പത്തനംതിട്ട :17 കോടി രൂപ മുടക്കി ആധുനിക രീതിയിൽ പണികഴിപ്പിച്ച അട്ടച്ചാക്കല്‍ – കുമ്ബളാംപൊയ്ക റോഡ് ഗതാഗതത്തിനായി തുറന്നുകൊടുക്കുമ്പോൾ മുന്‍ എം.എല്‍.എ പി.ജെ.തോമസിനെ ഓർക്കാതിരിക്കാൻ തരമില്ല.കാരണം വര്‍ഷങ്ങളായുള്ള നാട്ടുകാരുടെ ആവശ്യമായിരുന്നു കോന്നി പഞ്ചായത്തിലെ അട്ടച്ചാക്കലില്‍ നിന്ന് തുടങ്ങി വടശേരിക്കര പഞ്ചായത്തിലെ കുമ്ബളാംപൊയ്കയില്‍ അവസാനിക്കുന്ന ഒരു റോഡ്.തോട്ടം തൊഴിലാളികൾക്കായിരുന്നു ഇതിന്റെ പ്രയോജനം ഏറെയും. എംഎൽഎ പല തവണ മുൻകൈ എടുത്തിട്ടും റോഡ് സാധ്യമായില്ല.ഹാരിസൺ കമ്പനിയായിരുന്നു തടസ്സം.
അട്ടച്ചാക്കലില്‍ നിന്ന് തുടങ്ങുന്ന ഇടുങ്ങിയ ഗ്രാമീണ റോഡ് ചെങ്ങറ വരെയും പുതുക്കുളത്തു നിന്ന് തുടങ്ങുന്ന ഹാരിസണ്‍സ് കമ്ബനിയുടെ റോഡ് ചെറത്തിട്ട ജംഗ്ഷന്‍ വരെയും എത്തി നില്‍ക്കുകയായിരുന്നു.തുടർന്ന് ഈ റോഡുകളെ ബന്ധിപ്പിച്ചാല്‍ കോന്നി, റാന്നി നിയമസഭാ മണ്ഡലങ്ങളിലെ ജങ്ങള്‍ക്ക് പ്രയോജനപ്രദമാകുമെന്നും അതിനായി സ്ഥലം വിട്ടുതരണമെന്നും ആവശ്യപ്പെട്ടു പി.ജെ.തോമസ് ഹാരിസണ്‍സ് കമ്ബനിയുടെ കൊച്ചിയിലെ ഹെഡ് ഓഫീസിലെത്തി നിവേദനം നല്‍കി.എന്നിട്ടും അനുകൂല നിലപാടുണ്ടായില്ല. എന്നാല്‍ പി.ജെ.തോമസ് പിന്‍മാറാന്‍ ഒരുക്കമായിരുന്നില്ല. കോന്നി പഞ്ചായത്ത് മെമ്ബറായിരുന്ന പി.ഇ.മത്തായിയുടെ നേതൃത്വത്തില്‍ നാട്ടുകാരെ സംഘടിപ്പിച്ച്
റോഡ് വെട്ടുകയായിരുന്നു. 1979ലെ ഗാന്ധിജയന്തിദിനത്തില്‍ പി.ജെ.തോമസ് ഹാരിസണ്‍സ് കമ്ബനിയുടെ ആദ്യത്തെ തേയിലച്ചെടി വെട്ടിമാറ്റി.പിന്നാലെ നാട്ടുകാരും.
അന്നത്തെ കൊല്ലം ജില്ലാപൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും ജനകീയ മുന്നേറ്റത്തെ തടയാന്‍ കഴിഞ്ഞില്ല. ഹാരിസണ്‍സ് കമ്ബനി പി.ജെ തോമസിനെ ഒന്നാംപ്രതിയാക്കി വെട്ടിമാറ്റിയ തേയിലച്ചെടി ഒന്നിന് 40 ബ്രിട്ടീഷ് പൗണ്ട് നഷ്ടപരിഹാരമാവശ്യപ്പെട്ട് ഹൈകോടതിയില്‍ കേസ് കൊടുത്തെങ്കിലും റോഡ് നാട്ടുകാരുടെ ആവശ്യമാണെന്ന നിരീക്ഷണമാണ് കോടതി നടത്തിയത്.
അങ്ങനെ 1979 ഒക്ടോബര്‍ 2ന് അടിയന്തരാവസ്ഥ സമയത്ത് കോന്നി എം.എല്‍.എ ആയിരുന്ന പി.ജെ.തോമസിന്റെ നേതൃത്വത്തില്‍ ജനകീയ മുന്നേറ്റത്തില്‍ പിറവിയെടുത്ത റോഡാണ് അട്ടച്ചാക്കൽ- കുമ്പളാംപൊയ്ക റോഡ്.13 കിലോമീറ്റര്‍ ദൂരമുള്ള റോഡിലെ നാലുകിലോമീറ്റര്‍ ഹാരിസണ്‍സ് മലയാളം പ്ലാന്റേഷനിലൂടെയാണ് കടന്നുപോകുന്നത്.ഇപ്പോൾ 17 കോടിരൂപ മുടക്കി ബിഎം ആന്‍ഡ് ബിസി നിലവാരത്തിലാണ് ഈ റോഡ് വികസിപ്പിച്ചിരിക്കുന്നത്.
പുനലൂര്‍ – മുവാറ്റുപുഴ സംസ്ഥാനപാതയില്‍ പണികള്‍ നടക്കുന്നതിനാല്‍ തമിഴ്‍നാടിന്റെ തെക്കന്‍ ജില്ലകളില്‍ നിന്നും, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിന്നും വരുന്ന ശബരിമല തീര്‍ത്ഥാടകര്‍ ഈ റോഡിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്.എംസി റോഡിന് ബദലായുള്ള നിർദ്ദിഷ്ട തിരുവനന്തപുരം- അങ്കമാലി ദേശീയ പാതയും ഇതുവഴിയാണ് കടന്നുപോകുന്നത്.ചെങ്കോട്ട, തിരുവനന്തപുരം, കൊല്ലം ഭാഗത്തു നിന്നും എത്തുന്ന ശബരിമല തീർത്ഥാടകർക്ക് ഏറ്റവും എളുപ്പം പമ്പയിൽ എത്താൻ കഴിയുന്ന റോഡുമാണിത്.
.