ആലുവ: ഓൺലൈൻ തട്ടിപ്പിലൂടെ 70000 രൂപ നഷ്‌ടമായ ആലുവ പറവൂർ സ്വദേശിയായ യുവതിക്ക് പണം വീണ്ടെടുത്ത് നൽകി ആലുവ റൂറൽ സൈബർ പോലീസ്. കഴിഞ്ഞ മാസം 80000 രൂപയുടെ ക്രഡിറ്റ് കാർഡ് കുടിശ്ശിക യുവതിക്ക് അടച്ച് തീർക്കാൻ ഉണ്ടായിരുന്നു. അത് ബാങ്ക് അക്കൗണ്ടിൽ അടച്ചതിനു ശേഷവും വീണ്ടും തുക അടയ്ക്കാൻ മെസ്സേജ് വരികയായിരുന്നു.ഇങ്ങനെ നിരന്തരം ഫോൺ വരികയും യുവതി ഇൻറർനെറ്റിൽ നിന്നും ബാങ്കിന്റെ കസ്റ്റമർ കെയർ നമ്പർ എടുക്കുകയും അവർ നിർദേശിച്ച ആപ്പ് ഡൌൺലോഡ് ചെയ്ത് കാർഡ് വിവരങ്ങൾ കൈമാറുകയുമായിരുന്നു. ഉടൻ തന്നെ അക്കൗണ്ടിൽ ശേഷിച്ചിരുന്ന പണം യുവതിക്ക് നഷ്ടമാകുകയും ചെയ്തു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ റൂറൽ എസ് പി, കെ .കാർത്തിക് അന്വേഷിക്കുകയും സൈബർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.ബാങ്കുമായും പരാതിക്കാരി ഉപയോഗിച്ച ആപ്പുമായും ബന്ധപ്പെട്ട പോലീസ്, തട്ടിപ്പുകാർ കടത്തിയ പണം മരവിപ്പിക്കുകയും അക്കൗണ്ടിൽ തിരികെ എത്തിക്കുകയുമായിരുന്നു. ഇൻസ്‌പെക്ടർ എം.ബി .ലത്തീഫ് , എസ് ഐ കൃഷ്ണകുമാർ , സിപിഓ മാരായ ഹൈനീഷ്, ലിജോ ,ജെറി കുര്യാക്കോസ് എന്നിവർ അന്വേഷണത്തിൽ പങ്കെടുത്തു.