ഗുജറാത്ത് ഇന്റർനാഷണൽ കൈറ്റ് ഫെസ്റ്റ് : കേരള ടീം ഷെമീം പക്സാൻ, ഷിജി എന്നിവരുടെ നേതൃത്വത്തിൽ
32 – മത് ഗുജറാത്ത് ഇന്റർനാഷണൽ കൈറ്റ് ഫെസ്റ്റിവൽ ജനുവരി 7 മുതൽ 14 വരെ ഗുജറാത്തിലെ അഹമ്മദാബാദ്, സൂററ്റ്, കെവെടിയ, വഡോദര രാജ്‌കോട്ട്, വൈറ്റ് റൺ ഓഫ് കച്ച്, എന്നിവിടങ്ങളിൽ നടക്കും. ഗുജറാത് ടൂറിസത്തിന്റെയും ഇൻക്രെഡിബിൾ ഓഫ് ഇന്ത്യയുടെയും സഹകരണത്തോടെയാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ഇന്ത്യയിലെ 21 സംസ്ഥാനങ്ങളിൽ നിന്നും 12 വിദേശ രാജ്യങ്ങളിൽ നിന്നും 200 ഓളം പട്ടം പറത്തൽ വിദഗ്ദ്ധർ മേളയിൽ പങ്കെടുക്കും.
ഫെസ്റ്റിവലിൽ കേരളത്തിൽ നിന്ന് 7 വനിതകൾ ഉൾപ്പെടെ 44 അംഗങ്ങളെ തെരഞ്ഞെടുത്തു. പുരുഷ വിഭാഗത്തെ അഡ്വ. ഷെമീം പക്സാൻ (കോഴിക്കോട് ), വനിതാ വിഭാഗത്തെ ഷിജി ജെയിംസ് (ഇടുക്കി )എന്നിവർ നയിക്കും. ഇടുക്കി ജില്ലയെ പ്രതി നിധീകരിച്ചു കൊണ്ട് ആർ മോഹൻ, പി കെ രാജേന്ദ്രേൻ, ടി ആർ സോമൻ, അഖിൽ ശശിധരൻ തുടങ്ങിയവരും പങ്കെടുക്കും.
രണ്ടു വിഭാഗങ്ങളിലായി നടത്തുന്ന മത്സരത്തിൽ രാജ്യാന്തര വിഭാഗത്തിലും ദേശീയ വിഭാഗത്തിലും ആണ് കേരള ടീം പങ്കെടുക്കുന്നത്. പട്ടം നിർമ്മാണ ശില്പശാല, പരമ്പരഗതമായ പട്ടം പറത്തൽ മത്സരം, കൂറ്റൻ പട്ടങ്ങളുടെ പ്രദർശനം, സ്പോർട്സ് കൈറ്റുകളുടെ പ്രദർശന മത്സരം തുടങ്ങി 4 വിഭാഗങ്ങളിലായാണ് കൈറ്റ് ഫെസ്റ്റിവൽ ക്രമീകരിച്ചിരിക്കുന്നത്
കൂറ്റൻ പട്ടങ്ങളുടെ പ്രദർശനത്തിൽ വൺ ഇന്ത്യ കൈറ്റ് ടീമിന്റെ പറക്കും തളിക, താറാവ്, കടുവ, കരടി, വിവിധയിനം മത്സ്യങ്ങളുടെ പട്ടങ്ങൾ തുടങ്ങിയവ പ്രദർശിപ്പിക്കും. യുദ്ധവിമാനങ്ങളുടെ ശബ്ദമുള്ള സ്പോർട്സ് കൈറ്റുകളാണ് ഈ വർഷം പുതുതായി കേരള ടീം അവതരിപ്പിക്കുന്നത്.