തിരുവനന്തപുരം:കെഎസ്ആർടിസിയുടെ ഗോൾഡൺ റൂട്ട് എന്നറിയപ്പെടുന്ന, 24 മണിക്കൂറും സർവീസ് ഉള്ള തിരുവനന്തപുരം – നാഗർകോവിൽ റൂട്ടിൽ തമിഴ്നാടിൻ്റെ എയർകണ്ടീഷൻ ബസുകളിൽ തിരക്കോടു തിരക്കാണ്.കൊറോണക്ക് ശേഷം അവർ ഇതിൻ്റെ ആവശ്യകത മനസ്സിലാക്കി ബസുകളിൽ എസി ഒക്കെ ഫിറ്റ് ചെയ്താണ് സർവീസ് നടത്തുന്നത്.കെഎസ്ആർടിസി ആ വഴി ചിന്തിക്കാത്തതു പോകട്ടെ, ആവശ്യത്തിന് ബസുപോലും ഇല്ലാത്ത അവസ്ഥയാണ് ഇന്ന് ഈ റൂട്ടിൽ.അത് ഓർഡിനറി ആയാലും ഫാസ്റ്റ് ആയാലും ശരി.
അതേസമയം ഇടവിട്ടിടവിട്ട് സർവീസ് നടത്തി ഈ റൂട്ടിൽ ലാഭം കൊയ്യുകയാണ് തമിഴ്നാടിന്റെ എസി ബസുകൾ.കോവിഡിന് മുൻപ് തിരുവനന്തപുരം– നാഗർകോവിൽ റൂട്ടിൽ ഒാടിയിരുന്ന കേരള ബസുകൾ പലതും ഇനിയും സർവീസ് പുനരാരംഭിക്കാത്തതും ജീവനക്കാരുടെ കുറവിൽ സർവീസ് വെട്ടിക്കുറയ്ക്കുന്നതുമാണ് ഇതിന് പ്രധാന കാരണം.
കലക്ഷൻ കൂട്ടാൻ ഒട്ടേറെ തന്ത്രങ്ങൾ പയറ്റുന്ന കെഎസ്‍ആർടിസി പക്ഷെ തിരക്കേറിയ റൂട്ടിൽ കൂടുതൽ സർവീസുകൾ നടത്താതെ അനുകൂല സാഹചര്യം നഷ്ടപ്പെടുത്തുന്നത് കെടുകാര്യസ്ഥത മൂലമാണെന്നും ആരോപണമുണ്ട്.