KeralaNEWS

കുടിവെള്ളത്തിനായി ഇപ്പോഴെ നെട്ടോട്ടം

കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച ഒരു സീസണയായിരുന്നു ഈ വർഷത്തേത്.പക്ഷെ ഡിസംബർ പകുതി കഴിഞ്ഞപ്പോഴേക്കും കേരളത്തിലെ കിണറുകളിലെങ്ങും വെള്ളം ഇല്ലെന്നു മാത്രം.കേരളത്തി ലെ ഭൂഗർഭ ജലനിരപ്പ് അപകടകരമായ നിലയിൽ താഴുന്നതായി കേന്ദ്ര ഭൂജലബോർഡിന്റെ മുന്നറിയിപ്പ് വർഷാവർഷം സംസ്ഥാനത്തെ തേടിയെത്താറുണ്ട്.ജലനിരപ്പ് വൻതോതിൽ കുറയുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ ആന്ധ്രയ്ക്കും തമിഴ്നാടിനും തൊട്ടുപിന്നിൽ മൂന്നാമതായാണ് ഇപ്പോൾ കേരളത്തിന്റെ സ്ഥാനമെന്ന് ഈ അടുത്ത കാലത്തായി നടത്തിയ കേന്ദ്ര സർവേയിലും വ്യക്തമാക്കുന്നുമുണ്ട്.ജലസംഭരണത്തിനൊപ്പം നിയന്ത്രണങ്ങളും കർശനമാക്കി എടുത്തില്ലെങ്കിൽ സ്ഥിതി ഗുരുതരമാകുമെന്ന് അവർ
 മുന്നറിയിപ്പും നൽകിയിരുന്നു
സമൃദ്ധമായ അനേകം നദികളും പുഴകളും ഇതര ജലാശയങ്ങൾ കൊണ്ടുമൊക്കെ സമ്പന്നമാണ്  കേരളത്തിന്റെ ഭൂപ്രകൃതി.നദികൾ ഒന്നും രണ്ടുമല്ല, നാൽപ്പത്തിനാല് എണ്ണം! അതിൽ നാൽപ്പത്തിയൊന്നെണ്ണം പടിഞ്ഞാറേക്കും മൂന്നെണ്ണം കിഴക്കോട്ടും ഒഴുകുന്നു.എന്നിട്ടും വേനൽക്കാലങ്ങളിൽ നമുക്ക് കുടിവെള്ളമില്ല.അപ്പോഴൊക്കെ, മിന്നാമിനുങ്ങിനെ പിടിച്ചു വച്ച് വെളിച്ചം സംഭരിച്ച മർക്കടന്റെ മട്ടിൽ  കുപ്പിയിലാക്കി കുത്തക കമ്പനിക്കാർ കരുതി വച്ച വെള്ളത്തിന്റെ പിന്നാലെ നാം
പോകുന്നു.
ജലസംരക്ഷണ പ്രവർത്തനങ്ങൾ​ ഊർജിതമാക്കിയില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് മഹാദുരന്തമെന്ന മുന്നറിയിപ്പിന് കുറഞ്ഞത് കാൽ നൂറ്റാണ്ടിന്റെയെങ്കിലും പഴക്കമുണ്ടാവും.വരൾച്ചാ സമയത്ത് ടാങ്കർ ലോറികളിൽ വെള്ളമെത്തിച്ചും കുത്തക കമ്പനികളുടെ കുപ്പിവെള്ളം വിലയ്ക്കു വാങ്ങിയും നാം അതിനെ ഇത്രയും കാലമായി പ്രതിരോധിച്ചുകൊണ്ടുമിരിക്കുന്നു! മനുഷ്യസമൂഹം വളർച്ചയുടെ വ്യത്യസ്ത ഘടകങ്ങളിലൂടെ കടന്നുപോകുമ്പോൾ പാരിസ്ഥിതിക പരിവർത്തനം​ സ്വാഭാവികം എന്നു പറയുന്നതിൽ കഴമ്പില്ല.അതൊരുതരം കണ്ണടച്ചുള്ള ഇരുട്ടാക്കലാണ്. ചൈന തന്നെ മികച്ച ഉദാഹരണം. വൻ വികസനം നടത്തുമ്പോഴും അവർ ജലസ്രോതസ്സുകൾ നിലനിർത്തുന്നു, കൂടുതൽ സൃഷ്ടിക്കുന്നു!
    നദികളും തടാകങ്ങളും കുളങ്ങളും തോടുകളും കാവുകളും നെൽപ്പാടങ്ങൾ ഉൾപ്പെടെയുള്ള തണ്ണീർത്തടങ്ങളാലുമൊക്കെ ഒരു കാലത്ത് കേരളം ജലസമ്പന്നതയിൽ ഒന്നാമതായിരുന്നു.മലകളിടിച്ചും മണ്ണുവാരിയും വയലുകൾ നികത്തിയും മരങ്ങൾ വെട്ടിമാറ്റിയും നാം തന്നെ അതിന്റെ കടയ്ക്കൽ കത്തിവച്ചു.നാഡി- ഞരമ്പുകൾപ്പോലെ  അങ്ങോളമിങ്ങോളം കിടന്നിരുന്ന നെൽപ്പാടങ്ങളാണ് കേരളത്തിലെ ഭൂഗർഭജലം ഒരളവിൽ കൂടുതൽ താഴാതെ കാത്തുസൂക്ഷിച്ചു കൊണ്ടിരുന്നത്.ഇന്നു പാടങ്ങളില്ല,കാടില്ല,അതിനാൽതന്നെ മഴയുമില്ല;നദികളിൽ പലതും രേഖകളിൽ മാത്രവും!
  കഴിഞ്ഞ മന്ത്രിസഭാ കാലത്താണ്​ രേഖകളിൽ മാത്രമായിപ്പോയ വരട്ടാർ (തിരുവല്ലയ്ക്ക് അടുത്ത്) മന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ പുനരുജ്ജീവിപ്പിച്ചെടുത്തത്.ജലസംരക്ഷണത്തിലേക്കുളള ശക്തമായ ഒരു ചുവടുവയ്പ്പായിരുന്നു അതെങ്കിലും  ആ മഹനീയ മാതൃക പിന്തുടരാൻ പിന്നീടാരും താൽപ്പര്യം കാണിച്ചിട്ടില്ല. പണ്ട് ജൂണിൽ സ്കൂൾ തുറക്കുമ്പോൾ ആദ്യം ഹാജർവച്ചിരുന്നത് മഴയാണെങ്കിൽ ഇന്ന് കർക്കടകത്തിൽപോലും മഴ ശരിയായി കിട്ടാത്ത അവസ്ഥയാണുള്ളത്.(2018/19 വർഷങ്ങളിലെ പ്രളയത്തെ മറക്കാം)  ശരാശരി 203 സെമി മഴയാണ് പ്രതിവർഷം കേരളത്തിന് ലഭിക്കേണ്ടതെങ്കിൽ ഇപ്പോൾ ഏതാനും വർഷങ്ങളായി അതിൽ 40 ശതമാനത്താളം ഇടിവാണ് സംഭവിച്ചിരിക്കുന്നത്.കാലാവസ്ഥ വ്യതിയാനം മൂലമുള്ള മഴയില്ലായ്മ പ്രതിസന്ധിക്ക് പ്രധാന കാര്യമാണെങ്കിലും നാം തന്നെ വരുത്തിവയ്ക്കുന്ന വിനകളും ജലദൗർലഭ്യ​ത്തിന് ഇടയാകുന്നു.ജലസംരക്ഷണം ജലവിനിയോഗം എന്നിവയിൽ നാം സ്വീകരിക്കുന്ന അലംഭാവവും അശാസ്ത്രീയ സമീപനവും ധാരാളിത്തവുമെല്ലാം ഇതിന്  ഉദാഹരണങ്ങളാണ്.ഒപ്പം ജലസ്രോതസ്സുകളെ   മറന്നുകൊണ്ടുള്ള പ്രകൃതി ചൂഷണവും പാരിസ്ഥിതിക പ്രത്യാഘാത പ്രവർത്തങ്ങളുമെല്ലാം കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാര്യകാരണങ്ങളാണ്.
   ഏതാനും വർഷങ്ങൾകൊണ്ട് കേരളത്തിൽ ഇല്ലാതായത് 6.5 ലക്ഷം ഹെക്ടർ നെൽപ്പാടങ്ങളാണ്. ഏറ്റവും വലിയ ജലസംഭരണകേന്ദ്രങ്ങളാണ് നെൽപ്പാടങ്ങൾ.ഒരു ഹെക്ടർ നിലത്ത് ഒരു വർഷം സംഭരികുന്നത് ഏകദേശം 7.5 ലക്ഷം കിലോലിറ്റർ വെള്ളമാണ്.അതേപോലെ ഒരു ഹെക്ടർ വനം സംഭാവന ചെയ്യുന്നത് 30000 കിലോലിറ്റർ വെള്ളവുമാണ്.നികന്നുപോയതും നികത്തപ്പെട്ടതും മലിനമാക്കപ്പെട്ടതുമായ ജലാശയങ്ങൾ ആയിരക്കണക്കിന് വേറെ! ജനകീയ കൂട്ടായ്മയിലൂടെ ഇവയൊക്കെ പുനരുദ്ധീകരിക്കാവുന്നതേയുള്ളൂ.അതുപോലെ ജലം ഉപയോഗിക്കുന്നതിലെ ധാരാളിത്തത്തിനും  ജലസംരക്ഷണത്തിലെ അലംഭാവത്തിനുമെതിരെ വലിയതോതിലുള്ള ജനകീയ ബോധവൽക്കരണ ക്യാമ്പെയിനും നടത്തേണ്ടിയിരിക്കുന്നു.സംസ്ഥാന സർക്കാരിന്റെ നവകേരള മിഷൻ പദ്ധതിയും അതിന്റെ ഭാഗമായ​ ഹരിതകേരളം പദ്ധതിയ്ക്കുമൊക്കെ ഈ കാര്യത്തിൽ വളരെയേറെ ചെയ്യുവാൻ കഴിയും- അതീവ ജാഗ്രത ആവശ്യപ്പെടുന്ന സ്ഥിതിവിശേഷമാണ് ഇന്ന്
കേരളത്തിന്റെ ജലസമ്പത്തിൽ ഉണ്ടായിട്ടുള്ളതെന്ന്  മനസ്സിലാക്കുമെങ്കിൽ !
ജൂൺ ഒന്നുമുതൽ മേയ് മുപ്പത്തിയൊന്നുവരെയാണ് കേരളത്തിൽ ജലവർഷമായി കണക്കാക്കുന്നത്.അതിൽതന്നെ എഴുപതു ശതമാനം മഴയും ലഭിക്കേണ്ടത് ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലത്താണ്.പക്ഷെ മഴ കേരളത്തിൽ ഈ പതിവ്  തെറ്റിക്കാൻ തുടങ്ങിയിട്ട്  കാലം കുറച്ചായി .പലപ്പോഴും ആവശ്യമായ മഴ ഈ കാലയളവിൽ നമുക്ക് ലഭിക്കാറില്ല.ലഭിക്കുന്ന മഴയുടേതാകട്ടെ വെറും എട്ടു ശതമാനം മാത്രമാണ് സംഭരിക്കപ്പെടുന്നതും.മഴവെള്ളം സംഭരിക്കുന്നതിന് ഇന്ന് പലവിധ മാർഗ്ഗങ്ങളുണ്ട്.പക്ഷെ ഏതു കാര്യത്തിലും എന്നപോലെ ഈ കാര്യത്തിലും ജനപങ്കാളിത്തം കൂടിയേതീരൂ.അങ്ങനെ വന്നാൽ പെയ്യുന്ന മഴയുടെ ഒരു തുള്ളി പോലും കടലിലേക്ക് ഒഴുക്കി വിടാതെ  നമുക്ക് സംരക്ഷിക്കുവാനും സാധിക്കും.മഴവഴി ലഭ്യമാകുന്ന ജലം പെയ്തു വീഴുന്നിടത്തു തന്നെ ശേഖരിക്കുന്നതിനുള്ള നടപടികളാണ് നമുക്ക് വേണ്ടത്.കയ്യാലകളും പുൽവരമ്പുകളും ചെറുതും വലുതുമായ മഴക്കുഴികളും നിർമ്മിച്ച് മഴവെള്ളം ഒഴുകിപ്പോകാതെ മണ്ണിലേക്കിറക്കി വിടാൻ സാധിക്കും.തട്ടുതിരിക്കൽ,ചാലുകൾ,ചകിരിക്കുഴി,തെങ്ങിനു തടം,ആവരണ വിള,പുൽച്ചെടികൾ…തുടങ്ങിയവയിലൂടെയും മഴവെള്ളം മണ്ണിലേക്കിറക്കാൻ കഴിയും.ചരിഞ്ഞ സ്ഥലങ്ങളിൽ തട്ടുകൾ തിരിച്ചും ബണ്ടുകൾ നിർമിച്ചും മഴവെള്ളത്തെ തടഞ്ഞുനിർത്തി മണ്ണിലേക്ക് ഇറക്കാൻ സൗകര്യമൊരുക്കാം.നമ്മുടെ പുരമുകളിൽ വീണ് ഒഴുകിപ്പോകുന്ന മഴവെള്ളം പാത്തികളിലൂടെ ശേഖരിച്ചു മണ്ണിലേക്ക് താഴ്ത്തുകയോ,അല്ലെങ്കിൽ ഒരു ഫിൽറ്റർ വഴി നേരിട്ടു കിണറുകളിലേക്ക് ഇറക്കി ഭൂജലത്തിലെത്തിക്കുകയോ ചെയ്യാവുന്നതേയുള്ളൂ.ശാസ്ത്രീയ ജലപരിപാലനത്തിലൂടെ ഭൂഗർഭ ജലവിതാനം ഉയർത്തി മാത്രമേ ജലലഭ്യത ഉറപ്പുവരുത്താനാകൂ എന്നോർക്കണം.
ജലദൗർലഭ്യത്തിനു പറയാൻ നൂറുനൂറു കാരണങ്ങൾ ഉണ്ടാവാം.ഭൂരിഭാഗവും നമ്മുടെ അശ്രദ്ധകൊണ്ടും ആർത്തികൊണ്ടും അലസതകൊണ്ടും ലാഭക്കൊതികൊണ്ടും ഒക്കെ സംഭവിക്കുന്നവ.അതിനുള്ള പരിഹാരവും നമുക്കറിയാം.പക്ഷെ ആരും ചെറുവിരൽ അനക്കുന്നില്ലെന്നു മാത്രം.ഇനിയും ഇങ്ങനെ അമാന്തിച്ചു
നിൽക്കാനാണ് ഭാവമെങ്കിൽ ചെന്നൈ നഗരത്തിന്റെ അവസ്ഥയാവും നാളെ നമുക്കുമുണ്ടാവുക.
അതിനാൽ ഇനിയും മടിച്ചു നിൽക്കാതെ ജലസംരക്ഷണത്തിനായി എത്രയും പെട്ടെന്ന്  കൈകോർക്കുക -എന്നതുമാത്രമാണ് നമ്മുടെ മുന്നിലുള്ള ഏക പോംവഴി.

 

Back to top button
error: