അബുദാബിയിൽ ചൂടുവെള്ളം വീണ് പൊള്ളലേറ്റ് തിരൂർ സ്വദേശി മരിച്ചു
പവർ സ്റ്റേഷനിലെ വാട്ടർ ഹീറ്ററിലെ തിളച്ച വെള്ളം ദേഹത്ത് വീണാണ് സെയ്തലവിക്കു പൊള്ളലേറ്റത്. ഗുരുതരമായ നിലയിൽ കഴിഞ്ഞഅഞ്ചു ദിവസമായി ആശുപയിലായിരുന്നു. ഞായറാഴ്ചയാണ് മരിച്ചത്
അബുദാബി: ചൂടുവെള്ളം വീണ് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന തിരൂർ സ്വദേശി അബുദാബിയിൽ മരിച്ചു. മലപ്പുറം തിരൂർ കടുങ്ങാത്തുണ്ട് മയ്യരിച്ചിറ കോറാടൻ സെയ്തലവി (48) ആണ് മരിച്ചത്.
അബുദാബിയിലെ പവർ സ്റ്റേഷനിൽ ജോലിക്കാരനായിരുന്നു. സെയ്തലവിക്ക് ഈ 21നാണ് പൊള്ളലേറ്റത്. പവർ സ്റ്റേഷനിലെ വാട്ടർ ഹീറ്ററിലെ തിളച്ച വെള്ളം ദേഹത്ത് വീണതിനെ തുടർന്ന് അഞ്ചു ദിവസമായി ചികിത്സയിലായിരുന്നു. ഇന്നലെ(ഞായർ)യാണ് മരിച്ചത്.
പരേതനായ കോറാടൻ മുഹമ്മദ് കുട്ടിയുടെയും നഫീസയുടെയും മകനാണ്. ഭാര്യ ഷംസിയ മക്കൾ: മുഹമ്മദ് സലീക്ക്, ഫസ്ന, ബനിയാസ്.
ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് ബന്ധുക്കൾ