MovieNEWS

ഫിലോമിനയുടെ ഓര്‍മ്മകള്‍ക്ക് 16 വയസ്സ്‌

ചെറുമകളുടെ വിവാഹത്തിന് ആനയെ വെച്ച് പനിനീര് തെളിക്കാന്‍ തയ്യാറെടുക്കുന്ന ആനപ്പാറയിലെ അച്ചാമ്മ എന്ന ഒരൊറ്റ കഥാപാത്രം മതിയാകും ഫിലോമിന എന്ന അഭിനേത്രിയെ എന്നുമോര്‍ക്കാന്‍. സ്‌നേഹമതിയായ അമ്മയായും മുത്തശ്ശിയായും മാത്രമല്ല അല്പസ്വല്പം വില്ലത്തരവും തമാശയുമൊക്കെ അവര്‍ മിഴിവോടെ പകര്‍ന്നാട്ടം നല്‍കിയ കഥാപാത്രങ്ങള്‍ നിരവധിയാണ്.

ഓളവും തീരവും (1970) തനിയാവര്‍ത്തനം (1987) എന്നീ ചിത്രങ്ങളിലൂടെ മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും ഫിലോമിന നേടിയിരുന്നു. പി.ജെ. ആന്റണിയുടെ നാടകസംഘത്തിലൂടെയായിരുന്നു ഫിലോമിന അഭിനയരംഗത്തേക്ക് കടന്നത്. തന്നിലെ അഭിനേത്രിയെ പാകപ്പെടുത്തിയത് പി.ജെ. ആയിരുന്നുവെന്ന് പില്‍ക്കാലത്ത് അവര്‍ തുറന്നുപറഞ്ഞിട്ടുമുണ്ട്.

1964 ല്‍ ടി.ഇ. വാസുദേവന്‍ നിര്‍മ്മിച്ച് എം. കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത ‘കുട്ടിക്കുപ്പായം ആയിരുന്നു ആദ്യ ചലച്ചിത്രം. പ്രേംനസീറിന്റെ അമ്മയായി മുസ്ലീം കഥാപാത്രമായിരുന്നു ഫിലോമിനയുടേത്. ആദ്യ ചിത്രം തന്നെ വന്‍ വിജയമായിരുന്നു. പിന്നീട് ഒട്ടേറെ അമ്മ വേഷങ്ങള്‍ അവരെ തേടിയെത്തി.

പില്‍ക്കാലത്ത് ഭരതന്റെയും പത്മരാജന്റെയും ചലച്ചിത്രങ്ങളിലൂടെ ഒട്ടേറെ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ അവര്‍ മലയാള സിനിമയുടെ അവിഭാജ്യഘടകമായി മാറിയിരുന്നു. ചാട്ട, വെങ്കലം, ചുരം, ഇന്നലെ, ഞാന്‍ ഗന്ധര്‍വന്‍ തുടങ്ങിയവ ചില ഉദാഹരണങ്ങള്‍ മാത്രം.

ഫിലോമിനയ്ക്ക് ആദ്യമായി ഒരു കോമഡി വേഷം നല്‍കുന്നത് സംവിധായകനായ സത്യന്‍ അന്തിക്കാട് ആയിരുന്നു, മണ്ടന്‍മാര്‍ ലണ്ടനില്‍ എന്ന ചിത്രത്തിലൂടെ. നാരായണി എന്ന കഥാപാത്രം പ്രേക്ഷകര്‍ ഏറ്റെടുത്തതോടെ തമാശയും ഫിലോമിനയുടെ കൈകളില്‍ ഭദ്രമാണെന്ന് തെളിയിച്ചു. പിന്നീട് വന്ന കുടുംബപുരാണം, മാലയോഗം, ഇന്‍ ഹരിഹര്‍ നഗര്‍ എന്നിവ അതില്‍ ചിലത് മാത്രം.

മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്‌നവുമാണ് ഫിലോമിന അഭിനയിച്ച അവസാന ചിത്രം.
എണ്‍പതാമത്തെ വയസ്സില്‍, 2006 ജനുവരി 2-ാം തീയതി ചെന്നെയില്‍ മകന്‍ ജോസഫിന്റെ വസതിയില്‍ വച്ച് ഫിലോമിന നിര്യാതയായി.

Back to top button
error: