തുടർ ചികിത്സയ്ക്ക് മുഖ്യമന്ത്രി ശനിയാഴ്ച അമേരിക്കയിലേക്ക്, പകരം ചുമതലക്കാരനില്ല
കേന്ദ്ര കമ്മറ്റി അംഗം എം.വി ഗോവിന്ദനാണ് പാര്‍ട്ടിയിലെ സീനിയര്‍. കെ രാധാകൃഷ്ണനും കേന്ദ്ര കമ്മറ്റി അംഗമാണ്. പക്ഷേ ഇവരാരും പകരക്കാരനായി വരാൻ സാദ്ധ്യതയില്ല. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സയ്ക്ക് പോയപ്പോള്‍ ഔദ്യോഗിക ചുമതല ആര്‍ക്കും നല്‍കിയിരുന്നില്ല. ഇ-ഫയലിംഗ് വഴി അത്യാവശ്യ ഫയലുകള്‍ അദ്ദേഹം നോക്കി. ഇപ്രാവശ്യവും ആ രീതി തുടരാനാണ് സാദ്ധ്യത
തിരുവനന്തപുരം: മയോക്ലിനിക്കിലെ തുടർചികിത്സയ്ക്കായി ശനിയാഴ്ച അമേരിക്കയിലേക്ക് പോകുന്ന മുഖ്യമന്ത്രി, പകരം താല്‍ക്കാലിക ചുമതല ആര്‍ക്കെങ്കിലും നല്‍കാൻ സാദ്ധ്യതയില്ലെന്നാണ് സൂചന.
എങ്കിലും ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ ഇത് സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കും.
കേന്ദ്ര കമ്മറ്റി അംഗമായ എം.വി ഗോവിന്ദനാണ് മന്ത്രിസഭയില്‍ പാര്‍ട്ടിയിലെ സീനിയര്‍. കെ രാധാകൃഷ്ണനും കേന്ദ്ര കമ്മറ്റി അംഗമാണ്. ഇവർക്കാർക്കും ചുമതല നൽകാൻ സാദ്ധ്യതയില്ലെന്നും കഴിഞ്ഞ തവണത്തെപ്പോലെ ഓണ്‍ലൈനായി കാര്യങ്ങൾ ചെയ്യാനാണ് തീരുമാനമെന്നും അറിയുന്നു.
സി.പി.എം കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രി ഓണ്‍ലൈന്‍ വഴിയാകും രാവിലെ 11ന് ചേരുന്ന മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കുക.
നാളെ തിരുവനന്തപുരത്ത് മടങ്ങിയെത്തുന്ന മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ചില ഔദ്യോഗിക യോഗങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച പാറശാലയില്‍ ആരംഭിക്കുന്ന സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ ആദ്യദിവസം പങ്കെടുക്കും.
ശനിയാഴ്ച അമേരിക്കയിലേക്ക് തിരിക്കുന്ന അദ്ദേഹം ഈ മാസം അവസാനം മടങ്ങിയെത്തും.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സയ്ക്ക് പോയപ്പോള്‍ ഔദ്യോഗിക ചുമതല ആര്‍ക്കും നല്‍കിയിരുന്നില്ല. ഇ-ഫയലിംഗ് വഴി അത്യാവശ്യ ഫയലുകള്‍ അദ്ദേഹം നോക്കി. അന്ന് വ്യവസായമന്ത്രിയായിരുന്ന ഇ.പി ജയരാജന് പ്രളയ ദുരിതാശ്വാസ ഫണ്ട് സ്വീകരിക്കുന്നതിന്റെ ചുമതല മാത്രം കൈമാറി. ഇപ്പോള്‍ മന്ത്രിസഭായോഗം പലപ്പോഴും ഓണ്‍ലൈനായാണ് ചേരുന്നത്. അമേരിക്കയില്‍ നിന്നായാലും മുഖ്യമന്ത്രിക്ക് യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കാനാവും. കൊവിഡ് അവലോകനയോഗവും ഇത്തരത്തില്‍ ചേരാം.
നിലവില്‍ മയോക്ലിനിക്കിന്റെ നിര്‍ദ്ദേശ പ്രകാരമുള്ള ചികില്‍സയാണ് മുഖ്യമന്ത്രി തുടരുന്നത്. ഇപ്പോൾ കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല.
എങ്കിലും തുടര്‍പരിശോധനയുടെ ഭാഗമായാണ് യാത്ര.