പത്തനംതിട്ട: തങ്കഅങ്കി പമ്പയിലെത്തുന്ന ഡിസംബര്‍ 25 തീര്‍ത്ഥാടകര്‍ക്ക് മലകയറുന്നതിന് നിയന്ത്രണം. ശനിയാഴ്ച തങ്ക അങ്കി പമ്പയിലെത്തുന്നതിന് മുന്‍പ് ഉച്ചക്ക് പന്ത്രണ്ട് മണിമുതലാണ് തീര്‍ത്ഥാടകര്‍ക്ക് മലകയറുന്നതിന് നിയന്ത്രണം. വൈകുന്നേരം അഞ്ച് മണിക്ക് ശേഷമേ തീര്‍ത്ഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടൂ. തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധനക്ക് ശേഷം തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനുള്ള അവസരം ലഭിക്കും.
ഞായറാഴ്ച രാവിലെ 11.45 കഴിഞ്ഞ് 1.15 നും ഇടക്കാണ് മണ്ഡല പൂജ. മണ്ഡല പൂജാദിവസം രാവിലെ 10.30 ന് നെയ്യഭിഷേകം പൂര്‍ത്തിയാകും. തുടര്‍ന്ന് മണ്ഡല പൂജയോട് അനുബന്ധിച്ചുള്ള ചടങ്ങുകള്‍ ആരംഭിക്കും. തങ്കഅങ്കി ചാര്‍ത്തിയുള്ള പ്രത്യേക ഉച്ചപൂജയാണ് മണ്ഡലപൂജ. മണ്ഡസ പൂജാദിവസം രാത്രി ഏഴ് മണിക്ക് ശേഷം അയ്യപ്പഭക്തരെ നിലക്കലില്‍ നിന്നും പമ്പയിലേക്ക് കടത്തിവിടില്ല. മണ്ഡലപൂജ കഴിഞ്ഞ് രാത്രി പത്ത് മണിക്ക് ഹരിവരാസന കീര്‍ത്തനം ചൊല്ലി നട അടക്കും.