KeralaNEWS

വേനലിൽ താരമായി പനനൊങ്ക്; ഇളനീരിനും തണ്ണിമത്തനും ആവശ്യക്കാർ ഏറെ

ചൂ
ട് കൂടിയതോടെ വഴിയോരങ്ങളിൽ നൊങ്കിന്റെ വില്പനയും കൂടി.കൃത്രിമത്വങ്ങളൊന്നുമില്ലാതെ പ്രകൃതിദത്ത വിഭവമായതുകൊണ്ട് നൊങ്ക് ജ്യൂസിനും ആവശ്യക്കാരേറെയാണ്.  ചിലയിടങ്ങളിൽ നൊങ്കിന് മാത്രമാണ് ആവശ്യക്കാരെങ്കിൽ മറ്റു ചിലയിടത്ത് നൊങ്കും പഴവർഗങ്ങളും ചേർത്തുള്ള ജ്യൂസിനാണ് പിടിച്ചുപറി. ഫ്രഷ് നൊങ്ക് ജ്യൂസിന് ഗ്ലാസൊന്നിന് അറുപത് രൂപ വരെ വിലയുണ്ട്.

 

വലിയ കടകൾക്കു പുറമേ പാതയോരങ്ങളിൽ ചെറിയ തട്ടുകടകളിലും വില്പന സജീവമാണ്.ചൂടുകാലത്ത് ഔഷധഗുണമുള്ള നൊങ്ക് കഴിക്കുന്നത് ശരീരത്തിനും നല്ലതാണ്.മായങ്ങളൊന്നുംചേരാത്തതിനാൽ നൊങ്കിന് ആവശ്യക്കാരും കൂടുതലാണ്.പാലക്കാട്ടുനിന്നും തമിഴ്നാട്ടിൽ നിന്നും പനനൊങ്ക് എത്തുന്നുണ്ട്.

 

ചൂടുകാലത്ത് നൊങ്കാണ് താരമെങ്കിലും ഇളനീരിന്റെയും തണ്ണിമത്തന്റെയും വില്പനയും തകൃതിയാണ്. നാടൻ കരിക്കും തമിഴ്നാട്ടിൽ നിന്നെത്തുന്ന കരിക്കും വില്പനയ്ക്കുണ്ട്. മുപ്പത്തിയഞ്ച്, നാൽപ്പത് എന്നിങ്ങനെയാണ് കരിക്കിന് വില. കരിക്ക് കുടിക്കുന്നവർക്ക് ഒരു ഗുണവുമുണ്ട്. ദാഹമകറ്റുന്നതോടൊപ്പം കരിക്ക് തിന്ന് ചെറിയ വിശപ്പുമകറ്റാം.വഴിയോരങ്ങളിലെ മരത്തണലുകളിലാണ് കച്ചവടം ഏറെയും എന്നതിനാൽ ചൂടേറ്റ് തളർന്നു വരുന്നവർക്ക് തണലുപറ്റിനിന്ന് കരിക്ക് കുടിക്കാം എന്നതും ഒരു പ്ലസ് പോയിന്റാണ്.

 

സീസണായതോടെ തണ്ണിമത്തന്റെ വില്പനയും കൂടിയിട്ടുണ്ട്. സാഹചര്യങ്ങളനുസരിച്ച് തണ്ണിമത്തന് കിലോയ്ക്ക് വില മാറിക്കൊണ്ടിരിക്കുന്നു. കർണാടകയിൽ നിന്നുമാണ് തണ്ണിമത്തൻ കൂടുതലുമെത്തുന്നത്. കിരൺ എന്ന് പേരുള്ള ചെറിയയിനം തണ്ണിമത്തന് മധുരം കൂടുതലായതിനാൽ വിലയും സാധാരണ തണ്ണിമത്തനേക്കാൾ കൂടുതലാണ്.കൂടുതൽ വെള്ളംകുടി ആവശ്യമായ ഈ സാഹചര്യത്തിൽ മറ്റ് പാനീയങ്ങളെക്കാൾ നല്ലതും ആരോഗ്യകരവും ഈ പ്രകൃതിദത്ത വിഭവങ്ങൾ തന്നെ. ഇവയ്ക്കൊപ്പം മോരും നറുനണ്ടി സർബത്തും വില്പനയ്ക്കുണ്ട്.

 

വാൽക്കഷണം: പന നൊങ്കിന്റെ പൾപ്പ് നേരിട്ടോ അല്ലെങ്കിൽ അൽപം പഞ്ചസാരയും വെള്ളവും ചേർത്ത് മിക്സിയിലിട്ട് അടിച്ച് ജ്യൂസ് ആക്കിയും ഉപയോഗിക്കാം

Back to top button
error: