കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്‌വരയിൽ ചൈനീസ് സൈന്യം തങ്ങളുടെ ദേശീയ പതാക ഉയർത്തിയതായി റിപ്പോർട്ട്. പുതുവർഷ ദിനത്തിലായിരുന്നു സംഭവം.
കഴിഞ്ഞയാഴ്ച അരുണാചൽ പ്രദേശിലെ 15 സ്ഥലങ്ങളുടെ പേര് ചൈന മാറ്റിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഗൽവാനിൽ ചൈനീസ് പതാക ഉയർത്തിക്കൊണ്ടുള്ള ചൈനീസ് നീക്കം.അതേസമയം ചൈനയുടെ കടന്നുകയറ്റത്തിൽ കേന്ദ്രസർക്കാർ മൗനം പാലിച്ചിരിക്കുകയാണെന്നും രാജ്യത്തിന്റെ പരമാധികാരത്തിൽ പ്രധാനമന്ത്രി വിട്ടുവീഴ്ച ചെയ്യുകയാണെന്നും കോൺഗ്രസ് വക്താവ് ഗൗരവ് വല്ലഭ് ആരോപിച്ചു.
ഗൽവാനിൽ ഇന്ത്യയുടെ ത്രിവർണ പതാകയാണ് കൂടുതൽ ചേരുകയെന്നും പ്രധാനമന്ത്രി മൗനം വെടിയണമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ആവശ്യപ്പെട്ടു.