പൊതുമരാമത്ത് വകുപ്പിന്റെ വിവിധ തലങ്ങളിലെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് നിയമസഭാ മണ്ഡല നിരീക്ഷണ സംഘങ്ങൾ രൂപീകരിക്കും. മണ്ഡലാടിസ്ഥാനത്തിൽ റോഡുകളുടെ പ്രവൃത്തികൾ, കെട്ടിടങ്ങളുടെ അവസ്ഥ, പരിപാലന സ്ഥിതി, റെസ്റ്റ് ഹൗസുകളുടെ സ്ഥിതി തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധിച്ച് അറിയിക്കുകയാണ് നിരീക്ഷണ സംഘത്തിന്റെ ചുമതലയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഓരോ നിയമസഭാ മണ്ഡലത്തിലും ഒരു ഉദ്യോഗസ്ഥനെ ഇതിനായി ചുമതലപ്പെടുത്തും. മൂന്ന് ചീഫ് എൻജിനിയർമാർക്കാണ് ഇതിന്റെ ചുമതല. നിയമസഭാ മണ്ഡലത്തിൽ നിന്ന് നൽകുന്ന റിപ്പോർട്ട് മന്ത്രിയുടെ ഓഫീസിൽ പരിശോധിക്കും. റോഡ് പരിപാലന വിഭാഗത്തിനാണ് ഇതിന്റെ മുഖ്യ ചുമതല. പുതുവർഷത്തിൽ പദ്ധതിക്ക് തുടക്കമാകുമെന്ന് മന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന്റെ മിഷൻ ടീം ഇതിനുള്ള അന്തിമ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്.
ഉദ്യോഗസ്ഥർ നേരിട്ട് പരിശോധിച്ച് ഫോട്ടോയും വീഡിയോയും സഹിതമാണ് റിപ്പോർട്ട് നൽകുക. ഇതിനായി പ്രത്യേക സോഫ്റ്റ്വെയർ വകുപ്പ് തയ്യാറാക്കുന്നുണ്ട്. കേരളത്തിലെ പൊതുമരാമത്ത് വകുപ്പിന്റെ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് അപ്പപ്പോൾ അറിയുന്നതിന് പ്രോജക്ട് മാനേജ്മെന്റ് സിസ്റ്റം തയ്യാറാക്കുമെന്ന് മന്ത്രി പറഞ്ഞു. മഴ കഴിഞ്ഞുള്ള റോഡ് നിർമാണത്തിനായി 213.41 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാനും ഗുണമേൻമ ഉറപ്പു വരുത്താനുമുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് മന്ത്രി അറിയിച്ചു.