NEWS

ദിലീപ് സുപ്രീംകോടതിയില്‍; വിചാരണ നീട്ടരുത്, തുടരന്വേഷണം പ്രഹസനം

വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും തുടരന്വേഷണം നടത്തുന്നത് വിചാരണ വൈകിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്നും സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ ദിലീപ് ആരോപിച്ചു. വിചാരണക്കോടതി ജഡ്ജിയെ മാറ്റുന്നതിനാണ് സർക്കാർ കൂടുതൽ സമയം തേടുന്നത്. വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹൈക്കോടതി ഈ ആവശ്യം നിരാകരിച്ചു

ദില്ലി: ജഡ്ജി മാറുന്നത് വരെ വിചാരണ വൈകിപ്പിക്കുകയാണ് സർക്കാരിൻ്റെ ഗൂഢോദ്ദേശമെന്നും നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാൻ കൂടുതല്‍ സമയം നൽകരുതെന്നും ആവശ്യപ്പെട്ട് ദിലീപ്  സുപ്രീംകോടതിയെ സമീപിച്ചു.

ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ തുടരന്വേഷണം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിനു പിന്നാലെയാണ് ഇതിനെ എതിർത്തു കൊണ്ടുള്ള ദിലീപിന്‍റെ നീക്കം. നാളെയാണ് ഈ ഹർജി സുപ്രീംകോടതി പരിഗണിക്കുക. വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ഹർജിയില്‍ ആവശ്യപ്പെട്ട ദിലീപ് തുടരന്വേഷണം നടത്തുന്നത് വിചാരണ വൈകിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്നും ആരോപിച്ചു.

ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകൾ വിശ്വാസത്തിലെടുക്കാനാകില്ല. ബാലചന്ദ്രകുമാര്‍ അന്വേഷണസംഘം വാടക്കെടുത്ത സാക്ഷിയാണെന്നും സത്യവാങ്മൂലത്തില്‍ ദിലീപ് ആരോപിച്ചു. ഇതോടൊപ്പം ജഡ്ജി സ്ഥലം മാറുന്നത് വരെ  വിചാരണയില്‍ കാലതാമസം വരുത്തുകയെന്ന ഗൂഢോദ്ദേശവും സർക്കാരിനുണ്ടെന്ന് മറുപടി സത്യവാങ്മൂലത്തില്‍ ദിലീപ് ചൂണ്ടിക്കാട്ടി. നേരത്തെ ജഡ്ജിയെ മാറ്റണമെന്ന്  സർക്കാര്‍ തന്നെ ആവശ്യപ്പെട്ടത് പരാമർശിച്ചായിരുന്നു ദിലീപിന്‍റെ ആരോപണം.

ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, സി.ടി രവികുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് സർക്കാരിന്‍റെ അപേക്ഷ പരിഗണിക്കുന്നത്. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് സർക്കാ‍ർ കഴിഞ്ഞ ദിവസം കോടതിയോട് അഭ്യർത്ഥിച്ചിരുന്നു. ഫെബ്രുവരി പതിനാറിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് നേരത്തെ സുപ്രീംകോടതി നിർദേശിച്ചിരുന്നത്.

വിചാരണ കോടതി ജഡ്ജിയാണ് സമയം നീട്ടി നൽകണം എന്ന് ആവശ്യപ്പെടേണ്ടത്. എന്നാൽ വിചാരണ കോടതി ജഡ്ജി അത്തരം ഒരാവശ്യം ഉന്നയിച്ചിട്ടില്ല. ഇപ്പോൾ നടത്തിയ വെളിപ്പെടുത്തലുകൾ സംവിധാകയാകൻ ബാലചന്ദ്രകുമാർ എന്തുകൊണ്ടാണ് നേരത്തെ പറയാത്തത് എന്നതിന് കൃത്യമായ വിശദീകരണം ഇല്ലെന്നും സുപ്രീംകോടതിയിൽ ഫയൽ ചെയ്ത മറുപടി സത്യവാങ്മൂലത്തിൽ ദിലീപ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ദിലീപിന് വേണ്ടി സീനിയർ അഭിഭാഷകൻ മുകുൾ റോത്തഗി നാളെ സുപ്രീം കോടതിയിൽ ഹാജരായേക്കും.

Back to top button
error: