കോയമ്പത്തൂർ: ഒമിക്രോൺ– കോവിഡ് കേസുകൾ കൂടിയതോടെ കോയമ്പത്തൂർ-വാളയാർ റൂട്ടിലെ ചാവടിയിൽ തമിഴ്നാട് ഉദ്യോഗസ്ഥ സംഘം പരിശോധന കൂടുതൽ കർശനമാക്കി.ബാരിക്കേഡുകൾ സ്ഥാപിച്ച് ദേശീയപാത പൂർണമായി ഇവിടെ അടയ്ക്കുകയും ചെയ്തു.വാളയാർ അതിർത്തി ചെക്പോസ്റ്റിനെ മറികടന്ന് വേലന്താവളം റൂട്ടിലൂടെ നിരവധി പേർ കടന്നു വരാൻ തുടങ്ങിയതോടെയാണ് ഇത്. തമിഴ്നാട്ടിലേക്കു വരുന്ന വാഹനങ്ങൾ ചാവടി സർവീസ് റോഡിലൂടെ തിരിച്ചുവിട്ട് ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കു ശേഷം മാത്രമേ കടത്തിവിടുകയുള്ളൂ.കോവിഡ് പ്രതിരോധ വാക്സീൻ 2 ഡോസ് പൂർത്തിയായ സർട്ടിഫിക്കറ്റോ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ നിർബന്ധമാണ്.
നിർദേശങ്ങൾ പാലിക്കാതെ എത്തുന്നവരെ വരും ദിവസങ്ങളിൽ മടക്കിഅയയ്ക്കുമെന്നും കർശന നടപടികളിലേക്കു കടക്കുമെന്നും ഉദ്യോഗസ്ഥ സംഘം മുന്നറിയിപ്പുനൽകി.പൊലീസ്, ആരോഗ്യം, റവന്യു, തദ്ദേശ വകുപ്പുകൾ സംയുക്തമായുള്ള ടീമാണ് പരിശോധനയ്ക്കുള്ളത്.