ആര്‍.ആര്‍.ആറിന്റെ പ്രചരണാര്‍ത്ഥം സംവിധായകന്‍ രാജമൗലിയും നായകന്മാരായ ജൂനിയര്‍ എന്‍.ടി.ആറും രാംചരണും നാളെ കേരളത്തിലെത്തും. ബാംഗ്ലൂരില്‍നിന്ന് ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റിലാണ് ഇവര്‍ തിരുവനന്തപുരത്ത് എത്തുന്നത്. കോവളത്തെ ഒരു സ്വകാര്യ ഹോട്ടലില്‍ തങ്ങുന്ന ഇവര്‍ വൈകുന്നേരം ആറ് മണിക്ക് ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പ്രൊമോഷന്‍ പരിപാടികളില്‍ ആദ്യാവസാനം പങ്കുകൊള്ളും. ആഡിയോ ലോഞ്ചിന് പുറമേ മാധ്യമപ്രവര്‍ത്തകരുമായുള്ള സംവാദവും പരിപാടിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
ഡിസംബര്‍ 26 ന് നിശ്ചയിച്ചിരുന്ന പരിപാടിയായിരുന്നു ഇത്. ചെന്നൈയിലെയും ബാംഗ്ലൂരിലെയും പ്രോഗ്രാമുകളില്‍ മാറ്റം വന്നതോടെ ഇവിടെയും റീഷെഡ്യൂള്‍ ചെയ്യപ്പെടുകയായിരുന്നു. ആദ്യ ചടങ്ങില്‍ നായിക ആലിയാഭട്ടും എത്തുമെന്ന് അറിയിപ്പുണ്ടായിരുന്നു. പക്ഷേ പുതിയ ഷെഡ്യൂള്‍ പ്രകാരം അവര്‍ പങ്കെടുക്കുന്നില്ല.
എച്ച്.ആര്‍. പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ ഷിബു തമീന്‍സാണ് ആര്‍.ആര്‍.ആറിന്റെ മലയാളം പതിപ്പ് കേരളത്തിലെ തീയേറ്ററുകളില്‍ എത്തിക്കുന്നത്. അന്യഭാഷാചിത്രങ്ങള്‍ക്ക് തീയേറ്ററുകള്‍ അനുവദിക്കുന്നതില്‍ ഫിയോക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ കൂടുതല്‍ തീയേറ്ററുകളില്‍ ആര്‍.ആര്‍.ആര്‍ എത്തിക്കാനുള്ള കൊണ്ടുപിടിച്ച ചര്‍ച്ചകളും നടക്കുന്നുണ്ട്. ആര്‍.ആര്‍.ആറിന്റെ മലയാള വിതരണത്തിനുവേണ്ടി കടുത്ത വിലപേശലുകള്‍ നടന്നെങ്കിലും ഷിബു തമീന്‍സിന്റെ എച്ച്.ആര്‍. കമ്പനി അത് ഉയര്‍ന്ന തുകയ്ക്ക് സ്വന്തമാക്കുകയായിരുന്നു.