ്ടു മാസം ചികിൽസിച്ചിട്ടു ഭേദമാകാത്ത രോഗം ഒരു പഴയ MBBS DCH ഡോക്ടർ ചികിൽസിച്ചിട്ടു ഭേദമാകണമെങ്കിൽ മരുന്നിന്റെ മാത്രമല്ല അദ്ദേഹത്തിന്റെ സ്നേഹവും കരുതലും അവനു പകർന്ന ആത്മവിശ്വാസത്തിന്റെയും അദ്ദേഹത്തിന്റെ പ്രാർത്ഥനയുടെയും ഫലം കൂടിയാകണം.
ഒരിക്കൽ ആശുപത്രിയിലേക്ക് എത്തുമ്പോൾ സമയം ഒരു മണി കഴിഞ്ഞിരുന്നു. രാവിലത്തെ ഒ.പി. സമയം കഴിഞ്ഞ് അദ്ദേഹം ഊണു കഴിക്കാൻ വീട്ടിൽ പോകാനായി ആശുപത്രിയിൽ നിന്നിറങ്ങി നൂറു മീറ്ററോളം അകലെയുള്ള പാർക്കിങ് ഗ്രൗണ്ടിലെത്തി കാറിൽ കയറാൻ തുടങ്ങുമ്പോഴാണ് ഞങ്ങൾ എത്തിയത്. “ഡോക്ടർ പോകാൻ ഇറങ്ങിയോ, ഞങ്ങൾ കാണാൻ വരികയായിരുന്നു” എന്നു കാറിലിരുന്നു കൊണ്ടു തന്നെ ചോദിച്ചതേയുള്ളു.
“ചീട്ട് എടുത്തോളൂ . ഞാൻ വരുന്നു” എന്ന് പറഞ്ഞ് അദ്ദേഹം തിരികെ റൂമിൽ വന്നു പരിശോധിച്ച് മരുന്ന് തന്നു. സാധാരണമായി ഏതൊരു ഡോക്ടറും “ഒ പി കഴിഞ്ഞു” എന്നുപറഞ്ഞ് കാറിൽ കയറി പോകാനാണ് സാധ്യത. കാരണം പത്തു കിലോമീറ്ററോളം ദൂരെയാണ് ആദ്ദേഹത്തിന്റെ വീട്. കൂടാതെ നാലുമണിക്ക് വൈകിട്ടത്തെ ഒ പിയ്ക്കായി വീണ്ടും മടങ്ങി വരേണ്ടതുമുണ്ട്. തിരികെ റൂമിൽ വന്നു ഒരു രോഗിയെ കൂടി പരിശോധിക്കുന്നതു കൊണ്ടു അദ്ദേഹത്തിനു വിശേഷിച്ചു സാമ്പത്തിക ലാഭമൊന്നുമില്ല. ഡോക്ടർമാർ ആരും ചെയ്യാൻ സാധ്യതയില്ലാത്ത ഈ നടപടി അദ്ദേഹത്തോടുള്ള സ്നേഹവും മതിപ്പും ഏറെ വർദ്ധിപ്പിച്ചു.
അദ്ദേഹത്തിന്റെ ഇത്തരം രീതികൾ കൊണ്ടുതന്നെ കുട്ടികൾ മുതിർന്നിട്ടും എന്തെങ്കിലും അസുഖം വന്നാൽ മുതിർന്നവർക്കുള്ള എം ഡി ക്കാരായ ഡോക്ടർമാരെ കാണുന്നതിനേക്കാൾ അവർക്ക് കുട്ടികളുടെ ഡോക്ടറായ കുഞ്ചെറിയാ ഡോക്ടറെ കാണുന്നതായിരുന്നു ഇഷ്ടം. അവരുടെ വിശ്വാസം അദ്ദേഹം അത്രയേറെ നേടിയിരുന്നു. അദ്ദേഹത്തിനും അവരോട് മക്കളോടുള്ള സ്നേഹം തന്നെയായിരുന്നു.
കുട്ടികൾ പഠനവുമായി ബന്ധപ്പെട്ട് പല സ്ഥലത്തേക്കും പോയപ്പോൾ അദ്ദേഹത്തെ കാണുന്നത് മുടങ്ങി. എങ്കിലും ആശുപത്രിക്ക് അകത്തു മാത്രമല്ല പുറത്തു വെച്ചാണെങ്കിലും എപ്പോൾ കണ്ടാലും നേർത്ത പുഞ്ചിരിയോടെ പരിചയം പുതുക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ഡോക്ടർജാഡയില്ലാത്ത മിതഭാഷിയായ അദ്ദേഹം പെരുമാറ്റത്തിൽ മാന്യതയും വിനയവും കരുതലും പുലർത്തിയിരുന്നു.
ഓരോ തവണയും ആയിരം രൂപ കൺസൾട്ടിംഗ് ഫീസ് വാങ്ങിച്ചിട്ടു പോലും പിന്നീട് ടെസ്റ്റിന്റെ റിസൾട്ട് കാണിക്കാൻ ചെന്നപ്പോൾ മരണാസന്നനായ പാവപ്പെട്ട ക്യാൻസർ രോഗിയോടു ” ചികിത്സിച്ചിട്ടു കാര്യമില്ല, ഇനി വരേണ്ട” എന്നു പറഞ്ഞതിന് വീണ്ടും ഫീസ് വാങ്ങിയ ഡോക്ടർമാർ വരെയുള്ള കാലത്ത് രോഗികളോട് സ്നേഹവും കരുതലും മാനുഷികമൂല്യങ്ങളുമുള്ള ഇത്തരം ഡോക്ടർമാരുടെ എണ്ണം കുറഞ്ഞുവരുകയാണ്. അതുകൊണ്ടുതന്നെ അദ്ദേഹവുമായി ഇടപെട്ടവരുടെ മനസ്സിൽ സ്നേഹത്തിന്റെ സൗമ്യസാന്നിധ്യമായി അദ്ദേഹം മരണശേഷവും അമരനായി ജീവിക്കും.