NEWS

രണ്ടു കോടി രൂപ വില വരുന്ന ഹാഷിഷ് ഓയിലുമായി രണ്ട് പേർ പിടിയിൽ

ഒരു കിലോഗ്രാം ഹാഷിഷ് ഓയിലുമായാണ് രാമു, ശ്രാവൺ കുമാർ എന്നിവർ പോലീസ് പിടിയിലായത്. കഞ്ചാവിൽ നിന്നും വാറ്റിയെടുക്കുന്ന മാരക ലഹരിമരുന്നാണ് ഹാഷിഷ് ഓയിൽ. കഞ്ചാവിനേക്കാൾ അഞ്ചിരട്ടിയോളം ലഹരിയെറിയ ഇതിന്റെ ഉപയോഗം മൂലം മരണം പോലും സംഭവിക്കാം

ത്തനാപുരം: രണ്ടു കോടിയോളം രൂപ വില വരുന്ന ഹാഷിഷ് ഓയിലുമായി ആന്ധ്രാ സ്വദേശികളായ രണ്ടു പേർ പോലീസ് പിടിയിൽ.
ആന്ധ്രാ വിശാഖപട്ടണം സ്വദേശികളായ രാമു(24), ശ്രാവൺ കുമാർ(27) എന്നിവരാണ് പോലീസ് പിടിയിലായത്. ഇവരിൽനിന്നും ഒരു കിലോഗ്രാം ഹാഷിഷ് ഓയിൽ കണ്ടെടുത്തു. കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലകളിലെ മൊത്തകച്ചവടക്കാർക്ക് വൻതോതിൽ ലഹരിവസ്തുക്കൾ എത്തിച്ചുകൊടുക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. രാമു വിശാഖ പട്ടണത്തിലെ ലഹരിമാഫിയ സംഘത്തിലെ പ്രധാനിയാണ്.
ഹാഷിഷ് ഓയിൽ പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ് ബാഗിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ആന്ധ്രായിൽ നിന്ന് കായംകുളത്ത് ട്രെയിനിറങ്ങിയ ഇവർ ഓട്ടോറിക്ഷയിലാണ് പത്തനാപുരത്തെത്തിയത്.

കഞ്ചാവിൽ നിന്നും വാറ്റിയെടുക്കുന്ന മാരക ലഹരിമരുന്നാണ് ഹാഷിഷ് ഓയിൽ. ഇതിൽ അടങ്ങിയിരിക്കുന്ന രാസപഥാർത്ഥമായ ‘കന്നാബിനോയിഡ്‌സ്’ മനുഷ്യരിൽ മാരകമായ ലഹരി ഉളവാക്കുകയും സ്വബോധം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. കഞ്ചാവിനേക്കാൾ അഞ്ചിരട്ടിയോളം ലഹരിയെറിയ ഇതിന്റെ തുടർച്ചയായ ഉപയോഗം മൂലം മരണം വരെ സംഭവിക്കാം. ഒരു കിലോ വരെ ഹാഷിഷ് ഓയിൽ കൈവശം വയ്ക്കുന്നത് 10 വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ് .

‘ഓപ്പറേഷൻ കാവൽ’, ‘ഓപ്പറേഷൻ ട്രോജൻ’ തുടങ്ങിയ പദ്ധതികൾ പ്രകാരം ജില്ലയിലുടനീളം നടത്തിവരുന്ന പരിശോധനകളുടെ ഭാഗമായാണ് പ്രതികൾ പിടിയിലായത്.
പുതുവത്സരം പ്രമാണിച്ചു ഇത്തരത്തിലുള്ള വ്യാപകമായ റെയ്ഡ് തുടരുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Back to top button
error: