KeralaLead NewsNEWS

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം; സര്‍ക്കാരിന് എതിര്‍പ്പില്ല, അനാവശ്യ വിവാദം വേണ്ടെന്ന് മന്ത്രി വി. ശിവന്‍കുട്ടി

തിരുവനന്തപുരം: കേരളത്തിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ഒരേ തരത്തിലുള്ള യൂണിഫോം രീതി നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി.

ലിംഗ വ്യത്യാസമില്ലാത്ത വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സ്‌കൂള്‍ യൂണിഫോം ലിംഗ വ്യതാസമില്ലാതെ ഏകികരിക്കാനുള്ള നിര്‍ദേശം സ്വാഗതം ചെയുന്നു. സമൂഹത്തിലെ മാറ്റങ്ങള്‍ക്കനുസരിച്ച് വിദ്യാഭ്യാസ മേഖലയ്ക്കും മാറ്റം വേണം. ജെന്‍ഡര്‍ ന്യൂട്രാലിറ്റി വിഷയം വിവാദമാക്കേണ്ട വിഷയമല്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം കോഴിക്കോട് ബാലുശ്ശേരി ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം സംവിധാനം നടപ്പിലായതിനെചൊല്ലിയാണ് വിവാദം ഉയരുന്നത്. വസ്ത്രധാരണരീതി ഏകീകരിക്കുന്നതിനെതിരെ വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തിലുള്ള കോ ഓര്‍ഡിനേഷര്‍ കമ്മിറ്റി രംഗത്തെത്തിയിട്ടുണ്ട്. ആണ്‍കുട്ടികളുടെ വസ്ത്രധാരണ രീതി പെണ്‍കുട്ടികളില്‍ അടിച്ചേല്‍പ്പിച്ചിരിക്കുകയാണെന്നാരോപിച്ചാണ് പ്രതിഷേധം.

ഇക്കാര്യം ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ മന്ത്രിക്കും മുഖ്യമന്ത്രിക്കും സംഘടനകള്‍ നിവേദനം നല്‍കുകയും ചെയ്തു. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയം നടപ്പാക്കുന്ന, സംസ്ഥാനത്തെ ആദ്യത്തെ ഹയര്‍സെക്കന്ററി സ്‌കൂളാണ് ബാലുശ്ശേരി ജി.ജി.എച്ച്.എസ്.എസ്. സര്‍ക്കാര്‍ ഉത്തരവില്ലാതെ ഇത്തരം തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനെതിരെ സമരപരിപാടികള്‍ സംഘടിപ്പിക്കാനും കോര്‍ഡിനേഷന്‍ കമ്മറ്റി തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, രക്ഷിതാക്കളുമായും വിദ്യാര്‍ത്ഥികളുമായും ആലോചിച്ചെടുത്ത തീരുമാനമാണിതെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്.

Back to top button
error: