ബ്യൂണസ് ഐറിസ്: അന്തരിച്ച ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ സ്വത്തുവകകള്‍ ലേലത്തില്‍ എടുക്കാന്‍ ആളില്ല. 14.5 ലക്ഷം ഡോളര്‍ (10.95 കോടി രൂപ) വിലമതിക്കുന്ന തൊണ്ണൂറോളം സ്വത്തുവകകളാണ് ലേലത്തില്‍ വെച്ചത്. 1500-ലേറെപ്പേര്‍ പങ്കെടുത്തെങ്കിലും മൂന്നരമണിക്കൂര്‍ നീണ്ട ഓണ്‍ലൈന്‍ ലേലത്തില്‍ 36000 ഡോളറിന്റെ സാധനങ്ങള്‍ മാത്രമാണ് വിറ്റുപോയത്. തുടര്‍ന്ന് 10 ദിവസത്തേക്കുകൂടി ലേലത്തിയതി നീട്ടിയിട്ടുണ്ട്.
ബ്യൂണസ് ഐറിസിലുള്ള വീടും മാര്‍ ദെല്‍ പ്ലാറ്റയിലുള്ള കടല്‍ത്തീര അപ്പാര്‍ട്ട്‌മെന്റും രണ്ട് ബി.എം.ഡബ്ല്യു. കാറുകളുമായിരുന്നു ലേലത്തില്‍ ഉള്‍പ്പെടുത്തിയ ഏറ്റവും വിലകൂടിയ വസ്തുവകകള്‍. എന്നാല്‍, ഇതിനായി ആരും രംഗത്തുവന്നില്ല.
ഒമ്പതുലക്ഷം ഡോളര്‍ വിലവരുന്നതാണ് വീട്, ഫ്ളാറ്റിന് 65000 ഡോളറും. മറഡോണ മാതാപിതാക്കള്‍ക്ക് വാങ്ങിനല്‍കിയതാണ് വീട്. ഏറ്റവും കൂടുതല്‍ തുക ലഭിച്ചത് താരത്തിന്റെ ഒരു പെയിന്റിങ്ങിനാണ്, 2150 ഡോളര്‍. ക്യൂബന്‍ നേതാവ് ഫിഡെല്‍ കാസ്‌ട്രോയ്ക്ക് ഒപ്പമുള്ള ഒരു ചിത്രവും നാപ്പോളിയുടെ ഒരു ടീം ജാക്കറ്റും വില്‍ക്കപ്പെട്ടു.
കഴിഞ്ഞവര്‍ഷം നവംബര്‍ 25-നാണ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മറഡോണ അന്തരിച്ചത്. കടങ്ങള്‍ വീട്ടുന്നതിനും മറ്റും കോടതിയുടെ നിര്‍ദേശപ്രകാരമാണ് ലേലം നടന്നത്.