കൊച്ചി: എറണാകുളത്ത് ബുധനാഴ്ച ഒമിക്രോണ്‍ സ്ഥിരീകരിച്ച രോഗിയുടെ സമ്പര്‍ക്കപ്പട്ടിക വലുതെന്ന് റിപ്പോര്‍ട്ട്. ഹൈ റിസ്ക് രാജ്യമല്ലാത്തതിനാല്‍ കോംഗോയില്‍ നിന്നെത്തിയ രോഗി ക്വാറന്റീനിലായിരുന്നില്ല. കേന്ദ്ര മാര്‍ഗനിര്‍ദേശമനുസരിച്ചു സ്വയം നിരീക്ഷണമായിരുന്നു അനുവദിച്ചത്. എന്നാല്‍ ഇദ്ദേഹം ഷോപ്പിങ് മാളിലും റസ്റ്ററന്റുകളിലും ഉള്‍പ്പെടെ പോയി.
ഇദ്ദേഹത്തിന്റെ സമ്പര്‍ക്കപ്പട്ടിക തയാറാക്കി വരികയാണ്. റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കും. സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു. എല്ലാ ജില്ലകളും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ചു തീരുമാനമെടുത്തത്.
ഒമിക്രോണ്‍ വ്യാപനത്തെതുടര്‍ന്ന് സംസ്ഥാനത്ത് സ്വയംനിരീക്ഷണ വ്യവസ്ഥകള്‍ കര്‍ശനമാക്കി. പരമാവധി സാംപിളുകളുടെ ജനിതകശ്രേണീകരണം നടത്തും. വാക്സിനേഷന് യജ്ഞവും നടപ്പാക്കും. രോഗികള്‍ കൂടുന്ന സാഹചര്യമുണ്ടായാല്‍ ഐസലേഷന്‍ വാര്‍ഡുകള്‍ ജില്ലകളില്‍ സജ്ജമാക്കിയിട്ടുണ്ട്. ആവശ്യമുള്ളവര്‍ക്കു സ്വകാര്യ ആശുപത്രികളിലും ചികിത്സയില്‍ കഴിയാവുന്നതാണ്. എയര്‍പോര്‍ട്ടിലും സീപോര്‍ട്ടിലും നിരീക്ഷണം ശക്തമാക്കി. ഇവിടെയെല്ലാം ലാബുകള്‍ സജ്ജമാക്കിയിട്ടുണ്ട്.