രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 16,764 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 220 പേരാണ് മരിച്ചത്. 91,361 പേരാണ് ചികിത്സയിലുള്ളത്. ആകെ രോഗബാധിതരുടെ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് ചികിത്സയിലുള്ളത്; നിലവില്‍ 0.26 ശതമാനം. 98.36 % ആണ് രോഗമുക്തി നിരക്ക്.
7,585 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,42,66,363 ആയി. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (1.34%) ആണ്. കഴിഞ്ഞ 88 ദിവസമായി 2 ശതമാനത്തില്‍ താഴെ. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (0.89%) കഴിഞ്ഞ 47 ദിവസമായി 1 ശതമാനത്തില്‍ താഴെ. ആകെ നടത്തിയത് 67.78 കോടി പരിശോധനകള്‍.
33 ദിവസങ്ങൾക്കുശേഷമാണ് രാജ്യത്ത് പതിനായിരത്തിലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. മരണനിരക്കിലും ക്രമാതീതമായ വർധനയുണ്ട്. പ്രധാന നഗരങ്ങളിൽ മുംബൈ, പുണെ, താനെ, നാസിക്, മുംബൈ സബർബൻ എന്നിവിടങ്ങളിലും ബെംഗളൂരു അർബൻ, ചെന്നൈ, ഗുരുഗ്രാം, അഹമ്മദാബാദ് എന്നിവിടങ്ങളിലും കേസുകൾ കൂടി. രാജ്യത്ത് വൈറസ് വ്യാപനം അപകടകരമാണെന്നതിന്റെ സൂചന നൽകി ‘ആർ വാല്യു’ (റീ പ്രൊഡക്‌ഷൻ നമ്പർ) 1.22 ആയി. ആർ വാല്യു ഒന്നിനു മുകളിലാകുന്നതു വൈറസ് വ്യാപിക്കുന്നതിന്റെ സൂചനയാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 309 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ആർക്കും കാര്യമായ പ്രശ്നങ്ങളില്ല. മഹാരാഷ്ട്ര (450), ഡൽഹി (320), കേരളം (109), ഗുജറാത്ത് (97), രാജസ്ഥാൻ (69), തെലങ്കാന (62), തമിഴ്നാട് (46), കർണാടക (34) എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ. രാജ്യത്തെ 23 സംസ്ഥാനങ്ങളിലായി ഇതുവരെ 1,270 ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതിൽ 374 പേർ രോഗമുക്തരായി.