മുംബൈ: മാട്രിമോണിയല്‍ വെബ്സൈറ്റുകളിലൂടെ പരിചയപ്പെടുന്ന സ്ത്രീകളെ ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്ത മലയാളി മുംബൈയില്‍ അറസ്റ്റില്‍. മാഹി സ്വദേശി പ്രജിത്താണ് അറസ്റ്റിലായത്. വിവാഹ ബന്ധം വേര്‍പെടുത്തിയവരും ഭര്‍ത്താവ് മരിച്ചവരുമാണ് ഇയാളുടെ പ്രധാന ഇരകള്‍. വിവാഹാലോചനയുടെ പേരില്‍ സ്ത്രീകളുമായി സൗഹാര്‍ദം സ്ഥാപിച്ചതിനുശേഷം ഇവരെയെല്ലാം ലൈംഗികമായി ചൂഷണം ചെയ്യുകയും പലരുടെയും കൈയില്‍നിന്ന് കോടികള്‍ കൈക്കലാക്കിയെന്നുമാണ് പരാതികള്‍.
ഫ്രാന്‍സില്‍ സ്വന്തമായി പഞ്ചനക്ഷത്ര ഹോട്ടല്‍ ഉണ്ടായിരുന്നുവെന്നാണ് ഇയാള്‍ സ്ത്രീകളെ വിശ്വസിപ്പിച്ചത്. ജന്മനാട്ടില്‍ സ്ഥിരതാമസമാക്കാനായി ഹോട്ടല്‍ വിറ്റ് ഇന്ത്യയിലേക്ക് മടങ്ങിയെന്നും ഇയാള്‍ സ്ത്രീകളോട് പറഞ്ഞു. പഞ്ചനക്ഷത്ര ഹോട്ടല്‍ വിറ്റ വകയില്‍ ലഭിച്ച വിദേശ പണത്തിന്റെ മൂല്യം 85,000 കോടിയോളം രൂപ വരുമെന്നാണ് ഇയാള്‍ ബോധ്യപ്പെടുത്തിയത്.
ഈ തുകക്ക് റിസര്‍വ് ബാങ്കിന്റെ ക്ലിയറന്‍സ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഇതിനായാണ് മുംബൈയില്‍ തങ്ങുന്നതെന്നുമാണ് ഇയാള്‍ സ്ത്രീകളെ വിശ്വസിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചെന്നും പരിചയപ്പെട്ട സ്ത്രീകളോട് പറഞ്ഞിരുന്നു. ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ കിട്ടുന്ന വലിയ തുകയുടെ കണക്കുകള്‍ നിരത്തിയാണ് വിവാഹ വാഗ്ദാനത്തോടൊപ്പം ഇയാള്‍ സ്ത്രീകളെ പ്രലോഭിപ്പിച്ചത്. ഇതിനായി വലിയ പണച്ചെലവുണ്ടെന്ന് കാണിച്ചായിരുന്നു പല ഘട്ടങ്ങളിലായി പ്രജിത് പണം തട്ടിയെടുത്തിരുന്നതെന്ന് പോലീസ് പറഞ്ഞു.