KeralaNEWS

ചില അധ്യാപകർ എങ്ങനെ പഠിപ്പിച്ചു എന്നല്ല എങ്ങനെ നമ്മളോട് പെരുമാറി എന്നതും ഒരു ഓർമ്മയാണ്.. കോട്ടൺ ഹിൽ പ്രധാനാധ്യാപകൻ ബുഹാരി കോയക്കുട്ടിയുടെ ഓർമക്കുറിപ്പ്

 

കുട്ടികളുടെ മനസ്സിൽ ഇടം പിടിക്കുന്ന ചില അധ്യാപകർ!!!
അങ്ങനെ ചിലരുണ്ട്…. അവരെ നമ്മൾ പല അവസരങ്ങളിൽ ഓർക്കും …
പല വേദികളിൽ അവരെക്കുറിച്ചു പറയും…
ഏതു പ്രായത്തിലും നമ്മളവരെ കണ്ടാൽ…
അവരുടെ മുന്നിൽ പെട്ടാൽ…..
അന്നത്തെ കുട്ടിയായി നമ്മൾ മാറും..
എല്ലാവർക്കും അതിനു കഴിഞ്ഞെന്നു വരില്ല…
പക്ഷേ നമ്മുടെ മനസ്സ് തൊട്ടറിയുന്ന ചിലരുണ്ട്…
ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ…
അന്നത്തെ കാലം അറിയാമല്ലോ…? സ്‌കൂൾ തുറക്കുമ്പോഴും മുൻവർഷം ഇട്ട നിക്കറും ഉടുപ്പും തന്നെയാകും ഇടുക….
വളരെ കുറച്ചു കുട്ടികൾക്കേ പുതു വസ്ത്രം ഉണ്ടാകൂ..
അതിനേക്കാൾ ഇന്നു കൗതുകമായി തോന്നുന്നത്….
പത്താം ക്ലാസ്സിലും ഞങ്ങളൊക്കെ നിക്കർ തന്നെയായിരുന്നു ഇട്ടിരുന്നത് എന്നതാണ്!!!

പറഞ്ഞു വന്നത്… അന്ന് അഞ്ചാം ക്ലാസ്സിൽ സ്‌കൂൾ തുറന്നപ്പോൾ പഴയ വസ്ത്രവും ഇട്ടു തന്നെയാണ് പോയത്…
അതിൽ ഒരഭിമാനക്ഷതം ഉള്ളതായി അന്നാർക്കും തോന്നാറില്ലായിരുന്നു….
എനിക്കും തോന്നിയില്ല!!!
എന്നാൽ ആ വസ്ത്രം വളരെ മുഷിഞ്ഞതായിരുന്നു എന്നു എനിക്ക് മനസിലായില്ലായിരുന്നു…
പക്ഷേ എന്റെ സ്‌കൂളിലെ ഒരു അധ്യാപകന് അതു മനസിലായി….
രണ്ട് മൂന്നു ദിവസം കഴിഞ്ഞപ്പോൾ….
സ്‌കൂൾ കഴിഞ്ഞു സാർ വീട്ടിലേയ്ക്ക് തിരികെ പോകുന്ന വഴിയിൽ….
എന്റെ വീട്ടിൽ കയറി…
വീടും കടയുമായിരുന്നു അതു….
കടയെന്നാൽ ചായക്കട…
സാറിന്റെ കയ്യിൽ ഒരു പൊതിയുമുണ്ടായിരുന്നു..
മാതാപിതാക്കളോട് കുറച്ചു നേരം സാർ സംസാരിച്ചു….
ഞാൻ ദൂരെ നിൽക്കുകയായിരുന്നു…
എടാ …. ഇങ്ങു വാടാ…..
എന്നെ സാർ വിളിച്ചു…
ഞാൻ അടുത്തു ചെന്നു.
കയ്യിലിരുന്ന പൊതി സാർ എന്നെ ഏൽപ്പിച്ചു.
ഇതൊരു നിക്കറും ഉടുപ്പിന്റെയും തുണിയാ….
ഇന്നു തന്നെ ആ കടയിൽ തയ്‌ക്കാൻ കൊടുക്കണം…
കേട്ടോ…!!!!
എന്നു പറഞ്ഞു സാർ പോയി…
വർഷം 45 കഴിഞ്ഞു…
പക്ഷെ ആ നിക്കറിന്റെയും ഉടുപ്പിന്റെയും നിറവും…
അതിലെ പുത്തൻ തുണിയുടെ മണവും…..
ഇപ്പോഴും മനസ്സിൽ നിന്നും പോയിട്ടില്ല….
അപ്പോൾ ആ അദ്ധ്യാപകൻ നമ്മുടെ മനസ്സിൽ എങ്ങനെ ആയിരിക്കും….!!!!!!
നമ്മൾ എത്ര ഉന്നതിയിലെത്തിയാലും അവരുടെ മുന്നിൽ പെടുമ്പോൾ നമ്മുടെ പഴയ അവസ്ഥയിലേയ്ക്ക് മാറും….

ചില അധ്യാപകർ എങ്ങനെ പഠിപ്പിച്ചു എന്നല്ല എങ്ങനെ നമ്മളോട് പെരുമാറി എന്നതും ഒരു ഓർമ്മയാണ്!!!!!
ശരിയല്ലേ…..?
എനിക്കും ഇങ്ങനെയുള്ള അധ്യാപകനാകാൻ കഴിഞ്ഞെങ്കിൽ….
എന്നാശിക്കും….
അദ്ധ്യാപകൻ എന്ന നിലയിലുള്ള ചില അനുഭവങ്ങളുണ്ട് നിങ്ങളോട് പറയാൻ….
അതു പിന്നെയാകട്ടെ !!!!!

Back to top button
error: