മതസൗഹാര്‍ദത്തിന്റെ സന്ദേശം വിളിച്ചോതുന്ന ചന്ദനക്കുടത്തെയും വലിയപേട്ടതുള്ളലിനെയും വരവേല്‍ക്കാന്‍ നാട് ഒരുങ്ങിക്കഴിഞ്ഞു.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇത്തവണത്തെ ആഘോഷങ്ങള്‍.
അമ്ബലപ്പുഴ, ആലങ്ങാട്ട് പേട്ടതുള്ളല്‍ സംഘങ്ങള്‍ വിവിധ ക്ഷേത്രങ്ങളിലെ ചടങ്ങുകള്‍ക്കു ശേഷം ഇന്ന് എരുമേലിയിലെത്തിച്ചേരും. 11 നു രാവിലെ 11 മണിയോടെ മാനത്തു ശ്രീകൃഷ്‌ണപരുന്തിനെ കാണുന്നതോടെ സമൂഹപെരിയോന്‍ എന്‍. ഗോപാലകൃഷ്‌ണ പിള്ളയുടെ നേതൃത്വത്തിലുള്ള അമ്ബലപ്പുഴ സംഘം പേട്ട ശ്രീ ധര്‍മശാസ്‌താ ക്ഷേത്രത്തില്‍ നിന്നും പേട്ടതുള്ളിയിറങ്ങും. സംഘത്തെ നൈനാര്‍ പള്ളിയില്‍ ജമാഅത്ത് പ്രതിനിധികള്‍ സ്വീകരിക്കും.വാവരുടെ പ്രതിനിധിയായി ടി.എച്ച്. ആസാദ് താഴത്തുവീട്ടില്‍ അമ്ബലപ്പുഴ സംഘത്തിനൊപ്പം ചേരും.
ഉച്ചകഴിഞ്ഞു മൂന്നു മണിയോടെ ആലങ്ങാട്ട് സംഘത്തിന്റെ പേട്ടതുള്ളല്‍ ആരംഭിക്കും. മാനത്തു വെള്ളിനക്ഷത്രത്തെ ദര്‍ശിക്കുന്നതോടെയാണ് ആലങ്ങാട്ട് സംഘം പേട്ടതുള്ളിയിറങ്ങുന്നത്.