പത്തനാപുരം: കേരള കോൺഗ്രസ് ബിയെ പിളർത്താൻ ആരും ശ്രമിക്കേണ്ടെന്ന് പാർട്ടി നേതാവ് കെബി ഗണേഷ് കുമാർ എംഎൽഎ. പാർട്ടിക്ക് പുതിയതായി ശാഖയും ഓഫീസും ആരും തുറന്നിട്ടില്ലെന്നും അപ്പക്കഷണം വീതം വെച്ചപ്പോൾ കിട്ടാതെ വന്നവർക്ക് വിട്ട് പോകാമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ആഴ്ച കൊച്ചിയിൽ യോഗം ചേർന്ന ഒരു വിഭാഗം കേരള കോൺഗ്രസ് ബി നേതാക്കൾ പാർട്ടി ചെയർമാനായി ഗണേഷിന്റെ സഹോദരി ഉഷ മോഹൻ ദാസിനെ തിരഞ്ഞെടുത്തിരുന്നു.വിമത വിഭാഗത്തിന്റെ ഈ നടപടിയോടാണ് ഗണേഷിന്റെ പരോക്ഷ സൂചന.
അതേസമയം പാർട്ടിയുടെ വിമതവിഭാഗത്തിന്റെ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ട ഉഷ മോഹൻദാസ് ഇതിനെതിരെ പത്രക്കുറിപ്പ് ഇറക്കിയിട്ടുണ്ട്.ഉഷ മോഹൻദാസിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം:
കേരള രാഷ്ട്രീയത്തിൽ നിർണായക സ്ഥാനമുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ് കേരള കോൺഗ്രസ്. വിഘടിച്ചു നിൽക്കുന്നതുകൊണ്ട് പലപ്പോഴും യഥാർത്ഥ സ്വാധീനം പ്രകടമല്ലെങ്കിൽ പോലും വളരെ ശക്തിയോടെ പ്രവർത്തിക്കാനും ജനമനസ്സുകളിൽ ഇടം പിടിക്കാനുമുള്ള ശേഷി ഉണ്ടെന്ന് കേരള കോൺഗ്രസ് തെളിയിച്ചിട്ടുണ്ട്.
കേരള കോൺഗ്രസ് (ബി) യെ സംബന്ധിച്ചിടത്തോളം നിർണായകമായ ഒരു കാലഘട്ടമാണിത്. പാർട്ടിയുടെ സ്ഥാപക ചെയർമാൻ ശ്രീ ആർ ബാലകൃഷ്ണ പിള്ള കഴിഞ്ഞ മെയ് മാസം മൂന്നാം തീയതി നമ്മളെ വിട്ടു പിരിഞ്ഞ ശേഷം വല്ലാത്ത ഒരു പ്രതിസന്ധി പാർട്ടിയെ ബാധിച്ചിരിക്കുന്നു. സംസ്ഥാന കമ്മിറ്റി ചേർന്ന് പുതിയ ചെയർമാനെ തെരഞ്ഞെടുക്കാനുള്ള നടപടികൾ സ്വീകരിക്കാത്തത് കൊണ്ട് ഏതാണ്ട് ഒരു അനിശ്ചിതാവസ്ഥ ഉണ്ടാവുകയും ആ അനിശ്ചിതാവസ്ഥ മുതലെടുത്ത് സ്വയം ചെയർമാനായി അവരോധിച്ച വ്യക്തി ഏകപക്ഷീയമായി കാര്യങ്ങൾ മുന്നോട്ടു കൊണ്ടു പോകുന്ന സ്ഥിതിവിശേഷം ഉണ്ടാവുകയും ചെയ്തു.പാർട്ടി നേതാക്കളെ പൂർണമായും അവഗണിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന രീതി പ്രവർത്തകരെ ഒക്കെ നിരാശയിലും ആശയക്കുഴപ്പത്തിലും എത്തിക്കുന്ന സാഹചര്യം ഉണ്ടായി.
പാർട്ടിയിൽനിന്ന് മുതിർന്നവരെപ്പോലും ഒരു കാരണവുമില്ലാതെ പുറത്താക്കുകയും അല്ലെങ്കിൽ അപമാനിച്ചു രാജിവയ്പ്പിക്കുകയും ഒക്കെ ചെയ്യുന്ന സന്ദർഭങ്ങൾ നിരവധി തവണ ഉണ്ടായി.
ഈ സാഹചര്യങ്ങളിലാണ് കഴിഞ്ഞ ഇരുപത്തിയൊന്നാം തീയതി പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി എറണാകുളത്തു ചേർന്നു അധ്യക്ഷയായി എന്നെ തെരഞ്ഞെടുത്തത്. വളരെ വലിയ ഒരു ഉത്തരവാദിത്വമാണ് എന്നെഏൽപ്പിച്ചിട്ടുള്ളത്. തീർച്ചയായും പ്രവർത്തിക്കാനുള്ള തീവ്രമായ പരിശ്രമവും അതിനുള്ള അർപ്പണബോധവും എപ്പോഴും ഉണ്ടാകും.
വർഷങ്ങളായി പാർട്ടി അംഗത്വം ഉള്ള ഒരു വ്യക്തിയാണ് ഞാൻ. 2017-ൽ പാർട്ടി ചെയർമാൻ ഒപ്പിട്ട അംഗത്വ കാർഡ് ഞാനിപ്പോഴും വിലയേറിയ ഒരു നിധിയായി സൂക്ഷിച്ചിട്ടുണ്ട്, സജീവ രാഷ്ട്രീയത്തിൽ ഉണ്ടായിരുന്നില്ല എന്നത് യാഥാർത്ഥ്യമാണ്. അതിനുള്ള സാഹചര്യവും പാർട്ടി പ്രവർത്തകർക്ക് അറിയാം.
2011-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ എൻറെ പേര് നിർദ്ദേശിക്കപ്പെട്ടെങ്കിലും ശ്രീ ഗണേഷ് കുമാറിന്റെ പ്രതിഷേധം മൂലം ഒഴിവാകുകയായിരുന്നു. ഞാൻ രംഗത്തുവന്നാൽ തനിക്ക് പിടിച്ചുനിൽക്കാൻ കഴിയില്ല എന്ന ബോധ്യം കൊണ്ടാണ് ഗണേഷ് കുമാർ എതിർത്തത്. അച്ഛനും സഹോദരനും സജീവരാഷ്ട്രീയത്തിൽ നിൽക്കെ ഞാൻ കൂടി വേണ്ട എന്ന് തീരുമാനത്തിലാണ് ഞാനും പിൻവാങ്ങിയത്. ഇന്ന് പാർട്ടി പ്രവർത്തകരുടെ ആകാംക്ഷകളും ഭാവിയെപ്പറ്റിയുള്ള ആശങ്കകളും എല്ലാം കണ്ടപ്പോൾ തീർച്ചയായും രംഗത്തിറങ്ങി എന്റെ അച്ഛൻ നിലകൊണ്ട ആശയങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുകയും അച്ഛനോടൊപ്പം പ്രവർത്തിച്ച ആയിരക്കണക്കിന് പ്രവർത്തകർക്ക് പിന്തുണ നൽകുകയും ചെയ്യണം എന്നതുകൊണ്ടാണ് പാർട്ടി നേതൃത്വം ഏറ്റെടുക്കാൻ ഞാൻ മുന്നോട്ടു വന്നത്.
പാർട്ടിയെ ശക്തിപ്പെടുത്തുക എന്നത് മാത്രമാണ് ഇപ്പോൾ എന്റെ മുന്നിലുള്ള ലക്‌ഷ്യം . ഒരു തരത്തിലുമുള്ള അധികാരമോഹം ഇല്ല എന്ന് ആദ്യമേ തന്നെ വ്യക്തമാക്കട്ടെ. പാർട്ടിക്ക് ലഭിക്കുന്ന സ്ഥാനങ്ങൾ അർഹതയുള്ള പാർട്ടി പ്രവർത്തകർക്ക് തന്നെ ആയിരിക്കും.
പാർട്ടി പിളരാൻ പാടില്ല. എല്ലാവരും ഒന്നിച്ച് പ്രവർത്തിക്കുന്ന ഒരു അന്തരീക്ഷം ഉണ്ടാകണം. തീരുമാനങ്ങൾ ഒരു ജനാധിപത്യ പാർട്ടിക്ക് യോജിച്ച രീതിയിൽ വേണം എടുക്കേണ്ടത്. ഏകപക്ഷീയമായ നടപടികൾ ഉണ്ടാകരുത്. അഴിമതിയും സ്വജനപക്ഷപാതവും ഒരു കാരണവശാലും ഉണ്ടാകാൻ പാടില്ല. മുന്നോട്ടുള്ള യാത്രയിൽ എല്ലാ വിഭാഗം ജനങ്ങളെയും പങ്കാളികളാക്കി കൊണ്ട് അവരുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രവർത്തിക്കാൻ നമുക്ക് സാധിക്കണം. കൂട്ടായ പ്രവർത്തനത്തിലൂടെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ജനോപകാരപ്രദമായ പരിപാടികൾ ജനങ്ങളിലേക്ക് എത്തിക്കാൻ നമുക്ക് ശ്രമിക്കാം.