KeralaNEWS

സംസ്ഥാനത്ത് കോവിഡ് അതിതീവ്രവ്യാപനം: മന്ത്രി വീണാ ജോര്‍ജ്, വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

 

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് അതിതീവ്ര വ്യാപനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒന്നും രണ്ടും തരംഗത്തില്‍ നിന്നും വിഭിന്നമായി കോവിഡ് മൂന്നാം തരംഗത്തിന്റെ ആരംഭത്തില്‍ തന്നെ വലിയ വ്യാപനമാണ് ഉണ്ടായിരിക്കുന്നത്. രണ്ടാം തരംഗത്തില്‍ വ്യാപനം 2.68 ആയിരുന്നപ്പോള്‍ ഇപ്പോഴത്തേത്ത് 3.12 ആണ്. അതായത് ഡെല്‍റ്റയെക്കാള്‍ ആറിരട്ടി വ്യാപനമാണ് ഒമിക്രോണിനുള്ളത്. അടുത്ത മൂന്നാഴ്ച ഏറെ നിര്‍ണായകമാണെന്നും മന്ത്രി പറഞ്ഞു.

Signature-ad

ഡൈല്‍റ്റ വൈറസിനേക്കാള്‍ അതി തീവ്ര വ്യാപന ശേഷിയുള്ള ഒമിക്രോണാണ് മൂന്നാം തരംഗത്തില്‍ വ്യാപനം കൂട്ടുന്നത്. ഡെല്‍റ്റാ വകഭേദത്തിനേക്കാള്‍ ഒമിക്രോണിന് താരതമ്യേന ഗുരുതരാവസ്ഥ കുറവാണെങ്കിലും ജാഗ്രത കൈവിടാന്‍ പാടില്ല. വളരെ വേഗം പടര്‍ന്ന് പിടിക്കുന്നതിനാല്‍ ആശുപത്രികളിലും ഐസിയുവിലും വെന്റിലേറ്ററുകളിലുമെത്തുന്ന രോഗികള്‍ കൂടാന്‍ സാധ്യതയുണ്ട്.

ഒരു കാരണവശാലും കോവിഡ് വന്ന് പോകട്ടെ എന്ന് കരുതരുത്. കോവിഡിനേയും ഒമിക്രോണിനേയും പറ്റി തെറ്റിദ്ധാരണ പരത്തുന്ന വ്യാജ പ്രചരണമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. ജലദോഷം, പനി, ചുമ, തലവേദന, ശരീരവേദന എന്നീ രോഗലക്ഷണങ്ങളുള്ളവര്‍ വീടുകളില്‍ തന്നെ കഴിയണം. ഒമിക്രോണ്‍ ബാധിച്ചവരില്‍ ഭൂരിപക്ഷം പേരിലും മണവും രുചിയും നഷ്ടപ്പെടുന്നതായി കാണുന്നില്ല. കോവിഡ് വ്യാപനം തടയുക എന്നത് ഓരോരുത്തരുടേയും ഉത്തരവാദിത്തമാണ്. വ്യക്തിപരമായി ഓരോരുത്തരും ശ്രദ്ധിച്ചില്ലെങ്കില്‍ സ്ഥിതി വഷളാകും ഇപ്പോഴത്തെ സ്ഥിതി വഷളാകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം.

പരമാവധി പേര്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷിതമാക്കാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. 18 വയസിന് മുകളിലുള്ള 99.8 ശതമാനത്തോളം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 83 ശതമാനത്തോളം പേര്‍ക്ക് രണ്ടാം ഡോസും നല്‍കാനായി. ഇതുകൂടാതെ കുട്ടികളുടെ വാക്‌സിനേഷന്‍ 57 ശതമാനമായി (8,67,199). കരുതല്‍ ഡോസ് വാക്‌സിനേഷനും പുരോഗമിക്കുന്നു.

 

Back to top button
error: