കാവ്യാത്മകതയും സംഗീതാത്മകതയും ആലാപന വൈഭവും സംഗമിക്കുന്ന ഒരുപിടി ഗാനപുഷ്പങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ആലപ്പി രംഗനാഥ് വിടവാങ്ങിയത് അയ്യപ്പ സന്നിധിയില്‍ വച്ച് ഹരിവരാസനം പുരസ്കാരം ഏറ്റുവാങ്ങി ദിവസങ്ങള്‍ക്കകം.ഈ മാസം 14 നായിരുന്നു ശബരിമലയിൽ വച്ച് ഹരിവരാസന പുരസ്കാരം അദ്ദേഹം ഏറ്റുവാങ്ങിയത്.അതിനുശേഷമാണ് വീട്ടിലെത്തിയ അദ്ദേഹത്തെ
കോവിഡ് ബാധയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതും.
‘ഏറെ പ്രിയപ്പെട്ട അയ്യപ്പ ഗാനങ്ങള്‍’ മലയാളികള്‍ക്ക് സമ്മാനിച്ച ആലപ്പി രംഗനാഥ് ജീവിതത്തില്‍ നിന്ന് മടങ്ങുന്നത് അയ്യപ്പ സന്നിധിയില്‍ വച്ച് ഹരിവരാസനം പുരസ്കാരം ഏറ്റുവാങ്ങി ദിവസങ്ങള്‍ക്കകമായിരുന്നു എന്നത് കാലത്തിന്റെ യാദൃശ്ചികതയാവാം.
തന്റെ ആദ്യ സിനിമയായ ജീസസിലെ ‘ഓശാനാ ഓശാന കര്‍ത്താവിനോശാനാ’ എന്ന് തുടങ്ങുന്ന ഗാനവും യേശുദാസിന്റെ ഉടമസ്ഥതയിലുള്ള തരംഗിണി പുറത്തിറക്കിയ അയ്യപ്പഭക്തിഗാനങ്ങളിലെ ‘സ്വാമി സംഗീതം ആലപിക്കും താപസ ഗായകനല്ലോ ഞാന്‍’ എന്ന ഗാനവുമാണ് ആലപ്പി രംഗനാഥിനെ പ്രശസ്തനാക്കിയവയില്‍ പ്രധാനം.എല്ലാ ദുഖവും തീര്‍ത്തുതരൂ എന്റയ്യാ, …, കന്നിമല, പൊന്നുമല.., മകര സംക്രമ ദീപം കാണാന്‍.., തുടങ്ങിയവയാണ് മറ്റു പ്രശസ്ത ഗാനങ്ങൾ.
പൂച്ചയ്‌ക്ക് ഒരു മൂക്കുത്തി സിനിമയുടെ പശ്ചാത്തല സംഗീതവും പപ്പന്‍ പ്രിയപ്പെട്ട പപ്പനിലെ പാട്ടുകളും ചെയ്‌തു. ആരാന്റെ മുല്ല കൊച്ചുമുല്ലയുടെ സംഗീത സംവിധാനവും ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് 20 സിനിമകളില്‍ ഗാനങ്ങള്‍ക്ക് ഈണമിട്ടു. അമ്ബാടി തന്നിലൊരുണ്ണി, ധനുര്‍വേദം തുടങ്ങിയ സിനിമകള്‍ സംവിധാനവും ചെയ്‌തു. അമ്ബാടിതന്നിലൊരുണ്ണിയുടെ റീ റെക്കോര്‍ഡിംഗിന് കീ ബോര്‍ഡ് വായിച്ചത് സാക്ഷാൽ എ.ആര്‍. റഹ്‌മാനായിരുന്നു.
ബൈബിളിലെ ഇതിവൃത്തങ്ങള്‍ അടിസ്ഥാനപ്പെടുത്തി കര്‍ണാടക സംഗീതത്തില്‍ 10 കീര്‍ത്തനങ്ങള്‍ രചിച്ചതിന്റെ അപൂര്‍വതയും ആലപ്പി രംഗനാഥിന് സ്വന്തം. കൂടാതെ ബിലഹരി രാഗത്തിലും ആദി താളത്തിലും അധിഷ്ഠിതമാക്കി ‘കരുണാ സാഗര’ എന്ന വര്‍ണവും അദ്ദേഹം ഒരുക്കി. അമൃതവര്‍ഷിണി രാഗത്തില്‍ ‘ജഗന്നായക സ്മരണം’ എന്നതായിരുന്നു ബൈബിളിനെ ആസ്പദമാക്കിയുള്ള ആദ്യ കീര്‍ത്തനം. ‘സദാപി തിരുശരണം’ (രാഗം-ഖരഹര പ്രിയ), ‘തൃപ്പാദാംബുജം’ (രാഗം-ശങ്കരാഭരണം), ‘ശ്രീയേശുപാദുമാം’ (രാഗം-തോടി), ‘കാല്‍വരീശ്വരം’ (രാഗം-സരസ്വതി രാഗം), ‘ഭജേ യേശുദേവം’ (രാഗം-കാപ്പി), ‘പാലയമാം’ (രാഗം-പന്തുവരാളി), ‘ഭജ ഭജ തി’ (രാഗം-ഹംസാനന്ദി), ‘ശ്രീയേശുനാഥം’ (രാഗം-മായാ മാധവ ഗൗള) എന്നിവയാണ് മറ്റു കീര്‍ത്തനങ്ങള്‍.
ഇതുകൂടാതെ അമൃതവര്‍ഷിണി രാഗത്തില്‍ ‘ലോകാധിനാഥം’ എന്ന ധ്യാന ശ്ലോകവും രചിച്ചു. ശ്രീയേശു സുപ്രഭാതം എഴുതി ഈണമിട്ടതും പരുമല തിരുമേനിയുടെ ജീവിതവും ദര്‍ശനവും ആസ്പദമാക്കി പരുമല സ്മൃതി കീര്‍ത്തനാഷ്ടകം രചിച്ചതും മറ്റുനേട്ടങ്ങള്‍. മഹാത്മാഗാന്ധി, ശ്രീനാരായണ ഗുരു, ശങ്കരാചാര്യര്‍, സ്വാമി വിവേകാനന്ദന്‍ തുടങ്ങിയവരെക്കുറിച്ചു കര്‍ണാടക സംഗീത കൃതികള്‍ രചിക്കുന്നതിനുള്ള ഗവേഷണവും അദ്ദേഹം നടത്തിയിരുന്നു.
ശ്രീനാരായണഗുരുദേവന്റെ കവിതകള്‍ക്ക് ഈണം പകരാനും രംഗനാഥിന് അവസരം ലഭിച്ചു. ദൈവദശകം (ദൈവമേ കാത്തുകൊള്‍കങ്ങു കൈവിടാതിങ്ങു ഞങ്ങളെ) ശിവപ്രസാദപഞ്ചകം (ശിവ ശങ്കര ശര്‍വ്വ ശരണ്യവിഭോ) തുടങ്ങിയ വിശിഷ്ട കവിതകള്‍ ഇദ്ദേഹത്തിന്റെ ഈണത്തില്‍ കേരളം കേട്ടു. എനിയ്ക്കു മരണമില്ല (വയലാര്‍), സ്വീറ്റ് മെലഡീസ്, എന്റെ വാനമ്ബാടി, കുട്ടികള്‍ക്കു വേണ്ടിയുള്ള ഗാനങ്ങള്‍, ആല്‍ബങ്ങള്‍, ഓണപ്പാട്ടുകള്‍,നാടകങ്ങള്‍ എന്നിങ്ങനെ രംഗനാഥിന്റെ സംഭാവനകള്‍ ഏറെയാണ്.
1949 മാർച്ച് 9ന് ആലപ്പുഴ വേഴപ്ര കുഞ്ഞുകുഞ്ഞു ഭാഗതവതരുടെയും ഗാനഭൂഷണം എം.ജി.ദേവമ്മാളുടെയും മകനായി ജനിച്ച അദ്ദേഹം കോട്ടയം നീണ്ടൂർ കൈപ്പുഴയിലായിരുന്നു താമസിച്ചു കൊണ്ടിരുന്നത്.അന്ത്യകർമ്മങ്ങളും ഇവിടെയാണ് നടക്കുക.