ഒമിക്രോൺ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കർണാടകയിൽ രാത്രി കർഫ്യു പ്രഖ്യാപിച്ചു. 10 ദിവസത്തേക്കാണ് നിയന്ത്രണമെന്ന് ആരോഗ്യമന്ത്രി കെ. സുധാകർ അറിയിച്ചു. ഡിസംബർ 28 മുതൽ രാത്രി 10 മുതൽ പുലർച്ചെ അഞ്ച് വരെയാണ് നിയന്ത്രണം.
രാത്രി കർഫ്യൂവിനൊപ്പം, പുതുവർഷവുമായി ബന്ധപ്പെട്ട പാർട്ടികൾക്കും ഒത്തുചേരലുകൾക്കും സംസ്ഥാന സർക്കാർ ചില നിയന്ത്രണങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ അധ്യക്ഷതയിൽ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും കോവിഡ് സാങ്കേതിക ഉപദേശക സമിതിയുടെയും ഉന്നതതല യോഗത്തിലാണ് തീരുമാനം.
ഭക്ഷണശാലകൾ, ഹോട്ടലുകൾ, പബ്ബുകൾ, റസ്റ്റോറന്റുകൾ തുടങ്ങിയ സ്ഥലങ്ങളിൽ 50 ശതമാനം ആളുകൾക്ക് മാത്രമേ പ്രവേശനമുണ്ടാകുവെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, ഇന്ത്യയിൽ ഇതുവരെ 422 ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്, കൂടുതൽ കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലും ഡൽഹിയിലുമാണ്