KeralaNEWS

മദ്യപിച്ച് കാർ ഓടിച്ചു, ബൈക്ക് യാത്രികരെ ഇടിച്ചിട്ട് നിർത്താതെ പോയി; എഎസ്ഐയെ നാട്ടുകാർ പിടികൂടി 

തൃശൂർ : മദ്യപിച്ച് കാർ ഓടിക്കുകയും ബൈക്ക് യാത്രക്കാരെ ഇടിച്ചിട്ട് നിർത്താതെ പോകുകയും ചെയ്ത  എഎസ്ഐയേയും സംഘത്തേയും നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു . മലപ്പുറം പൊലീസ് ക്യാംപിലെ എഎസ്ഐ പ്രശാന്തിനെയും സുഹൃത്തുക്കളെയുമാണ് നാട്ടുകാർ പിന്തുടർന്ന് പിടികൂടിയത്. ഇന്നലെ രാത്രി തൃശ്ശൂർ കണ്ണാറയിലാണ് സംഭവം.ബൈക്ക് യാത്രക്കാരായ ലിൽജിത്ത് (24), കാവ്യ (22) എന്നിവർക്കാണ് ഇവരുടെ വാഹനം ഇടിച്ച്  പരിക്കേറ്റത്. രണ്ട് പേരുടെയും കാലൊടിഞ്ഞു. മുട്ടിന് ഗുരുതരമായ പരിക്കേറ്റതിനാൽ ലിൽജിത്തിന് ശസ്ത്രക്രിയയും വേണ്ടിവന്നു.
മദ്യപിച്ച് വാഹനമോടിച്ചതിനും അപകടമുണ്ടാക്കിയതിനുമാണ് പ്രശാന്തിനും സംഘത്തിനുമെതിരെ കേസെടുത്തിട്ടുള്ളത്. എൽത്തുരുത്ത് സ്വദേശികളായ ഫ്രാൻസി, ആൻ്റണി, പ്രവീൺ എന്നിവരാണ് പ്രശാന്തിനൊപ്പം കാറിലുണ്ടായിരുന്നത്.
കണ്ണാറയിലെ ഒരു വീട്ടിലെ പിറന്നാൾ ആഘോഷത്തിന് ശേഷം മടങ്ങുകയായിരുന്നു സംഘം. അപകടം നടന്ന ശേഷവും വാഹനം നിർത്താതെ പോയ ഇവരെ  നാട്ടുകാർ പിന്നാലെയെത്തി പിടികൂടുകയായിരുന്നു. പ്രകോപിതരായ നാട്ടുകാരിൽ നിന്ന് പൊലീസെത്തിയാണ് ഇവരെ രക്ഷിച്ചത്. പ്രശാന്താണ് കാർ ഓടിച്ചതെന്ന സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: