KeralaNEWS

നൂറുമേനി വിളവുമായി സോഷ്യൽ മീഡിയയിലെ കാർഷിക കൂട്ടായ്മകൾ

ഫ്രീയായി പറന്നെത്തുന്ന വിത്തുകൾ, കൃഷിയിലെ ഏതു ചോദ്യങ്ങൾക്കും ഇൻസ്റ്റന്റ് മറുപടി; ലക്ഷോപലക്ഷം പേരുടെ ഹൃദയം കവർന്ന് സോഷ്യൽ മീഡിയയിലെ കൃഷി ഗ്രൂപ്പുകൾ
 
 ഒന്നും അന്വേഷിച്ചു നടക്കേണ്ട കാര്യമോ കാലതാമസമോ ഇവിടില്ല.ഒരു പോസ്റ്റ് ഇടേണ്ട താമസം മാത്രം.വിത്തുകൾ മുതൽ അതിന്റെ നടീലും പരിപാലനവും ഉൾപ്പെടെയുള്ള സകലമാന കാര്യങ്ങളും സെക്കന്റുകൾക്കുള്ളിൽ നമ്മുടെ മുന്നിൽ തുറന്നുവരും.ചുമ്മാതാണോ കൃഷി സംബന്ധമായ ഗ്രൂപ്പുകൾക്ക് സോഷ്യൽ മീഡിയയിൽ ഇത്ര സ്വീകാര്യത !

സത്യമാണ്. ഓൺലൈൻ അഗ്രികൾച്ചർ ഗ്രൂപ്പുകൾ ഇന്ന് കേരളത്തിന്റെ കൃഷിയിൽ വലിയതോതിൽ മാറ്റമുണ്ടാക്കുന്നുണ്ട്.അടുക്കളത്തോട്ടത്തിലോ ടെറസിലോ നട്ടുവളർത്തിയ ചീരയുടെയോ പാവലിന്റെയോ കോവലിന്റെയോ വെണ്ടയുടെയോ,വേണ്ട പറമ്പിലെ കപ്പയുടെയോ വാഴക്കുലയുടെയോ ഫോട്ടോ ഒന്ന് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു നോക്കൂ.

 സംസ്ഥാനത്തിന്റെ പലഭാഗങ്ങളിൽ നിന്നും അതിന്  ആവശ്യക്കാരുണ്ടാകും.വിളകൾക്കു മാത്രമല്ല, അതിന്റെ വിത്തുകളും കമ്പുകളുമൊക്കെ ആവശ്യപ്പെട്ടുകൊണ്ടു വരെ.വീട്ടിലേക്ക് ആവശ്യമുള്ളത്  എടുത്തശേഷം ബാക്കിയുള്ളത് നിഷ്പ്രയാസം വിൽക്കുവാനും ഇതുവഴി സാധിക്കുന്നു.ഇടനിലക്കാരുടെ ശല്യവുമില്ല.

ടെറസ്സിലെ പച്ചചക്കറിതോട്ടത്തിൽ നിന്ന്  ആഴ്ചയിൽ മാത്രം ഇങ്ങനെ 1000 രൂപയ്ക്കും മുകളിൽ വരുമാനം ഉണ്ടാക്കുന്ന വീട്ടമ്മമാർ ഇന്ന് കേരളത്തിലുണ്ട്.കടകളിൽ നിന്ന് കിട്ടുന്നതിനേക്കാൾ ഗുണനിലവാരമുള്ളവയാകയാൽ(വിഷമടിക്കാത്ത) ഇത്തരം ഉത്പന്നങ്ങൾക്ക് ആവശ്യക്കാരും ഏറെയാണ്.

സോഷ്യൽ മീഡിയയിലൂടെ  ജൈവകർഷകർ പരസ്പരം തിരിച്ചറിഞ്ഞു തുടങ്ങിയതും ശുഭസൂചനയാണ്.അതിന്റെ ഗുണങ്ങൾ കണ്ടുതുടങ്ങിയിട്ടുമുണ്ട്, കഴിഞ്ഞ വർഷം കേരളത്തിലെ മൊത്തം പച്ചക്കറി ഉത്പാദനം പതിനഞ്ചു (14.93) ലക്ഷം ടണ്ണിന്  അടുത്തായിരുന്നു. അതിനു മുമ്പുള്ള വർഷങ്ങളിൽ അത് വെറും ആറുലക്ഷം ടണ്ണിനു താഴെ മാത്രവും! .മലയാളി മടി കളഞ്ഞ് സട കുടഞ്ഞ് എഴുന്നേറ്റതിനു പിന്നിൽ സോഷ്യൽ മീഡിയയിലെ കാർഷിക ഗ്രൂപ്പുകളുടെ പങ്ക് ഒട്ടും ചെറുതല്ല എന്ന് സാരം

സോഷ്യല്‍ മീഡിയയിലെ ബഹുഭൂരിപക്ഷം കാർഷിക ഗ്രൂപ്പുകളും ജൈവ കൃഷിയാണ് പിന്തുടരുന്നതും പ്രോത്സാഹിപ്പിക്കുന്നതും.ഇതും മറ്റൊരു വിജയമാണ്.

ഇതൊന്നും കോവിഡുകാലത്ത് പെട്ടെന്നൊരാവേശത്തിന്റെ പേരിൽ പൊട്ടിമുളച്ചതാണെന്ന് ആരും ഓർക്കരുത്.കോവിഡിനും ലോക്ഡൗണിനുമൊക്കെ വളരെ  മുമ്പുതന്നെ കാർഷികവൃത്തിയോട് ആഭിമുഖ്യമുള്ള ഇത്തരം കൂട്ടായ്മകള്‍ ഫെയ്‌സ്ബുക്ക് വഴിയും വാട്സാപ്പ് വഴിയും തങ്ങളുടെ കൃഷിയേപ്പറ്റിയും ഉത്പ്പന്നങ്ങളെപ്പറ്റിയുമുള്ള വിവരങ്ങൾ അങ്ങോട്ടുമിങ്ങോട്ടുമൊക്കെ പങ്കുവയ്ക്കുകയും ഉത്പ്പന്നങ്ങളുടെയും വിത്തുകളുടെയും   കൊടുക്കൽ വാങ്ങലുകൾ നടത്തുകയും ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍ ഇത് വ്യാപകമായി പടരാൻ ലോക്ഡൗണ്‍ ഒരു കാരണമായെന്നത് ശരി തന്നെയാണ്.
കര്‍ഷകര്‍ മാത്രമല്ല,സൂക്ഷ്്മ -ചെറുകിട വ്യാപാരികളും വാട്സാപ്പ്,ഫേസ്ബുക്ക് തുടങ്ങിയവയെ വിപണന മാധ്യമമായി ഇന്ന് ഉപയോഗിച്ചു വരുന്നുണ്ട്.പക്ഷെ പച്ചക്കറികളുടെയും പഴവര്‍ഗ്ഗങ്ങളുടെയും വിപണനത്തിലാണ് ഇത് ഏറ്റവും വിജയകരമായതെന്ന് മാത്രം.
ഉത്പ്പന്നങ്ങള്‍ കമ്പോളങ്ങളിലേക്ക് കൊണ്ടുവന്ന് ഹോള്‍സെയില്‍-റീട്ടെയില്‍ വിപണി സംവിധാനത്തിലൂടെ വിറ്റഴിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സോഷ്യൽ മീഡിയ-എന്ന ഏറ്റവും ലളിതമായി കൈകാര്യം ചെയ്യാവുന്ന പ്ലാറ്റ്‌ഫോം സാധാരണക്കാര്‍ക്ക് തുണയായത്. ട്രോളുകളും വാര്‍ത്തകളും കെട്ടുകഥകളുമൊക്കെ കൊണ്ട് നിറഞ്ഞിരുന്ന വാട്സാപ്പാകട്ടെ ഒരു വെര്‍ച്വല്‍ വ്യാപാരശ്രംഖലയായി, മിനിട്ടുകള്‍ക്കുള്ളില്‍ അവശ്യവസ്തുക്കളുടെ ഇടപാട് നടത്തുന്ന വിശ്വസ്തസംവിധാനമായി മാറുന്ന ഒരു കാഴ്ചയുമാണ് കാണാൻ സാധിച്ചത്.
കര്‍ഷകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്ന സംവിധാനവും നല്ല വിത്തുകളുടെ കൈമാറ്റവും എല്ലാം സോഷ്യൽ മീഡിയ എന്ന സ്വതന്ത്ര മാധ്യമം ഒരുക്കുന്നു.അല്ലെങ്കിൽ ഒരു വലിയ ചന്ത തന്നെയാണ് ഇത്.ഫീസൊന്നും ഈടാക്കാത്ത ആർക്കും എപ്പോഴും കയറിച്ചെല്ലാമെന്ന രീതിയിൽ തുറന്നിട്ടിരിക്കുന്ന ഒരു വലിയ ചന്ത!
കാർഷിക രംഗത്തെ സംശയങ്ങൾക്കു മാത്രമല്ല, അതിനുവേണ്ട സാമ്പത്തിക ഉപദേശങ്ങളുള്‍പ്പെടെ എന്തിനും ഏതിനും തയ്യാറായി ഇരുപത്തിനാലു മണിക്കൂറും ഗ്രൂപ്പുകളുടെ സേവനവും ഇവിടെ ലഭ്യമാണ്.കര്‍ഷകര്‍ കൃഷി ചെയ്യുന്ന വിളകളുടെ ചിത്രം അയച്ചുകൊടുത്തും വോയ്‌സ് മെസേജിട്ടും രോഗകാരണം മനസിലാക്കി ചികിത്സ തേടുന്ന നിലയിലേക്കും സംവിധാനം ഇന്ന്  മാറിക്കഴിഞ്ഞിരിക്കുന്നു.അതെ സോഷ്യൽ മീഡിയയിലെ കാർഷിക ഗ്രൂപ്പുകൾ ഇപ്പോൾ പൊതു ഇടങ്ങളിലും തരംഗമാവുകയാണ്.

Back to top button
error: